Advertisment

എ.എ റഹീമിന്റെ തട്ടകം ഇനി ഡല്‍ഹിയോ ? റഹീമിനെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാക്കാന്‍ തീരുമാനം. റഹീം വരുന്നത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പദവിയൊഴിയുന്ന സാഹചര്യത്തില്‍. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ദേശീയ തലത്തിലേക്ക് കൂടുതല്‍ വരണമെന്ന് പാര്‍ട്ടി നിര്‍ദേശവും ! ജയ്ക് സി തോമസും ദേശീയ സെന്ററിലേക്ക്. റഹീമിനെ ഒതുക്കാനുള്ള നീക്കമാണോയിതെന്ന സംശയവും ശക്തം

New Update

publive-image

Advertisment

ഡല്‍ഹി: ഡിവൈഎഫ്‌ഐ ദേശീയ നേതൃത്വത്തില്‍ മാറ്റം വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന.

അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. മന്ത്രിയെന്ന നിലയില്‍ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലാണ് റിയാസ് പദവിയൊഴിയുന്നത്. 2017 മുതല്‍ മുഹമ്മദ് റിയാസാണ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്.

അതിനു മുമ്പ് എംബി രാജേഷായിരുന്നു പ്രസിഡന്റ്. എസ്എഫ്‌ഐ നേതാവായിരുന്ന ജയ്ക് സി തോമസും പ്രവര്‍ത്തനം ഡല്‍ഹി കേന്ദ്രീകരിച്ചേക്കും. ജയ്ക്കിനെ ഡിവൈഎഫ്‌ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹീമും ജെയ്ക്കും ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. റഹീം ദേശീയ അധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.

നേരത്തെ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇത്തവണ റഹീമിന് നിയമസഭയിലേക്ക് സീറ്റു നല്‍കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ പ്രധാനമുഖങ്ങളില്‍ ഒന്നാണ് റഹീം. അതേസമയം റഹീമിനെ സംഘടനാ തലത്തില്‍ ഒതുക്കുന്നതിന്റെ ഭാഗമായാണോ പുതിയ പദവിയെന്ന സംശയവും ഉയരുന്നുണ്ട്.

ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം മാറിയാല്‍ തലസ്ഥാനത്തുനിന്നും റഹീമിന് മാറിനില്‍ക്കേണ്ടി വരും. പ്രാദേശിക വിഷയങ്ങളില്‍ ഇടപെടല്‍ കുറയാനുള്ള സാധ്യതയുമുണ്ട്. ഇത് റഹീമിന്റെ പാര്‍ലമെന്ററി രംഗത്തേക്കുള്ള വരവിന് തടസ്സമായേക്കും.

current politics
Advertisment