കോട്ടയം: സംസ്ഥാനത്ത് നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്‌താവനയുടെ ലക്ഷ്യം പലതെന്ന് സൂചന. സഭ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ ചില വിദൂര ലക്ഷ്യത്തോടാണ് ബിഷപ്പിന്‍റെ പ്രതികരണം എന്നാണ് വിലയിരുത്തല്‍. ബിഷപ്പിന്റെ പ്രസ്‌താവന ബിജെപി ഏറ്റെടുത്ത രാഷ്ട്രീയ നീക്കവും ഏറെ പ്രാധാന്യമേറിയതാണ്.
നിലവില്‍ വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ എന്‍ജിഒകള്‍ക്ക് ലഭിക്കുന്നതിന് ചില പരിമിതികളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളാണ് ഇതിനു തടസ്സമായത്. ഇതോടെ ക്രൈസ്‌തവ, മുസ്ലീം സംഘടനകളുടെ വിദേശ പണം വരവ് നിന്നിരുന്നു.
പള്ളികളുടെ നവീകരണവും രൂപതകളുടെ പ്രവര്‍ത്തനത്തിനുമൊക്കെ പല രൂപതകളും ആശ്രയിച്ചിരുന്നത് ഈ പണമാണ്. ഇതു വരുന്നതിന് നിയന്ത്രണമായതോടെ സഭയും സംഘടനകളുമൊക്കെ പ്രതിസന്ധിയിലായിരുന്നു.
ഈയൊരു സാഹചര്യം കൂടി പാലാ ബിഷപ്പിന്റെ പ്രസ്‌താവനയക്ക് പിന്നിലുണ്ടെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ ഏറ്റവും നല്ലത് ഇത്തരമുള്ള ചില പ്രസ്‌താവനകളാണെന്നു സഭാ നേതൃത്വവും തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രത്തിന് കേരളത്തില്‍ കൂടുതല്‍ കരുത്തോടെ ഇടപെടാന്‍ ബിഷപ്പിന്റെ പ്രസ്‌താവനയോടെ കഴിഞ്ഞിട്ടുണ്ട്.
ബിജെപി ഈ വിഷയത്തില്‍ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന നിലപാടും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. ഒപ്പം തന്നെ സഭയുടെ രാഷ്ട്രീയ ലൈന്‍ മാറുന്നതും കാണാം.
നേരത്തെ ബിജെപി അനുകൂല നിലപാടിനെ എക്കാലത്തും എതിര്‍ത്തിരുന്ന കത്തോലിക്കാസഭ അടുത്ത കാലത്ത് ആ നിലപാടില്‍ നിന്നും വ്യതിചലിക്കുന്നതും ശ്രദ്ധേയമാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങളിലും ജാര്‍ഖണ്ടില്‍ കന്യാസ്ത്രീ ജയിലില്‍ കിടക്കുന്ന സംഭവത്തിലും ഉള്‍പ്പെടെ സഭയ്ക്ക് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും പ്രതികരിക്കാതിരുന്നത് ബിജെപിയെ പിണക്കാതിരിക്കാനായിരുന്നു.
ഭൂരിഭാഗം വിശ്വാസികളും ഇതിനെതിരാണെങ്കിലും പുതിയ സാഹചര്യവും ബിഷപ്പിന്റെ പ്രസ്‌താവനയുമൊക്കെ വിശ്വാസികളിലും ചില അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതു മുതലെടുത്ത് സഭാ പിന്തുണ ബിജെപിക്ക് അനുകൂലമാക്കാനുള്ള നീക്കം നടത്തുന്നുവെന്ന ആക്ഷേപവും ഇപ്പോള്‍ ഉയരുന്നുണ്ട്.
ഈ വിഷയത്തിന്റെ തുടക്കം മുതല്‍ ബിജെപി സംസ്ഥാന നേതൃത്വം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും കാണാം.
ആദ്യം ബിഷപ്പിന് അനുകൂലമായ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ കയ്യടക്കിയും പിന്നീട് ബിഷപ്പിനെ നേരില്‍ കണ്ട് സംസാരിച്ചുമൊക്കെ ബിജെപി നേതാക്കള്‍ കളം നിറഞ്ഞു. ഇന്ന് സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസും എ.എന്‍ രാധാകൃഷ്ണനും പാലായിലെത്തി ബിഷപ്പിനെ കണ്ടിരുന്നു. ഇതൊക്കെ ആപത്‌കരമായ നീക്കമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.
അതേസമയം സിപിഎമ്മും കോണ്‍ഗ്രസും തന്ത്രപരമായ സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സഭയെയോ, മുസ്ലീംസംഘടനകളെയോ തൃപ്‌തിപ്പെടുന്ന പരസ്യനിലപാട് ഇനിയും ഇരു സംഘടനകളും സ്വീകരിച്ചിട്ടില്ല.കാത്തിരിക്കാമെന്ന നിലപാടിലാണ് ഇരു പാര്‍ട്ടി നേതൃത്വവും.