Advertisment

കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വായി ചക്ര സ്തംഭന സമരം ! എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരത്തിനെത്തിയത് നിരവധി പ്രവര്‍ത്തകര്‍. കൊച്ചിയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വവും. നികുതി ഇനിയും കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യം. സമരത്തിന്റെ ആവേശത്തിലും കല്ലുകടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അസാന്നിധ്യം ! തിരുവനന്തപുരത്ത് വഴി തടയല്‍ സമരത്തിനെത്തുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് വിട്ടു നിന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടെ കോണ്‍ഗ്രസ് നടത്തിയ വലിയ സമരത്തില്‍ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തവുമുണ്ടായി. അതിനിടെ തിരുവനന്തപുരത്ത് ചക്ര സ്തംഭന സമരത്തിന് കെപിസിസി പ്രസിഡന്റിനൊപ്പം നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരത്തില്‍ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി.

ജില്ലാ കേന്ദ്രങ്ങളില്‍ 11 മണി മുതല്‍ 11.15വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം നടന്നു. പാലക്കാട് ഒഴികെ എല്ലായിടത്തും വലിയ സമാധാനപരമായിരുന്നു സമരം. പാലക്കാട് പോലീസും വികെ ശ്രീകണഠന്‍ എംപിയും തമ്മില്‍ വാക്കേറ്റമുണ്ടായതൊഴിച്ചാല്‍ സമരം ശാന്തമായിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധനത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നതും തുടര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദങ്ങളിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരുന്നു.

publive-image

ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വം നടത്തിയിരുന്നു. എല്ലാ ജില്ലകളില്‍ നിന്നും എല്ലാ ദൃശ്യമാധ്യമങ്ങളുടെയും തത്സമയ കവറേജും സമരത്തിന് കിട്ടി. കെപിസിസി പ്രസിഡന്റായ ശേഷം കെ സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് വലിയ പിന്തുണ പ്രവര്‍ത്തകരും നല്‍കി എന്നതും ശ്രദ്ധേയമായിരുന്നു.

ഇതിനിടെയാണ് കല്ലുകടിയായി തിരുവനന്തപുരത്തെ സമരത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടു നിന്നത്. നിയമസഭയിലെ തിരക്ക് പറഞ്ഞായിരുന്നു സതീശന്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സമരത്തിന് താന്‍ വ്യക്തിപരമായി എതിരാണെന്നായിരുന്നു സതീശന്റെ നിലപാട്.

വഴിതടയലിന് താന്‍ എതിരാണെന്നും അത്തരം സമരം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതേസമര രീതി തന്നെ തെരഞ്ഞെടുത്തതാണ് സതീശന്‍ മാറി നില്‍ക്കാന്‍ കാരണമെന്നാണ് വിവരം. എന്നാല്‍ കെ സുധാകരന്‍ സതീശന്റെ അസാന്നിധ്യത്തോട് പ്രതികരിച്ചതും കരുതലോടെയായിരുന്നു.

എല്ലാ നേതാക്കള്‍ക്കും എല്ലാ സമരത്തിനും പങ്കെടുക്കണമെന്നില്ലെന്നും റോഡ് ഉപരോധത്തോട് വിയോജിപ്പ് സതീശന്‍ നേരത്തെ പറഞ്ഞിരുന്നെന്നുമാണ് സുധാകരന്‍ പറഞ്ഞത്. എന്തായാലും സമരത്തില്‍ നിന്നുള്ള സതീശന്റെ വിട്ടു നില്‍പ്പില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. വിഡി സതീശന്‍ വിഎം സുധീരന് പഠിക്കുകയാണോയെന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

current politics
Advertisment