സെന്തിൽ ബാലാജിയെ പുറത്താക്കി തമിഴ്നാട് ഗവർണർ; നിയമപരമായി നേരിടുമെന്ന് സ്റ്റാലിൻ

New Update

publive-image

ചെന്നൈ:  നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന വി സെന്തിൽ ബാലാജിയെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കി തമിഴ്നാട് ​ ​ഗവർണർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാതെയാണ് ​ഗവർണറുടെ നടപടി.

Advertisment

അഴിമതി കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. അഴിമതി കേസിൽ അറസ്റ്റിലായ ആൾ സ്ഥാനത്തു തുടരുമ്പോൾ നീതിപൂർവമായ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും ​ഗവർണറുടെ ഉത്തരവിൽ പറയുന്നു.

എന്നാൽ ​ഗവർണറുടെ നടപടി നേരിടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. മന്ത്രിയെ പുറത്താക്കാൻ ​ഗവർണർക്ക് അധികാരമില്ലെന്നു സ്റ്റാലിൻ പറഞ്ഞു. വിഷയം നിയമപരമായി നേരിടുമെന്നും സ്റ്റാലിൻ പ്രതികരിച്ചു.

ഇഡി കേസിൽ അറസ്റ്റിലായ ശേഷവും സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു. തമിഴ്നാട് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവിൽ പറയുന്നു. ​ഗവർണറുടെ നിലപാടിനെ തള്ളിയായിരുന്നു സർക്കാർ ഉത്തരവ്.

സെന്തിൽ മന്ത്രിയായി തുടരുന്നതിനെ ​ഗവർണർ എതിർത്തിരുന്നു. സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറുന്നതിനു ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. വകുപ്പില്ലാ മന്ത്രിയായി തുടരാന്‍ സെന്തില്‍ ബാലാജിയെ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ നിരാകരിച്ചിരുന്നു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് തുടരാനാകില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സെന്തില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ സെന്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതായും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ഇത് തള്ളിക്കൊണ്ടാണ് സർക്കാർ അന്നു വുകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലർത്തുകയായിരുന്നു. സെന്തിൽ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് വകുപ്പ് മുത്തുസ്വാമിക്കുമാണ് കൈമാറിയത്.

Advertisment