Advertisment

കെപിസിസി പട്ടിക വരും മുമ്പേ പാര്‍ട്ടിയില്‍ കലഹം ! സംസ്ഥാനത്തെ നേതൃമാറ്റം പ്രവര്‍ത്തകരിലുണ്ടാക്കിയ എല്ലാ ആവേശവും കെടുത്തുന്നതാണോ പുതിയ ഭാരവാഹി പട്ടിക ! കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനകള്‍ക്കിടെ പുറത്തുവരുന്ന പേരുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ആക്ഷേപം. തെരഞ്ഞെടുപ്പ് കാലത്ത് നേതൃത്വത്തോട് കലഹിച്ച് ഭീഷണിയും പാരവയ്പ്പും പരസ്യവിമര്‍ശനവും നടത്തുന്ന നേതാവ് മുതല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ടവരും ഭാരവാഹികളാകും ! പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പുകളി മാത്രം നടത്തുന്നവരും സമുദായ നേതാക്കളുടെ കത്ത് വാങ്ങി വന്നവരും പട്ടികയില്‍. നന്നാകാനുദ്ദേശമില്ലേ കോണ്‍ഗ്രസിന് ?

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി ഭാരവാഹിപട്ടിക പുറത്തുവരുന്നതോടെ കോണ്‍ഗ്രസില്‍ വീണ്ടും കലഹം തുടങ്ങുമെന്ന് സൂചന. സംസ്ഥാനത്തെ നേതൃമാറ്റം നല്‍കിയ എല്ലാ മൈലേജും നഷ്ടപ്പെടുത്തുന്ന പട്ടികയാണ് പുറത്തുവരുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇപ്പോള്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന പലരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നെ താല്‍പര്യമില്ലാത്തവരാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ തലമുറമാറ്റം പല പ്രവര്‍ത്തകരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ തലമുറ മാറിയില്ലങ്കിലും തലമാറ്റം ഭംഗിയായി നടന്നു. പ്രതിപക്ഷ നേതാവായി വിഡി സതീശനെയും കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും ഹൈക്കമാന്‍ഡ് നിയോഗിച്ചു.

ഇതു വലിയ പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലായി. കോണ്‍ഗ്രസില്‍ അച്ചടക്കത്തിന്റെ നാളുകള്‍ വരുന്നു എന്ന തോന്നലും ഉണ്ടായി.

ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചപ്പോള്‍ ചെറിയ പൊട്ടിത്തെറി ഉണ്ടായെങ്കിലും അതെല്ലാം നേതൃത്വം ഭംഗിയായി കൈകാര്യം ചെയ്തു. പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്ന ഉണര്‍വ് പ്രവര്‍ത്തകര്‍ക്കും ഉണ്ടായി. ഡിസിസി നേതൃയോഗങ്ങള്‍ പാര്‍ട്ടിയൊരു സെമി കേഡര്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന സൂചനകളും തന്നു.

താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തമാക്കുന്ന സിയുസികളും ( കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി) രൂപീകരിച്ചതോടെ പാര്‍ട്ടി പതുക്കെ സജ്ജമാകുകയായിരുന്നു. എന്നാല്‍ ഇതിനിടെയാണ് കെപിസിസി ഭാരവാഹിപട്ടിക വരാനൊരുങ്ങുന്നത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട പല നേതാക്കളുടെയും പേരുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നു കഴിഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും നേതൃത്വത്തോട് പിണങ്ങി ഭീഷണിയും പാരവയ്പ്പും പരസ്യവിമര്‍ശനവും നടത്തുന്ന നേതാവ് മുതല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ടവരും ഭാരവാഹികളാണ്. മറ്റുചിലരാകട്ടെ പാര്‍ട്ടിയിലെ ഗ്രൂപ്പുമാത്രം വളര്‍ത്തുകയും പാര്‍ട്ടിയെ തളര്‍ത്തുകയും ചെയ്ത നേതാക്കളാണ്.

സാമുദായിക നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്വന്തം ബയോഡേറ്റയ്ക്ക് ഒപ്പം നല്‍കിയ രണ്ടു നേതാക്കള്‍, ഒരിക്കലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാത്ത നേതാക്കള്‍ തുടങ്ങി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവരാണ് പരിഗണിക്കപ്പെട്ട നേതാക്കളില്‍ പലരും. യുവാക്കളെ പാടെ ഒഴിവാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് പട്ടിക തയ്യാറാക്കിയതെന്നുവേണമെങ്കിലും പറയാം.

പാര്‍ട്ടി മെച്ചപ്പെട്ടു വരുമ്പോള്‍ നേതൃത്വം തന്നെ സ്വീകരിക്കുന്ന ഇത്തരം തീരുമാനങ്ങളാണ് എന്നും കോണ്‍ഗ്രസിനെ പ്രവര്‍ത്തകരില്‍ നിന്നും അകറ്റിയിട്ടുണ്ട്. ഇനിയും അതുതന്നെ തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നു തന്നെയാണ് പ്രവര്‍ത്തകരുടെ പക്ഷം.

current politics
Advertisment