Advertisment

'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ ? എപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കിയിരുന്ന പത്രമാണ് 'മനോരമ'. 'മനോരമ'യുടെ പതിവു നയം കോണ്‍ഗ്രസ് അനുകൂല നിലപാടു തന്നെയാണ്. ഇവിടെയിപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 'മനോരമ'യ്ക്കു മറിച്ചൊരു നിലപാടില്ലതന്നെ എന്നു പറയുകയാണ് വേണു ചര്‍ച്ചാവിഷയമാക്കിയ 'മനോരമ' റിപ്പോര്‍ട്ട്. വേണു ബാലകൃഷ്ണൻ 'മനോരമ' പത്രം തുറന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് എന്നെ കാണിച്ചു. "നിലപാടു വ്യക്തമാക്കി ഹൈക്കമാന്‍റ്; ഇതാണു മാറ്റം" എന്നു തലക്കെട്ട് ! സൂപ്പർ പ്രൈം ടൈം ചർച്ചയിൽ മാതൃഭൂമിയും മനോരമയും തമ്മിലെന്ത് ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

publive-image

Advertisment

ആഗസ്ത് 30 -ാം തീയതി തിങ്കളാഴ്ച രാത്രി എട്ടു മണി. തികഞ്ഞ ഉന്മേഷത്തോടെയാണ് വേണു സ്റ്റുഡിയോയില്‍ ക്യാമറയ്ക്കു മുന്നിലിരുന്നത്. ലൈറ്റുകളൊക്കെ നേരത്തേ തെളിഞ്ഞിരുന്നു. ചുറ്റും ക്യാമറകള്‍.

മാതൃഭൂമി സ്റ്റുഡിയോ 8 മണിയുടെ "സൂപ്പര്‍ പ്രൈം ടൈം ന്യൂസ് ചര്‍ച്ചയ്ക്ക് " ഒരുങ്ങിക്കഴിഞ്ഞു. വേണു പതിവുപോലെ എട്ടുമണി കിറുകൃത്യമാകാന്‍ ശാന്തനായി കാത്തിരുന്നു. കൃത്യം എട്ട്. ഉമ്മന്‍ ചാണ്ടി തിരിച്ചടിക്കുന്നുവെന്ന് ആവേശത്തോടെ പറഞ്ഞുകൊണ്ട് വേണു തുടങ്ങുകയായി.

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദൃഢമായൊരടിത്തറ പണിയുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയെ കൊച്ചാക്കാന്‍ ആര്‍ക്കു കഴിയും ? ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കാനിറങ്ങിത്തിരിച്ചവര്‍ ആര്‍ ?

അതിനും മാത്രം വലിപ്പമുള്ള കോണ്‍ഗ്രസുകാര്‍ ആര്‍ ? തീ കത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇക്കാലമത്രയും ജീവിച്ച് കേരള രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കു വേണ്ടി 'മാതൃഭൂമി' സ്റ്റിഡിയോയില്‍ വേണു ബാലകൃഷ്ണന്‍ കത്തിക്കയറുകയാണ്.

ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഒരു വെടിക്കെട്ടു നടത്തിത്തന്നെ ആഘോഷിക്കുന്ന വേണുവിനെ കൗതുകത്തോടെ നോക്കി തൊട്ടടുത്തിരിക്കുകയാണ് ഞാന്‍. എന്‍റെ ഊഴവും കാത്ത്.

തലേന്ന് "മനോരമ ന്യൂസി"ല്‍ ഇതേ സമയത്തെ 'കൗണ്ടര്‍ പോയിന്‍റി'ല്‍ ഞാന്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഒരു വാക് പോരുതന്നെ നടത്തിയിരുന്നു. നിഷയായിരുന്നു ആങ്കര്‍. എന്‍റെ വാദങ്ങള്‍ക്കെതിരു പറയാന്‍ 'വീക്ഷണം' മുന്‍ റസിഡന്‍റ് എഡിറ്റര്‍ എന്‍ ശ്രീകുമാറുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുത്തിരുന്നില്ല.

