സ്വര്‍ണക്കടത്ത് കേസില്‍ 15 മാസം പിന്നിട്ടിട്ടും സ്വപ്‌ന സുരേഷിനെ പറ്റി ഒന്നും അറിയാതെ കേരളാ പോലീസ് ! സ്വപ്‌ന സുരേഷിന് സുരക്ഷാ കവചമൊരുക്കി മുഖ്യമന്ത്രിയും ! ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് തലസ്ഥാനം വിട്ട് സ്വപ്ന പോയത് ഇനിയും അറിയാതെ പോലീസ്. ആരുടെയൊപ്പം ഒളിവില്‍ പോയി ? ആരു സംരക്ഷിച്ചു ? സ്വപ്‌നയുടെ ശബ്ദരേഖ വന്ന വഴിയേത് ? എന്നീ ചോദ്യങ്ങള്‍ക്ക് പോലീസിന് മറുപടിയില്ല ! കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസിന്റെ ഇന്റലിജെന്‍സ് സംവിധാനം നോക്കുകുത്തിയായെന്നു മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തം. സ്വപ്‌ന ജാമ്യത്തിലിറങ്ങി വാ തുറക്കരുതെന്നാണോ സംസ്ഥാനത്തിന്റെ ആവശ്യമെന്നും സംശയം

New Update

publive-image

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പൂര്‍ണമായി സംരക്ഷിച്ച് കേരളാ പോലീസും മുഖ്യമന്ത്രി പിണറായി വിജയനും. സ്വപ്‌നയുമായി ബന്ധപ്പെട്ട് നിയമസഭയിലുയര്‍ന്ന ചോദ്യങ്ങളിലാണ് കേരളാ പോലീസിന് ഇക്കാര്യങ്ങള്‍ ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നത്. കേരളത്തിലെ പോലീസിന്റെ ഇന്റലിജെന്‍സ് സംവീധാനം പൂര്‍ണ പരാജയമെന്ന് ആഭ്യന്തര മന്ത്രി തന്നെ തുറന്നു സമ്മതിക്കുകയാണ് ഇതിലൂടെ.

Advertisment

നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സ്വപ്‌ന സുരേഷിന്റെ സംബന്ധിച്ച എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ തന്ത്രപരമായ മറുപടി. സ്വപ്‌ന സുരേഷ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് തിരുവനന്തപുരത്തുനിന്നും ഒളിവില്‍ പോയി കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകലില്‍ താമസിച്ചോ എന്നായിരുന്നു ആദ്യ ചോദ്യം.

അതിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ''സ്വപ്‌ന സുരേഷ് എന്ന വ്യക്തിയെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഐഎ ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തതായി അറിവായിട്ടുള്ളതാണ്. സ്വപ്‌ന സുരേഷ് ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്ത് നടത്തിയതായി പറയപ്പെടുന്ന യാത്രകളുടെ വിവരങ്ങളോ, ഒളിവില്‍ താമസിച്ച സ്ഥലത്തെക്കുറിച്ചുള്ളതോ ആയ വിവരങ്ങളോ പോലീസ് വകുപ്പില്‍ ലഭ്യമല്ല. പോലീസ് ഉദ്യോഗസ്ഥര്‍ ഏതെങ്കിലും സഹായം ചെയ്തു നല്‍കിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.''

publive-image

തുടര്‍ന്നുള്ള ചോദ്യങ്ങളായ സ്വപ്‌ന ഓളിവില്‍ താമസിച്ച സ്ഥലം, ഒളിത്താമസം ഒരുക്കിയതാര്, ട്രിപ്പിള്‍ ലോക്ഡൗണില്‍ ജില്ലാ അതിര്‍ത്തി എങ്ങനെ കടന്നു, സഹായിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഒരേ മറുപടി തന്നെയാണ് നല്‍കിയത്. തിരുവനന്തപുരത്തുനിന്നും ഒളിവില്‍ പോയ ഇവര്‍ എന്നാണ് കേരളം വിട്ട് ബാംഗ്ലൂര്‍ക്ക് പോയതെന്നു ചോദ്യമുണ്ടെങ്കിലും അതിനും ഉത്തരമില്ല.

ഒളിവിലായിരിക്കെ സ്വപ്‌ന സുരേഷിന്റെ ഭാഗത്തുനിന്നും വന്ന ശബ്ദരേഖ എവിടെ വച്ച്, എങ്ങനെ പുറത്തുവിട്ടു. ഇത് പുറത്തുവിട്ട ആള്‍ക്ക് ഇതെവിടെ നിന്നും കിട്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശബ്ദ സന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല എന്നും ഉത്തരം നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന സാഹചര്യത്തില്‍ സ്വപ്‌ന പുറത്തിറങ്ങുന്നതോടെ അവരുടെ വാ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രിയുടെ ഈ സംരക്ഷണമെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച ഒരു വലിയ കുറ്റവാളിയുടെ സഞ്ചാരപദം പോലും കണ്ടെത്താതിരുന്ന കേരളാ പോലീസ് പിന്നെ എന്തു ചെയ്തുവെന്ന ചോദ്യവും ബാക്കി.

ഇവിടെയാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും കള്ളക്കളി പുറത്താകുന്നത്. സ്വപ്‌ന സുരേഷിനു ബന്ധമുള്ള ഉന്നതരുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ പോലീസും സര്‍ക്കാരും ഒത്തുകളിച്ചു എന്നു തന്നെ വ്യക്തം.

current politics
Advertisment