മുള്ളുതറയിലെ ആപ്പിണ്ടി വിളക്ക് (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കണ്ണാടിശിലയിൽ... കൃഷ്ണശിലയിൽ,
ആദിപരാശക്തിയായ് വാഴുന്നു;
മലമേക്കരയിലെ ത്രിപുര സുന്ദരി;
മുള്ളുതറയിലെ കരിംകാളി മൂർത്തി!

അവളെൻ മനസിൽ വന്നണയുമ്പോൾ
ഞാനുമൊരു കണ്ണാടിശിലയാകും;
അവൾതൻ തൃക്കൈയിലെ തൃപ്രസാദം
കൊതിക്കുമൊരു കൃഷ്ണശിലയാകും!

കുഭക്കനലുകളിൽ മഞ്ഞിൻപ്പട്ട് ചാർത്തി
അത്തം മിഴി വിടർത്തുമ്പോളവളൊരു
വർണ്ണാഭ പുഷ്പമായ് വിടരും;
സർവ്വാഭരണ ഭൂഷിതയായ് വിളങ്ങും!

മുള്ളുതറയിലെ കളരി മുറ്റത്തു സൂര്യൻ
മഞ്ഞപ്പട്ട് ചാർത്തും പതിനാറാം നാളിൽ
കളരി മുറ്റത്തവൾ, ‘ജീവിത’ യായ് ജനിക്കും;
അവൾക്കായ് ആപ്പിണ്ടി വിളക്കെരിയും!

കുത്തിയോട്ടങ്ങൾക്കിടയിലൂടെ മന്ദമവൾ
മഞ്ചലിൽ നാട് ചുറ്റും, നെല്ലും വാങ്ങും,
ഭക്തരെ നേരിൽപോയി തൃക്കൺ പാർക്കും;
ആഘോഷങ്ങൾക്കൊടുവിലാറാട്ട്
കഴിഞ്ഞെത്തുമ്പോളവളെക്കാത്തൊരു
ആപ്പിണ്ടി വിളക്കായ് ഞാനുമിരിക്കും!

* മുള്ളുതറ ക്ഷേത്രം= അടൂരിലെ മലമേക്കരയിലുള്ള അതിപുരാതനമായ ഒരു കളരി ക്ഷേത്രം.
* ജീവിത= മുള്ളുതറ ദേവിയുടെ പ്രതീകാത്മകമായി തടിയിൽ നിർമ്മിച്ച കണ്ണാടി ബിംബം.
* ആപ്പിണ്ടി വിളക്ക്= വാഴപ്പിണ്ടി വിളക്ക്.

-സതീഷ് കളത്തിൽ

Advertisment