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയായിരുന്നു ഈ നോമിനേഷനുകള്‍ക്കു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എന്നായിരുന്നു ഞാന്‍ ഉന്നയിച്ച വാദം.

ശ്രീകുമാര്‍ പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ചും ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ നിന്നു കോണ്‍ഗ്രസിനെ മോചിപ്പിച്ചു മുന്നോട്ടു പോകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വാതോരാതെ സംസാരിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ തട്ടകങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം ഇല്ലാതാക്കുന്നതിനെതിരെ ഈ പ്രദേശങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങളിലും ഇന്നും കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള പ്രസക്തിയിലും ഊന്നി ഞാന്‍ ഉയര്‍ത്തിയ ശക്തമായ വാദഗതികളുടെ വശത്തു നിന്നാണ് 'മാതൃഭൂമി'യില്‍ വേണുവിന്‍റെ മുന്നേറ്റം.

publive-image

തുറന്നു വെച്ചിരിക്കുന്ന ലാപ്ടോപ്പിന്മേല്‍ "മലയാള മനോരമ" പത്രം മടക്കിവെച്ചിരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. 'മാതൃഭൂമി' സ്റ്റുഡിയോയില്‍ എന്തിനു മനോരമ പത്രം എന്നു ഞാന്‍ തെല്ലു ശങ്കിച്ചു. പെട്ടെന്ന് വേണു ഇടവേളയിലേയ്ക്കു നീങ്ങി.

വേണു മനോരമ പത്രം തുറന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് എന്നെ കാണിച്ചു. "നിലപാടു വ്യക്തമാക്കി ഹൈക്കമാന്‍റ്; ഇതാണു മാറ്റം" എന്നു തലക്കെട്ട്.

താഴെ സബ് ഹെഡിങ്ങ് ഇങ്ങനെ: "ഡിസിസി പുന:സംഘടന ഇതുവരെ ശീലിച്ച രീതികളില്‍ നിന്നുള്ള മാറ്റം : നേതാക്കളും മാറി ചിന്തിക്കണം". "ഇതാണ് മാറ്റം" എന്ന വരി വെണ്ടയ്ക്കയില്‍ത്തന്നെ.

ഡല്‍ഹിയില്‍നിന്ന് മിഥുന്‍ എം. കുര്യാക്കോസിന്‍റെ റിപ്പോര്‍ട്ടിന്‍റെ തുടക്കവും ശ്രദ്ധേയം.

അതിങ്ങനെ : "ഡിസിസി പ്രസിഡന്‍റ് പട്ടികയുടെ പേരില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നില്‍ക്കുന്നതിനിടയിലും സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നിലപാടെടുത്തു.

ഇരുവരും സംസ്ഥാനത്തെ സമുന്നത നേതാക്കളാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു. അവരുമായി കൂടിയാലോചന നടത്തണം. എന്നാല്‍ എല്ലാ തീരുമാനങ്ങളും അവരുടെ സമ്മതത്തോടെയെന്ന രീതി ഇനിയുണ്ടാകില്ലെന്ന് ഹൈക്കമാന്‍റ് വൃത്തങ്ങള്‍ 'മനോരമ'യോടു പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് ഇതുവരെ ശീലിച്ച രീതികളില്‍ നിന്നുള്ള മാറ്റത്തിന്‍റെ തുടക്കമാണ് ഡിസിസി പുന:സംഘടന." വാര്‍ത്തയുടെ തൊട്ടരികില്‍ ഡിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ കൈയിലെ തുറന്ന ഡയറി. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ദിവസങ്ങള്‍ കുറിച്ച ഡയറിയാണ് സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണിക്കുന്നത്. വേണ്ടത്ര ചര്‍ച്ച നടത്തിയിരുന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിക്കുകയായിരുന്നു ലക്ഷ്യം.

publive-image

'മനോരമ' വളരെ തെളിമയോടെയും പ്രാധാന്യത്തോടെയും ഈ ഫോട്ടോ ഒന്നാം പേജില്‍ത്തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് വേണു എന്നെ കാണിച്ചുതരുന്നത്.

