അത്
ജല നഗരത്തിൽ നിന്നോടിവന്ന
വണ്ടിയായിരുന്നു.
ഓരോ കോശത്തിലും
ജലമൊളിപ്പിച്ച
ഒരു വലിയ കാക്റ്റസ് ചെടി പോലെ
മണ്ണിൻ്റെ സിരകളിലൂടെ
അത് വളർന്നു വലുതായി .
വിയർപ്പു കൊണ്ട് ഈറ പിടിച്ച
ചെരിപ്പുകൾ ഊരിയിട്ട്
പ്ലാറ്റ്ഫോമുകൾ
ഇത്തിരി വെട്ടത്തിൽ
കണ്ണുതുറന്നു കിടന്നു
ഒന്നമർത്തിയാൽ പൊട്ടുന്ന
ജലപ്പെരുക്കങ്ങൾക്കു മേൽ
അടച്ചു സീലൊട്ടിച്ച
വർത്തമാനങ്ങളുമായി
പുറത്തേക്കു ചാഞ്ഞ
പുക പിടിച്ച കണ്ണുകൾ
മുനിഞ്ഞു കത്തുന്ന അടുപ്പുകളിൽ
ചാണകവറളികളായി
പൊട്ടിത്തെറിച്ചു .
ഉറങ്ങാത്ത പെൺ മൂക്കുകളിലെ
മങ്ങിയ ലോഹവളയങ്ങൾ
ഇരുളിനെതിളക്കിക്കൊണ്ടിരുന്നു .
ഇരുട്ടിൻ്റെ പരപ്പിലേക്ക്
പാളി വീണ് തെറിക്കുമ്പോൾ
ജനലഴികളിൽ ഉപ്പുചുവച്ച്
കാറ്റിന് മുഖം ചുളിഞ്ഞു.
നാക്കു തരിച്ച് നിലത്തിരുന്നു പോയ
ചായക്കോപ്പകളിൽ
ഒരു പാട്ടിൻ്റെ പാട
പൊങ്ങിക്കിടന്നു.
രാത്രി
ഉറക്കം കുടഞ്ഞു കളഞ്ഞ്
നിവർന്നിരുന്നു.
അത്
ജല നഗരത്തിൽ നിന്നോടിപ്പോയ
തീവണ്ടിയായിരുന്നു
ജല നഗരത്തിലെ വണ്ടി (കവിത)
New Update