/sathyam/media/post_attachments/UDIyjcUcNQ8LFTE07Aet.jpg)
അത്രമേൽ ആരുമില്ലായ്മകളിലാണ്
നീ പുറപ്പെട്ടു പോകുമ്പോൾ അവശേഷിച്ച ശൂന്യത
അനന്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്...
നിൻ്റെ ഓർമകളെ ശവക്കച്ച കൊണ്ട് മൂടി
ഹൃദയത്തിലടക്കം ചെയ്യാൻ തുടങ്ങവെയാണ്
അവ അവിരാമമെന്ന് ഞാൻ തിരിച്ചറിഞ്ഞത്..
ചാറ്റൽ മഴത്തുള്ളികളിൽ
നിൻ്റെ തണുപ്പറിഞ്ഞ് തുടങ്ങവേയാണ്
പേമാരി വന്നെന്നെ പൊതിഞ്ഞത്.
നീ നട്ട ചെമ്പകം പിഴുതു മാറ്റാനൊരുങ്ങവെയാണ്
പൂമഴയാൽ അവളെന്നെ ഉലച്ചത്.
എന്നെ ഞാൻ
തേടിത്തുടങ്ങവെയാണ്
എന്നേ നിന്നിൽ ഞാൻ അടക്കം ചെയ്യപ്പെട്ടതായി
തിരിച്ചറിഞ്ഞത്