/sathyam/media/post_attachments/TfZtRvxSFfSqPFRqRT10.jpg)
ചെന്നൈ: അണ്ണാ ഡിഎംകെയിലെ തെരഞ്ഞെടുപ്പു കേസില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്‍റെ നീക്കങ്ങള്‍ നിര്‍ണായകം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍, ട്രഷറര്‍ എന്നിവരുടെ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനി സ്വാമി പക്ഷത്തിന്‍റെ തീരുമാനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു.
ഇതോടെ മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയില്‍ നിന്നും പൂര്‍ണമായും പനീര്‍ശെല്‍വം പക്ഷം പുറത്തായി. ഈ സാഹചര്യത്തില്‍ പനീര്‍ ശെല്‍വത്തിന്‍റെ അടുത്ത നീക്കങ്ങള്‍ നിര്‍ണായകമാകും. എടപ്പാടി പക്ഷത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചതോടെ എന്‍ഡിഎയിലും ഇനി പനീര്‍ശെല്‍വത്തിന് നിലനില്‍പ്പില്ല. മാത്രമല്ല, 18 നു ഡല്‍ഹിയില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലേയ്ക്കും പനീര്‍ശെല്‍വത്തെ വിളിച്ചിട്ടില്ല.
ഇതോടെ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് യുപിഎ പക്ഷത്തേയ്ക്ക് എത്തുക മാത്രമാണ് പനീര്‍ശെല്‍വത്തിനു മുമ്പിലുള്ള പോംവഴി. മുമ്പ് ജയലളിതയുടെ കാലത്ത് അവര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറി നിന്ന സന്ദര്‍ഭങ്ങളിലൊക്കെ പകരം മുഖ്യമന്ത്രി പദവി ഏല്പിച്ച പനീര്‍ശെല്‍വം ജയലളിതയുടെ മരണം വരെ അവരുടെ വിശ്വസ്തനായിരുന്നു. ജയലളിതയുടെ ഫ്രെയിം ചെയ്ത ഫോട്ടോയുമായിട്ടായിരുന്നു ഒപിഎസ് നടന്നിരുന്നത്.
ജയലളിതയുടെ മരണശേഷം തോഴി ശശികല മുഖ്യമന്ത്രി പദവി ഏല്‍പിച്ചതും പനീര്‍ശെല്‍വത്തെ ആയിരുന്നു. പക്ഷേ പിന്നീട് ശശികലയുമായി തെറ്റിയ പനീര്‍ശെല്‍വം എടപ്പാടിയുമായി ചേര്‍ന്ന് അണ്ണാ ഡിഎംകെ പിടിക്കുകയായിരുന്നു. പക്ഷേ അന്നു മുതല്‍ തനിക്ക് ഒരു മുഴം താഴെ ആയിട്ടായിരുന്നു പനീര്‍ശെല്‍വത്തെ എടപ്പാടി പളനി സ്വാമി നിര്‍ത്തിയിരുന്നത്.
ജയലളിതയുടെ പിന്‍ഗാമിയായി തന്നെ വാഴിക്കണമെന്ന പനീര്‍ശെല്‍വത്തിന്‍റെ ആവശ്യം സ്വാമി നിരസിച്ചു. ആ തര്‍ക്കമാണ് ഇപ്പോള്‍ പനീര്‍ശെല്‍വത്തെ എഐഎഡിഎംകെയ്ക്ക് പുറത്തെത്തിച്ചിട്ടുള്ളത്. ഇനി പനീര്‍ശെല്‍വം എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണ്. ജയലളിതയുടെ ആരാധകരില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും പനീര്‍ശെല്‍വത്തോട് സ്നേഹമുണ്ട്.