/sathyam/media/post_attachments/HnbRCx1flfCma2gwKfSA.jpg)
ദ്രുതതാളം തീർക്കുന്ന
നിന്റെ മനസ്സിൽ
ഇനിയേത് ഭേരിയാവണം ഞാൻ
കണ്ണീർ വറ്റിയ നിന്റെ
മനസ്സിന്റെ മരുഭൂമിയിൽ
ഏത് പെരുമഴയാവും
ഇനി പെയ്തിറങ്ങുക
നിന്റെ നിറമിഴികളിൽ
ചാലു കീറിയൊഴുകുന്ന
നിണധാരകൾ
ആരുടെ പാദുകമാവും
ചുംബിച്ചിട്ടുണ്ടാവുക
ഒടിഞ്ഞ ചില്ലയിൽ
കൂടു കൂട്ടുന്നത്
ബുദ്ധിയല്ലെന്നറിയുക
വാക്കുകളുടെ
മുഖംമൂടിയണിഞ്ഞ്
നവനാടകമാടാതിരിക്കുക
പിൻതിരിഞ്ഞുനിന്ന്
അവനവനെത്തന്നെ
കണ്ടെത്തുക
പിന്നിട്ട ദൂരം
ഒരു പാദമാണെന്നോർക്കണം