/sathyam/media/post_attachments/mbatgN6EGVzSnEwvWcTG.jpg)
തൊടുപുഴ: ഇടുക്കിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന് സൂചന. തോട്ടം തൊഴിലാളി മേഖലയില്‍ സ്വാധീനമുള്ള നേതാവ് പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത്. എന്‍സിപിയിലേക്കാണ് നേതാവിന്റെ പോക്കെന്നാണ് സൂചന.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി വലിയ അടുപ്പമുള്ള നേതാവ് അദ്ദേഹവുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ആദ്യമൊക്കെ സൗഹാര്‍ദ്ദവും വ്യക്തിപരമായ കാര്യവുമെന്നായിരുന്നു ഈ ചര്‍ച്ചകളെക്കുറിച്ച് നേതാക്കള്‍ പ്രതികരിച്ചതെങ്കിലും ഇപ്പോള്‍ രാഷ്ട്രീയമാറ്റം തന്നെയാണ് ചര്‍ച്ചയെന്നാണ് പറയുന്നത്.
ജില്ലയിലെ മുതിര്‍ന്ന നേതാവായ ഇദ്ദേഹം വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് ഇടയിലും നേതാവിന് ഇപ്പോഴും കാര്യമായ സ്വാധീനമുണ്ട്. ഇതൊക്കെ വച്ച് ഡിസിസി അധ്യക്ഷനാകാന്‍ ഇദ്ദേഹം ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇദ്ദേഹത്തിന്റെ പേര് പറയാന്‍ ഗ്രൂപ്പ് നേതൃത്വവും തയ്യാറായില്ല. ഇതോടെ വലിയ പിണക്കത്തിലായിരുന്നു ഇദ്ദേഹം. പുതിയ ഡിസിസി അധ്യക്ഷനായി സിപി മാത്യു ചുമതലയേറ്റ ചടങ്ങിനും ഇദ്ദേഹം എത്തിയില്ല.
നേതാവ് പാര്‍ട്ടി വിടുന്ന സൂചനകള്‍ പുറത്തുവന്നതോടെ ഡിസിസി അധ്യക്ഷന്‍ സിപി മാത്യു ഇദ്ദേഹത്തിന്റെ വീട്ടിലെത്തി നേതാവിനെ കണ്ടിരുന്നു. എന്നാല്‍ ഇതിലൊന്നും ഇദ്ദേഹം അനുനയിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.
എന്‍സിപിയില്‍ നിന്നും ജില്ലാ പ്രസിഡന്റ് സ്ഥാനവും മറ്റൊരു പ്രധാനപ്പെട്ട പദവിയും ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.