എന്താണിതിന്‍റെ മാധ്യമ പ്രാധാന്യം ? വേണുവിന്‍റെ ചോദ്യം ഊഹിക്കാവുന്നതേയുള്ളു. ഞാനും രാവിലെ ഇതു മനസിരുത്തി വായിച്ചതാണ്. 'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ എന്നൊരു തോന്നല്‍ എനിക്കുമുണ്ടായതാണ്.

വേണു വൈകിട്ടത്തെ എട്ടുമണി ചര്‍ച്ചയ്ക്ക് അതു വിഷയമാക്കാന്‍ ഒരുക്കൂട്ടി വന്നിരിക്കുകയാണ്. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന ഞാന്‍ കണ്ട കാഴ്ചയ്ക്കപ്പുറത്തേയ്ക്ക് വേണു കടന്നു വായിച്ചിരിക്കുന്നു. വരികള്‍ക്കിടയിലൂടെ പലതും ചിന്തിച്ചിരിക്കുന്നു. വരികള്‍ക്കപ്പുറത്ത് പലതും കണ്ടിരിക്കുന്നു. "വേണു കൊള്ളാമല്ലൊ" - ഞാന്‍ മനസില്‍ കുറിച്ചു.

ആലോചിക്കാന്‍ സമയം കിട്ടുംമുമ്പേ ഇടവേള കഴിഞ്ഞു. ക്യാമറകള്‍ കണ്ണു തുറന്നു. ഇന്ന് ഒരു പ്രധാന ദിനപ്പത്രത്തില്‍ കോണ്‍ഗ്രസിലെ ഏറ്റുമുട്ടലിനേപ്പറ്റി വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി വേണു ചോദ്യം തുടങ്ങി.

ചോദ്യം എന്നോടു തന്നെ. അതെ ഇന്നത്തെ 'മലയാള മനോരമ'യില്‍ വന്ന വാര്‍ത്ത തന്നെയാണു വിഷയമെന്ന് വേണു തെളിച്ചു പറയുന്നു. 'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ എന്നാണ് വേണുവിന്‍റെ വാക്കുകളുടെ സാരാംശം. ഉമ്മന്‍ ചാണ്ടി ക്ഷീണിച്ചുവെന്നാണോ അര്‍ത്ഥം ? ഉമ്മന്‍ ചാണ്ടിയെ എഴുതിത്തള്ളാറായോ ?

മിക്കപ്പോഴും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തമായ ഉമ്മന്‍ ചാണ്ടി പക്ഷം പിടിച്ചിട്ടുള്ള എനിക്ക് ഉത്തരം എളുപ്പമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ ആര്‍ക്കും എഴുതിത്തള്ളാനാകില്ല -

ഞാന്‍ ശക്തമായിത്തന്നെ പറഞ്ഞു. "ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാനുമാകില്ല. കേരളത്തില്‍ ഇന്നു കാണുന്ന കോണ്‍ഗ്രസിനെ ഈ നിലയിലെത്തിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്കു വലിയ പങ്കുണ്ട്. അദ്ദേഹം കൂടി നിര്‍മിച്ചെടുത്ത കോണ്‍ഗ്രസിന്‍റെ പ്ലാറ്റ് ഫോമില്‍ നിന്നാണ് ഇപ്പോഴത്തെ നേതൃത്വം അധികാരം കളിക്കുന്നത്.

കെ.എസ്.യു കാലം മുതല്‍ കേരളം മുഴുവന്‍ ബസിന്‍റെ കമ്പിയില്‍ തൂങ്ങിക്കിടന്നും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റില്‍ ഉറങ്ങിയും ഏറെ അദ്ധ്വാനിച്ചു തന്നെയാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ വളര്‍ത്തയത്.

കേരളത്തിലെ ഏതു മുക്കിലും മൂലയിലും ചെന്നാലും പ്രവര്‍ത്തകരെ പേരെടുത്തു വിളിക്കാന്‍ ശേഷിയുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടി", വേണുവിനോടൊത്തു നില്‍ക്കുന്ന ആവേശത്തോടെ ഞാനും.

മുമ്പ് "ഇന്ത്യാ ടുഡേ" ലേഖകനായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിന്‍റെ കാര്യം ഞാന്‍ ചൂണ്ടിക്കാട്ടി. എക്കാലത്തും കോണ്‍ഗ്രസില്‍ രണ്ടാമനായിരിക്കാന്‍ വിധിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയേക്കുറിച്ചായിരുന്നു ആ രാഷ്ട്രീയ ലേഖനം. പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും മികച്ചതെന്നു ഞാന്‍ കരുതിവെച്ചിട്ടുള്ള എന്‍റെ ഒരു റിപ്പോര്‍ട്ട്.

എ.കെ ആന്‍റണിക്കു തൊട്ടു താഴെ ദീര്‍ഘകാലം രണ്ടാം സ്ഥാനത്തു കഴിയാന്‍ വിധിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയാണ് അതിലെ കഥാപാത്രം. ആന്‍റണിയെ ഒന്നാം സ്ഥാനത്തെത്തിക്കാനും അവിടെത്തന്നെ ഇരുത്താനും എന്നും അധ്വാനിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആന്‍റണിയെ പുണ്യവാളനാക്കി നിലനിര്‍ത്താന്‍ പാപം ചെയ്യാനും വിധിക്കപ്പെട്ടു ഉമ്മന്‍ ചാണ്ടി എന്നും ഞാന്‍ ചൂണ്ടിക്കാട്ടി.

'മാധ്യമം' ലേഖകന്‍ ജോണ്‍ പി തോമസ് എന്‍റെ വാദത്തോടു യോജിച്ചു. രാഷ്ട്രീയ നിരീക്ഷകനും കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ജി. ഗോപകുമാര്‍ നേതാക്കന്മാര്‍ വയസായാല്‍ രംഗം വിടുകതന്നെ വേണമെന്ന വാദം ശക്തിയോടെ അവതരിപ്പിച്ചു.

അപ്പോഴും എന്‍റെ സംശയം ഉയര്‍ന്നുതന്നെ നിന്നു. 'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ ? എപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കിയിരുന്ന പത്രമാണ് 'മനോരമ'. അഖിലകേരള ബാലജനസഖ്യത്തിന്‍റെ പ്രസിഡന്‍റായാണ് ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയതു തന്നെ.

പക്ഷെ 'മനോരമ'യുടെ പതിവു നയം കോണ്‍ഗ്രസ് അനുകൂല നിലപാടു തന്നെയാണ്. ഇവിടെയിപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 'മനോരമ'യ്ക്കു മറിച്ചൊരു നിലപാടില്ലതന്നെ എന്നു പറയുകയാണ് വേണു ചര്‍ച്ചാവിഷയമാക്കിയ 'മനോരമ' റിപ്പോര്‍ട്ട്. 'മനോരമ' ഹൈക്കമാന്‍റിനോടൊപ്പം തന്നെ.

അതിലൊരു പ്രത്യേകത കൂടിയുണ്ട്. എന്തിന് വേണു 'മനോരമ' പത്രം എന്നു പേരെടുത്തു പറഞ്ഞതുതന്നെ തന്‍റെ വാദഗതി 'സൂപ്പര്‍ പ്രൈം ടൈ'മില്‍ കൊണ്ടുവന്നു ? സാധാരണ മാധ്യമങ്ങള്‍ ഇതു ചെയ്യാറില്ല.

