Advertisment

ഫാത്തിമ തഹ്ലിയയും സിപിഎമ്മിലേക്കോ ? എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കപ്പെട്ട ഫാത്തിമ തഹ്ലിയ ഇടതു സ്ഥാനാര്‍ത്ഥിയായി നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുമെന്ന് സൂചന ! വിജയിച്ചാല്‍ ഫാത്തിമയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാനും നീക്കം. സിപിഎം നീക്കം മുസ്ലീംലീഗിനെ ലക്ഷ്യമിട്ട് ! പാര്‍ട്ടി നടപടിയെടുത്തത് ഈ രാഷ്ട്രീയ നീക്കം മുന്‍കൂട്ടി കണ്ടെന്ന് മുസ്ലീംലീഗും. മലബാര്‍ രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ സജീവം

New Update

publive-image

Advertisment

കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്നും മുസ്ലീംലീഗ് നീക്കിയ ഫാത്തിമ തഹ്ലിയ നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം. നേരത്തെ കാനത്തില്‍ ജമീല എംഎല്‍എയായതോടെയാണ് നന്മണ്ട ഡിവിഷനില്‍ ഒഴിവുവന്നത്. ഫാത്തിമ തഹ്ലിയയെ ഇവിടെ മത്സരിപ്പിച്ച് വിജയിപ്പിച്ച് ജില്ലാ പഞ്ചായത്ത്് പ്രസിഡന്റാക്കാനും സിപിഎം ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

ഹരിത-എംഎസ്എഫ് വിവാദത്തില്‍ ഹരിതപക്ഷം പിടിച്ച് പത്രസമ്മേളനം നടത്തിയതോടെയാണ് നേരത്തെ തന്നെ മുസ്ലീംലീഗ് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ഫാത്തിമ തഹ്ലിയായെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയത്. മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഫാത്തിയ അന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പക്ഷെ ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കണ്ടത്.

ഹരിതയുടെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തഹ്ലിയ. ഹരിതയുടെ പഴയ കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി വന്നതിന് പിന്നാലെ ഫാത്തിമ തഹ്ലിയക്കെതിരെ നടപടി ഉടനുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാണ് സിപിഎം നീക്കം.

നേരത്തെ ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുവാന്‍ തീരുമാനമെടുത്തപ്പോള്‍ ഫാത്തിമയെ മത്സരിപ്പിച്ചേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ വനിതാ ലീഗ് നേതാവ് നുര്‍ബീന റഷീദിനെ മത്സരിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്. ലീഗിലെ ചില മുതിര്‍ന്ന നേതാക്കളാണ് ഇതിനു പിന്നില്‍ കളിച്ചത്.

ഇതോടെ ലീഗ് നേതൃത്വവുമായി മാനസിക അകലത്തിലായിരുന്നു ഫാത്തിമ. അതിനിടെയാണ് ഹരിത വിവാദം കൊഴുത്തത്. ഫാത്തിമ നടത്തിയ പ്രതികരണം സ്വാഭാവികമായതായി ലീഗ് കണക്കാക്കിയില്ല.

ഉടനടി നടപടിയും വന്നു. ഈ സാഹചര്യം മുതലെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതുവഴി ലീഗിന് രാഷ്ട്രീയ തിരിച്ചടി നല്‍കാമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ഈ നീക്കം തങ്ങള്‍ മനസിലാക്കിയെന്നും അതുകൊണ്ടുതന്നെയാണ് തിടുക്കത്തില്‍ നടപടിയെടുത്തതെന്നുമാണ് ലീഗ് വൃത്തങ്ങള്‍ പറയുന്നത്.

current politics
Advertisment