തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ട് വിവാദ ഉത്തരവിറക്കിയ വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയെയാണ് ചുമതലപ്പെടുത്തിയത്. ഇതനുസരിച്ചാണ് വനംവകുപ്പ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മന്ത്രിതലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയും ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചന്‍ തോമസിനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഉത്തരവില്‍ പറയുന്നു. 1968 ലെ ഓള്‍ ഇന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനമാണ് ബെന്നിച്ചന്‍ തോമസിന്റെ നടപടിയെന്നും ഉത്തരവില്‍ പറയുന്നത്. പിസിസിഎഫ് റാങ്കിലുള്ള വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ബെന്നിച്ചന്‍ തോമസ്.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാനാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
ഉത്തരവ് റദ്ദാക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് മരവിപ്പിച്ചാല്‍ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ പ്രതിപക്ഷ നിലപാടും വിജയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ മരംമുറി കേസ് വിവാദം ഇതുകൊണ്ടൊന്നും തീരില്ലെന്നു ഉറപ്പാണ്. വിഷയത്തില്‍ വനം-ജലവിഭവ വകുപ്പ് മന്ത്രിമാരുടെ വ്യത്യസ്തമാര്‍ന്ന നിലപാട് ഇപ്പോഴും തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയും ജലവിഭവ-ആഭ്യന്തര വകുപ്പുകളുടെ സെക്രട്ടറിയുമായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് എല്ലാം അറിയാമായിരുന്നുവെന്നതിന്റെ വിവരങ്ങളും പുറത്തുവന്നു.
സെപ്തംബര്‍ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായാണ് രേഖകളിലുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി കെ ജോസ് തമിഴ്നാടിന്റെ അംഗീകാരത്തിന് അയച്ച മിനിട്സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലെന്നും വ്യക്തമാക്കുന്നുണ്ട്.
ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വനം സെക്രട്ടറി തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്.
നവംബര്‍ 2ന് ടികെ ജോസ് മിനിട്സ് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്.