തേനി ജില്ലയിലെ 200 ഏക്കര്‍ തെങ്ങിന്‍തോപ്പിന്‍റെയും രണ്ടു ഫാം ഹൗസിന്റെയും ഉടമയായ രാഷ്ട്രീയ നേതാവ് ! മുല്ലപ്പെരിയാര്‍ സമരത്തിന്റെ തണലില്‍ കേരളത്തിലെ രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പ്രമുഖര്‍ നേടിയത് കോടികള്‍ വിലവരുന്ന ഭൂമി . കേരളത്തിലെ നാലു ഡാമുകള്‍ വിട്ടുകൊടുത്തതിന്റെ വില തമിഴ്‌നാട്ടിലെ 2000 ഏക്കര്‍ സ്ഥലം ! തമിഴ്‌നാട്ടിലെ അഞ്ച് എന്‍ജിനീയറിങ് കോളേജുകളുടെ ഉടമയായ നേതാവിന്റെ ബന്ധുവിനും തുണയായത് മുല്ലപ്പെരിയാറിലെ വെള്ളം തന്നെ. സന്നദ്ധ സംഘടനകളെ മെരുക്കിയത് കോടികളുടെ പ്രോജക്ടറ്റ് നല്‍കി. തേനിയടക്കമുള്ള ജില്ലകളിലെ ഭൂമിയുടെ ഉടമസ്ഥരെ കണ്ടെത്തി മുല്ലപ്പെരിയാര്‍ സമരം ജയലളിത പൊളിച്ചതിങ്ങനെ- 'മുല്ലപ്പെരിയാറിലെ കൃഷിക്കാര്‍' പരമ്പര തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി:2006ലെ ക്രിസ്മസ് ദിനം. മുല്ലപ്പെരിയാറിന്റെ താഴ് വരയിലെ പാവങ്ങള്‍ക്ക് മറക്കാനാവില്ല. പുതിയ ഡാം, പുതിയ കരാര്‍ ആവശ്യവുമായി വലിയ സമരത്തിനാണ് അന്നു കട്ടപ്പന ചപ്പാത്ത് സാക്ഷ്യം വഹിച്ചത്.

Advertisment

അന്നു ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമര സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. ആദ്യം ചെറിയ തോതില്‍ തുടങ്ങിയ സമരം ജനം ഏറ്റെടുത്തു. പതുക്കെ സമരത്തെ രാഷ്ട്രീയക്കാര്‍ റാഞ്ചി.

2011ല്‍ സമരം മൂര്‍ധന്യാവസ്ഥയില്‍ എത്തി. ജനപ്രതിനിധികളടക്കമുള്ളവര്‍ ദിവസങ്ങളോളം ഉപവസിച്ചു. ചപ്പാത്തിലെ സമരം യുഡിഎഫ് കയ്യടക്കിയപ്പോള്‍ സിപിഎം നേരെ വണ്ടിപ്പെരിയാറിലേക്ക് വച്ചുപിടിച്ചു.

ചപ്പാത്തിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളമൊന്നാകെ ഇടുക്കിക്ക് വണ്ടി പിടിച്ചു. ചില ദിവസങ്ങളില്‍ കുട്ടിക്കാനം മുതല്‍ റോഡ് ബ്ലോക്കായതും ചരിത്രം. സമരം കൊണ്ടുപിടിച്ചതോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ആ നിര്‍ണായക പ്രഖ്യാപനം വന്നത്.

publive-image

കേരളത്തില്‍ മുല്ലപ്പെരിയാറില്‍ സമരത്തിന് നേതൃത്വം വഹിക്കുന്നവരടക്കമുള്ളവര്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ള സ്ഥലത്തിന്റെയും സ്വത്തിന്റെയും വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ജയലളിത പറഞ്ഞത്. അവര്‍ പറയുക മാത്രമല്ല, തേനി ജില്ലയിലെ ചില രജിസ്ട്രാര്‍ ഓഫീസുകളില്‍ അന്വേഷണവും തുടങ്ങി.

