/sathyam/media/post_attachments/OBKoifieN727sD1j8gMK.jpg)
കോട്ടയം: കെപിസിസി പുനസംഘടനയിലെ പേരുകൾ ഒന്നൊന്നായി മാധ്യമങ്ങളിൽ പുറത്തു വന്നതോടെ കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം. എക്കാലത്തും പാർട്ടിക്കൊപ്പം നിന്ന ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൻ്റെ പ്രാതിനിധ്യം പാടേ കുറയ്ക്കുന്നുവെന്നാണ് ഈ സമുദായത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്നത്.
ഡിസിസി പുനസംഘടനയില്‍ ക്രൈസ്തവ ഇതര വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെ വച്ചതിൽ സഭയ്ക്കു കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് കെപിസിസി പുനസംഘടനയിലും ക്രൈസ്തവ വിഭാഗത്തിന് ജില്ലയില്‍ അവഗണന നേരിടേണ്ടി വരുന്നത്.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ദീപികയിലെഴുതിയ ലേഖനത്തിൽ ചില സമുദായങ്ങൾക്ക് കീഴ്‌പ്പെടുന്ന കോൺഗ്രസിൻ്റെ സമീപനത്തിൽ കടുത്ത വിമർശനം ഉയർത്തിയിരുന്നു.
കഴിഞ്ഞയിടെ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് നർക്കോട്ടിക് ജിഹാദ് വിവാദം ഉയർത്തിയപ്പോഴും ലക്ഷ്യമിട്ടത് ഒരു സമുദായത്തെ മാത്രമായിരുന്നു. ഇതിനെല്ലാം ഇടയിലാണ് കെപിസിസി പുനസംഘടന വരുന്നത്.
കോട്ടയത്തു നിന്നും ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് ഉറപ്പിച്ചിരുന്ന പലരും ചിത്രത്തില്‍ പോലുമില്ലെന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ലിസ്റ്റില്‍ കടന്നു കൂടിയ പേരുകളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുകള്‍ ശക്തമാണ്. ക്രൈസ്തവ സമുദായത്തിൻ്റെ പ്രാതിനിധ്യം കുറച്ച് ജില്ലയില്‍ പ്രാതിനിധ്യം കുറവുള്ള ഇതര വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തുന്നത് വലിയ ദോഷം ചെയ്യുമെന്നാണ് പ്രവർത്തകരുടെ മുന്നറിയിപ്പ്.
ഡിസിസി പ്രസിഡൻറും കെപിസിസി ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിനെ എക്കാലത്തും പിന്തുണച്ച ക്രൈസ്തവ വിഭാഗത്തെ മാറ്റിയാൽ അത് കേരളാ കോൺഗ്രസിനേ ഗുണം ചെയ്യുകയുള്ളുവെന്നും നിരീക്ഷകര്‍ പറയുന്നു.
ജില്ലയിൽ അടിത്തറ ദുർബലപ്പെടുന്ന കോൺഗ്രസിന് പുതിയ നീക്കം വലിയ തിരിച്ചടിയാകും. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ഇതു ഗുണവും ചെയ്യും.
നിലവിൽ ഡിസിസി അധ്യക്ഷനെ തന്നെ ഇതര വിഭാഗത്തിൽ നിന്നും നിയമിച്ചതിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. അതിനിടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു കൂടി ക്രൈസ്തവ വിഭാഗത്തെ ഒഴിവാക്കിയാൽ പ്രവർത്തകർ ഉൾക്കൊള്ളുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.