Advertisment

യാമിനി (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

കന്നിപ്പൂമുത്തിനെ തൊട്ടു തഴുകിടാൻ

തെന്നലിൻ കൈകൾ തുടിച്ചിടുമ്പോൾ

വർണ്ണമേഘങ്ങളാൽ സിന്ദൂരം ചാർത്തിയ

സന്ധ്യാംബരത്തിൻ മുഖം തുടുക്കേ

ചേക്കേറും ചേലൊത്ത പക്ഷിവൃന്ദങ്ങൾ തൻ

കാഹളഘോഷം മുഴങ്ങിടുമ്പോൾ

ഭാവനലോലനാം ചിത്രകാരൻ തീർത്ത

മോഹനചിത്രങ്ങളെത്ര ഹൃദ്യം.

രാക്കുയിൽപ്പാട്ടിൻ ശ്രുതിയുതിർന്നീടവേ

പാതിരപ്പുള്ളുമുറങ്ങീടവേ

പാരിജാതപ്പൂക്കൾ നീളേ വിരിയവേ

രാവിന്നു സൗരഭ്യമേറീടവേ

നക്ഷത്രദ്വീപിലെ രാജകുമാരിയായ്

അശ്വതി നക്ഷത്രം വന്നുദിക്കേ

ചാരത്തു താരങ്ങൾ പുഞ്ചിരിച്ചെത്തവേ

വെൺമതി നർത്തനമാടീടവേ

സുന്ദരിയാമിനി ചന്ദനം ചാർത്തിയ

ചേലൊത്ത കാഴ്ചയിൽ കൺകുളിർക്കേ

കാതരമാനസയായൊരു പാതിരാ

-പ്പൈങ്കിളി പാട്ടൊന്നു മൂളിടുന്നൂ.

Advertisment