ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ ഡിജിപിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ. തമിഴ്‌നാട്ടിലെ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി ശിക്ഷിച്ചത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 2021ഫെബ്രുവരിയിലാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.
അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കവേയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേഷ് ദാസ് കാറില്‍വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിയമസഭാ തെരഞ്ഞടുപ്പില്‍ ഡിഎംകെ ഇത് പ്രചാരണ ആയുധമാക്കുകയും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ദാസിന് ശിക്ഷ വാങ്ങി നല്‍കുമെന്ന് എംകെ സ്റ്റാലിന്‍ അന്ന് ഉറപ്പു നല്‍കുകയും ചെയ്തു.ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ 'വിഐപി ഡ്യൂട്ടി' കഴിഞ്ഞ് സ്പെഷല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു.
സല്യൂട്ട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്പെഷല്‍ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. കാറിനുള്ളില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായെന്നാണ് വനിത ഉദ്യോഗസ്ഥയുടെ പരാതി.
അടുത്ത സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടി. തൊട്ടുപിറ്റേന്ന് വനിതാ ഓഫിസര്‍ ചെന്നൈയിലെത്തി ഡിജിപി ജെകെ ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കുകയായിരുന്നു.