നരകത്തിന്റെ ഫേസ്ബുക്ക് പേജ്... (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നരകത്തിനും
ഒരു ഫേസ്ബുക്ക് പേജുണ്ട്.
കേട്ടിരുന്നില്ല മുമ്പ് ഞാനും
ആകസ്മികമൊരു മാത്രയിൽ
താനേയത് തൊട്ടറിയുംവരെ.
ലൈക്കിനായ് നിരന്ന
പേജുകൾക്കൊപ്പം പൊടുന്നനെ
കുടുക്കിട്ട കയറേന്തി നിൽക്കുന്ന
കാലനെ കണ്ടപോലെ
ഞെട്ടിത്തരിച്ചു ഞാനന്നേരം.
ഭയമെത്ര വിലക്കിയിട്ടും
കൗതുകം വിറച്ചുവിറച്ച്
ആ താൾ തുറന്നു.
അതിശയമെന്തെന്നാൽ
ഇരുളടഞ്ഞ
അകക്കാഴ്ച്ചകൾക്ക് പകരം
ഇതൾവിരിഞ്ഞ പൂക്കളുടെ
ചിത്രങ്ങളാണെന്നെ വരവേറ്റത്.
ആകാംക്ഷയാൽ താഴേക്ക് താഴേക്ക്
കണ്ണിമയ്ക്കാതെ ഞാൻ പരതി.
പാപികളെ നിഷ്കരുണം
വലിച്ചെറിയപ്പെടുമെന്ന് കേട്ടറിവുള്ള
തിളയ്ക്കുന്ന എണ്ണ പേറുന്ന
ആ ഭീമാകാരൻ ചെമ്പോ
മാംസം തുളയ്ക്കുന്ന വിഷപ്പല്ലുകളുള്ള
എണ്ണമറ്റ പാമ്പുകളുടെ കിടങ്ങുകളോ
അവിടെവിടെയും ഞാൻ കണ്ടില്ല.
അതിനുപകരം അരയന്നങ്ങൾ
നീന്തി തുടിക്കുന്ന താമരപൊയ്കയുടെയും
അരിമുല്ലകൾ പൂത്തുനിന്ന
വഴിയോരങ്ങളുടെയും ചിത്രങ്ങളാണ് ഞാൻ കണ്ടത്.
വിസ്മയമോടെ പിന്നീടറിഞ്ഞു
സംഗതി
സ്വർഗ്ഗത്തിലുള്ളവരാരോ
നരകത്തിന്റ പേജ്
ഹാക്ക് ചെയ്തതത്രെ.
സ്വർഗ്ഗത്തിലിടം കിട്ടാൻ
ആയുസ്സുനീളെ മനസ്സടക്കി
ലക്ഷ്യം കൈവരിച്ച ഒരുവന്റെ
അതിരറ്റ പുതുസ്വാന്തന്ത്ര്യം
വെറുതെ നേരംപോക്കിയതാവാം.

Advertisment