'മനോരമ'യുടെ കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴൊരിക്കലും എന്‍റെ പഴയ 'മാതൃഭൂമി'ക്കാലത്തെക്കുറിച്ച് ഞാന്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ഒരസ്വാസ്ഥ്യം ഉണ്ടാക്കരുതെന്നു കരുതിയാണ് അത്.

'മനോരമ' ഒരു നിലപാടെടുക്കുന്നതു കണ്ട് ഒരു ബദല്‍ കളി കളിക്കുകയായിരുന്നോ വേണു ? പണ്ട് 'മാതൃഭൂമി' ലേഖകനായിരിക്കെ ഈ പരീക്ഷണം ഞാന്‍ നിരന്തരം നടത്തിയിരുന്നു. 'മനോരമ'യ്ക്കു തൊടാന്‍ വയ്യാത്ത ചില വിഷയങ്ങളില്‍ കയറി മേയുകയായിരുന്നു എന്‍റെ പതിവ് പരിപാടി.

കോട്ടയത്ത് 'മാതൃഭൂമി' ബ്യൂറോയിലായിരുന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് എന്‍റെ ഒരു പതിവു വിഷയമായി. 'മനോരമ'യുടെ കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകളേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ എന്‍റെ കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകള്‍ക്കു കഴിഞ്ഞു എന്നാണെന്‍റെ വിശ്വാസം. അന്ന് ജോണി ലൂക്കോസായിരുന്നു മനോരമയുടെ കോട്ടയം ലേഖകന്‍. ഇന്ന് മനോരമ ന്യൂസിന്‍റെ തലപ്പത്ത്.

ഒരിക്കല്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കേരള കോണ്‍ഗ്രസ് നേതൃസമ്മേളനം. 1988 കാലഘട്ടമാണ്. കെ.എം മാണിയും പി.ജെ ജോസഫും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിക്കുന്ന സമയം.

ഡിജോ കാപ്പന്‍, ജോസഫ് എം. പുതുശേരി, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിങ്ങനെ പ്രമുഖ യുവ നേതാക്കളൊക്കെ പി.ജെയ്ക്കൊപ്പമാണ്. അദ്ദേഹത്തിന്‍റെ അനുയായികള്‍ കെ.എം മാണിക്കെതിരെ ഒരു രഹസ്യ രേഖ തയ്യാറാക്കുകയാണ്.

വിവരമറിഞ്ഞ ഞാന്‍ ഡിജോ കാപ്പനെ കണ്ടു സംസാരിച്ചു. വൈകുന്നേരമായപ്പോള്‍ രേഖ അച്ചടിച്ച പ്രസില്‍ നിന്നു പ്രൂഫ് നോക്കാനെടുത്ത ഒരു കോപ്പി എന്‍റെ മേശപ്പുറത്ത്. തലക്കെട്ട്: "സത്യത്തിന് ഒരടിക്കുറുപ്പ്". പിറ്റേന്നു 'മാതൃഭൂമി'യില്‍ മെയിന്‍ സ്റ്റോറി.

ചരല്‍ക്കുന്നില്‍ ഭൂകമ്പം. മാണിയും ജോസഫും തമ്മിലകന്നു. ജോസഫിന്‍റെ ഇടതുപക്ഷത്തേയ്ക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു. 'മനോരമ' ഞെട്ടിക്കാണുമെന്നു ഞാന്‍ വെറുതേ ആശിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍റെ ചെറുപ്പത്തിന്‍റെ തിളപ്പെന്നു കണ്ടാല്‍ മതി.

വേണുവും അതേ തന്ത്രം പഠിച്ചിരിക്കുന്നു. എപ്പോഴും ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 'മനോരമ'യുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍, കേരളം കണ്ട എക്കാലത്തെയും വലിയ പത്രപ്രവര്‍ത്തകന്‍, തോമസ് ജേക്കബ് സാര്‍ എന്തു പറയുമോ ആവോ !

allum mullum
Advertisment