ചെന്നൈ: തമിഴ്നാട് കടലൂരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പുതുച്ചേരി സ്വദേശി മതിയളകനാണ് കൊല്ലപ്പെട്ടത്. ഭാര്യക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് മതിയളകൻ കൊല്ലപ്പെടുന്നത്. കടലൂർ ജില്ലയിലെ തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷത്തിൽ രണ്ടാമത്തെ കൊലപാതകമാണ് പ്രദേശത്തുണ്ടായത്.
/sathyam/media/post_attachments/N9evDBCgnaaxiq3K54gn.jpg)
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട മതിയളകൻ. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു മതിയളകൻ. ക്ഷേത്രത്തിനു പുറത്തുവന്ന ഇയാളെ, അവിടെ കാത്തുനിന്ന ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ മതിയളകൻ ഓടി. പിന്നാലെ എത്തിയ അക്രമി സംഘം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മതിയളകനെ വെട്ടിക്കൊല്ലുകയായിരുന്നു.
തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മതിയളകന്റെ ഭാര്യ ശാന്തിയും മസ്ലാമണി എന്ന സ്ത്രീയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തിൽ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായി. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്നിക്കിരയാക്കി.
ഇതിനിടെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മസ്ലാമണിയുടെ സഹോദരൻ മതിവൻ കൊല്ലപ്പെട്ടു. ഈ കേസിൽ മതിയളകൻ ഉൾപ്പെടെ പത്തു പേർ അറസ്റ്റിലായിരുന്നു. ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ദിവസമാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us