മുല്ലപ്പെരിയാറിലെ സമരത്തിന്റെ ഫ്യൂസൂരുകയായിരുന്നു ജയലളിതയുടെ ലക്ഷ്യം. എന്തായാലും ഉറക്കം നഷ്ടപ്പെട്ടവരും ഏറ്റവും കൂടുതല്‍ ദിവസം ഉപവാസമിരുന്നവരുമൊക്കെ പതുക്കെ പിന്‍വലിഞ്ഞു. എന്തായാലും സമരം പൊളിഞ്ഞതോടെ ജയലളിത ലിസ്റ്റ് പുറത്തുവിട്ടില്ല.

പക്ഷേ സമരം ഏറ്റെടുത്ത പലരും സ്ഥലം കാലിയാക്കി. വീണ്ടും കുറച്ചു പാവങ്ങള്‍ മാത്രമായി സമരപന്തല്‍ ചുരുങ്ങി. എന്തായിരുന്നു ഇതിനു കാരണം.

കേരളത്തിലെ പല രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരുടെ തമിഴ്‌നാട്ടിലെ സമ്പാദ്യം തന്നെയായിരുന്നു ഇതിനു കാരണം. ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ നേതാവ്, സമരത്തിന്റ മുന്‍നിരയിലുണ്ടായിരുന്ന ഈ നേതാവിന് തേനി ജില്ലയില്‍ ഉള്ളത് 200 ഏക്കര്‍ തങ്ങിന്‍ തോപ്പും രണ്ടു ഫാം ഹൗസുമായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും കേരളത്തിലെ നാലു അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്ത വകയില്‍ കേരളത്തിലെ ഒരു നേതാവിന് കിട്ടിയത് 2000 ഏക്കര്‍ ഭൂമിയാണ്. ഇന്നു ജീവിച്ചിരിപ്പില്ലാത്ത നേതാവിന്റെ രക്തബന്ധുക്കളടക്കമുള്ളവരാണ് ഇന്നു ആ സ്വത്തുവകകള്‍ നിയന്ത്രിച്ചു പോരുന്നത്.

publive-image

മുല്ലപ്പെരിയാര്‍ സമരത്തെ പരാജയപ്പെടുത്താന്‍ പിന്നെയും തമിഴ്‌നാടിന്റെ സൗജന്യം പറ്റിയവര്‍ നിരവധിയാണ്. തമിഴ്‌നാട്ടില്‍ അഞ്ച് എന്‍ജിനീയറിങ് കോളേജുള്ള കേരളത്തിലെ ഒറു പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന് അതുണ്ടായത് മുല്ലപ്പെരിയാറിലെ അണക്കെട്ടിലെ കൃഷിതന്നെയാണ്.

രാഷ്ട്രീയക്കാര്‍ മാത്രമല്ല, തമിഴ്‌നാടിന്റെ സൗജന്യം കിട്ടിയവര്‍. സമരത്തെ ഒരു കൃഷിയാക്കിമാറ്റിയ എല്ലാവരും ലക്ഷങ്ങള്‍ വാങ്ങി. സമരത്തിന്റെ പേരില്‍ തുടങ്ങിയ ഒരു സന്നദ്ധ സംഘടനയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും കിട്ടിയത് കോടികളുടെ ഒരു പ്രോജക്ട് ആണ്. പ്രോജക്ടിന്റെ പേരില്‍ കിട്ടിയ പണം പോയത് ചില മതനേതാക്കളുടെ അക്കൗണ്ടിലേക്കായിരുന്നു എന്നു മാത്രം.

ഡാം പൊട്ടുമെന്ന പറഞ്ഞ് 2014വരെ വളരെ സജീവമായിരുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം തന്റെ നിലപാട് തിരുത്തി. ഡാം തകരില്ലെന്നായിരുന്നു അദ്ദേഹത്തിന് പെട്ടെന്നുണ്ടായി വെളിപാട്. ഇതിനു പിന്നിലും മറ്റൊന്നായിരുന്നില്ല.

മുല്ലപ്പെരിയാറിന് വേണ്ടി ഒരു സര്‍ക്കാരെങ്ങനെ കൈക്കൂലി കൊടുക്കും ! സംശയം ന്യായമാണ്. ബജറ്റിലെ ആ ഹെഡ്ഡിന്റെ സത്യം നാളെ....

( പരമ്പര തുടരും)

mullapperiyar
Advertisment