Advertisment

സ്വന്തം പഞ്ചായത്തിലെ ഭരണത്തില്‍ നിന്നും പാര്‍ട്ടിയെ താഴെയിറക്കാന്‍ മുന്‍കൈയെടുത്ത നേതാവും ഇക്കുറി കെപിസിസി ഭാരവാഹി പട്ടികയില്‍ ! കോട്ടയം ജില്ലയില്‍ നിന്നുള്ള നിലവിലെ കെപിസിസി ഭാരവാഹിയായ ഈ നേതാവിനെ ഇത്തവണ ശുപാര്‍ശ ചെയ്തത് ജില്ലയിലെ എ ഗ്രൂപ്പ് നേതാവ് ! നേതാവിനെ പ്രമോഷനോടെ ഭാരവാഹിയാക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചെന്ന പരാതി കെപിസിസി നേതൃത്വത്തിന് മുമ്പിലുള്ളപ്പോള്‍. വര്‍ഷങ്ങളായി ഡിസിസി-കെപിസിസി തലത്തില്‍ ഭാരവാഹിയായ നേതാവ് രക്ത ബന്ധുക്കള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുത്തവനെന്ന് പ്രവര്‍ത്തകര്‍. പട്ടികയില്‍ നിന്നും നേതാവിനെ മാറ്റണമെന്ന ആവശ്യം ശക്തം

New Update

publive-image

Advertisment

കോട്ടയം: കെപിസിസി പുനസംഘടനയില്‍ ജില്ലയില്‍ നിന്നുള്ള എ ഗ്രൂപ്പ് പ്രതിനിധിയായി നിലവിലെ കെപിസിസി ഭാരവാഹിയെ വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം. മുമ്പ് എ ഗ്രൂപ്പിലെ ഉന്നതുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഈ നേതാവ് ഇത്തവണ പക്ഷേ കരുക്കള്‍ നീക്കിയത് ജില്ലയിലെ തന്നെ മറ്റൊരു പ്രമുഖ നേതാവിന്റെ പിന്നാലെ നടന്നാണ്. സ്വന്തം പഞ്ചായത്തില്‍ പോലും പാര്‍ട്ടി ഭരണം നഷ്ടപ്പെടുത്തി സിപിഎമ്മിന് സംഭാവന ചെയ്ത നേതാവാണ് കെപിസിസി ജനറല്‍ സെക്രട്ടറിയാകാന്‍ നീക്കം നടത്തുന്നത്.

വര്‍ഷങ്ങളായി ഡിസിസി-കെപിസിസി തലത്തില്‍ ഭാരവാഹിത്വം വഹിക്കുന്നയാളാണ് ഈ നേതാവ്. ഒരിക്കല്‍ ജനപ്രതിനിധിയുമായിരുന്നു. പക്ഷേ സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നയാളെ തോല്‍പ്പിക്കുന്നുവെന്ന പരാതി ഇദ്ദേഹത്തിനെതിരെയുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലടക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോല്‍ക്കാന്‍ ഈ നേതാവ് കാരണമായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് പൂഞ്ഞാര്‍ സീറ്റ് ആഗ്രഹിച്ചിരുന്ന ഇദ്ദേഹം ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സജീവമായിരുന്നില്ല.

ഇദ്ദേഹമടക്കമുള്ള ചില ഗ്രൂപ്പു നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതികള്‍ കെപിസിസി നേതൃത്വത്തിനും കിട്ടിയതാണ്. എന്നാല്‍ ഈ പരാതികല്‍ മറച്ചുവച്ചാണ് ഇപ്പോള്‍ ഇദ്ദേഹത്തെ പുനസംഘടനയില്‍ പ്രമോഷന്‍ നല്‍കാനുള്ള നീക്കം.

മുമ്പ് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തം നാട്ടിലെ പഞ്ചായത്ത് ഭരണം അട്ടിമറിച്ച് ഇടതുപക്ഷത്തിന് നല്‍കിത് ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു. സിപിഎമ്മില്‍ ചേര്‍ന്ന സഹോദരനു വേണ്ടി പലവട്ടം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചുവെന്ന പരാതിയും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞയിടെ യുഡിഎഫിന് ഭരണമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പഞ്ചായത്തില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.

എ ഗ്രൂപ്പിലെ ഒരംഗം അന്നു മുങ്ങിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ഇതിനു പിന്നിലും ഈ നേതാവിന്റെ കരങ്ങളാണെന്നാണ് ആക്ഷേപം. കോട്ടയം ജില്ലയില്‍ പോലും മൂന്നംഗങ്ങള്‍ തികച്ചില്ലാത്ത ആര്‍എസ്പിക്ക് ഇദ്ദേഹത്തിന്റെ പഞ്ചായത്തില്‍ ഒരു സീറ്റ് നല്‍കി കോണ്‍ഗ്രസുകാരന് സീറ്റു നല്‍കാതിരിക്കാനും ഈ നേതാവ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജാഗ്രത കാട്ടിയിരുന്നു.

ഇതിലൊക്കെയായി ഇദ്ദേഹത്തിനെതിരെ കടുത്ത എതിര്‍പ്പാണ് പാര്‍ട്ടിയിലുയരുന്നത്. ഇത്രയധികം പരാതികള്‍ നിലനില്‍ക്കെ പ്രമോഷനോടെ ഇദ്ദേഹത്തെ കെപിസിസി ഭാരവാഹിയാക്കിയാല്‍ പാര്‍ട്ടിക്കൊപ്പമുണ്ടാവില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എഐസിസിക്കും ഇതു സംബന്ധിച്ച പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

current politics
Advertisment