/sathyam/media/post_attachments/vwMA1kTiFNjtpzxOoWdK.jpg)
വികേന്ദ്രീകൃത ധനകാര്യ പ്ലാറ്റ്‌ഫോമായ 'കോമ്പൗണ്ട്' അടുത്തിടെ നടത്തിയ അപ്‌ഡേറ്റില്‍ സംഭവിച്ച പിഴവ് മൂലം ഉപയോക്താക്കള്‍ക്ക് ലഭിച്ചത് 90 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോകറന്‍സി. സാങ്കേതിക തകരാറാണ് കോമ്പൗണ്ടിനെ വെട്ടിലാക്കിയത്. അബദ്ധത്തില്‍ അയച്ച ക്രിപ്‌റ്റോകറന്‍സി തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കോമ്പൗണ്ട് സിഇഒ രംഗത്തെത്തി.
ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ബാങ്കുകളോ മറ്റ് ഇടനിലക്കാരോ ഫണ്ട് കൈകാര്യം ചെയ്യുന്നില്ല. പകരം, കമ്പ്യൂട്ടര്‍ കോഡ് ഉപയോഗിച്ച് പൂര്‍ണമായും നിയന്ത്രിക്കപ്പെടുന്ന ഉപയോക്താക്കള്‍ തമ്മിലുള്ള 'സ്മാര്‍ട്ട് കോണ്‍ട്രാക്ടു'കളെ ആശ്രയിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
വികേന്ദ്രീകൃത ധനകാര്യ പ്ലാറ്റ്‌ഫോമുകളില്‍ സംഭവിക്കുന്ന ഏറ്റവും ഒടുവിലത്തെ പിഴവാണ് കോമ്പൗണ്ടിലേത്. ഓഗസ്റ്റില്‍ ഇത്തരത്തിലുള്ള മറ്റൊരു പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു ഹാക്കര്‍ 60 മില്യണ്‍ ഡോളറിന്റെ ടോക്കണ്‍ എടുത്തതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് അത് ഹാക്കര്‍ തിരികെ നല്‍കിയിരുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ നല്‍കാനും പലിശ നേടാനും ഉപയോക്താക്കളെ അനുവദിക്കുന്ന നിരവധി വികേന്ദ്രീകൃത ധനകാര്യ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് കോമ്പൗണ്ട്.
ബുധനാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. തകരാര്‍ അടങ്ങിയ ഒരു അപ്‌ഡേറ്റാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഇത് മൂലം വളരെയധികം 'കോമ്പ്' (കോമ്പൗണ്ട് നല്‍കുന്ന ടോക്കണ്‍) ചില ഉപയോക്താക്കളിലേക്ക് പോയതായി കോമ്പൗണ്ട് ലാബ്‌സ് സിഇഒ ആയ റോബര്‍ട്ട് ലെഷ്‌നര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം തകരാര്‍ മൂലം 89.3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോ പോയതായും അദ്ദേഹം പറഞ്ഞു. കോമ്പൗണ്ടിന്റെ പ്രോട്ടോക്കോളിന് ദീര്‍ഘകാല അവലോകനം ആവശ്യമാണെന്നും ലഷ്‌നര്‍ ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തെറ്റായ ടോക്കണുകള്‍ ക്ലയിം ചെയ്ത ഉപയോക്താക്കള്‍ അത് തിരികെ നല്‍കിയില്ലെങ്കില്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുമെന്ന് ലഷ്‌നര്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു.