/sathyam/media/post_attachments/Fzcn9wNNLYchJb0LDUpI.jpg)
ജനാലക്കാഴ്ചകളിൽ
വസന്തം വിതറിയ
സൂര്യകാന്തി
ത്തോട്ടങ്ങൾ
കടന്ന്
തീവണ്ടി മുറിയിലിപ്പോൾ
മുഷിഞ്ഞ ചേലയുടെയും
വാടിയ ചെണ്ടുമല്ലിപ്പൂവിൻ്റെയും
പേരറിയാത്ത ഗന്ധം.
കൊരുത്തിടുന്നൂ
നഗരക്കാഴ്ചകൾ
വർണനൂലിനാൽ.
തുടിതാളമുയർത്തുന്നുണ്ടപ്പൊഴും
വക്കില്ലാതകരപ്പാത്രം.
ചീന്തിയ ചേലത്തുമ്പു
കടിച്ചു വലിക്കുന്ന പിഞ്ചോമനയ്ക്കായ്
നെഞ്ചിലൂറ്റിക്കളയാനിത്തിരി
ഉപ്പുനീരിൻ കയ്പു മാത്രം.
കൂകിവിളിയ്ക്കുന്നു
ഇരുമ്പുപാളങ്ങൾ
നേരമില്ലൊട്ടും
ഇനിയുമേറെ താവളങ്ങൾ.
താണും ചുരുണ്ടും
പടികളിൽ
തല ചായ്ച്ചും
നിരങ്ങിയും
തളരാതെ താണ്ടേണ്ടവൾക്കിനി
നേരമില്ലൊട്ടും
പതിതമാം ജീവിതത്തെ
പഴി പറഞ്ഞിരിയ്ക്കാൻ
നേരമില്ലൊട്ടും...
-സീനത്ത് അലി