Advertisment

സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും പറയുന്നത് മുല്ലപ്പെരിയാര്‍ ഡാമിനോളം വലിയ നുണ ! മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കും മുമ്പേ സംസ്ഥാനം മരംമുറിക്കാന്‍ അനുവാദം നല്‍കിയെന്ന് സുപ്രീംകോടതിയെ അറിയിച്ചു. മരം മുറിക്ക് അനുവാദം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീംകോടതിയെ അറിയിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 27ന് ! മരംമുറിക്കാന്‍ അനുവാദം നല്‍കിയത് സെപ്റ്റംബര്‍ 17ന് ചേര്‍ന്ന യോഗത്തിലെന്നും കേരളം സുപ്രീംകോടതിയില്‍ ! എല്ലാ അനുവാദവും തമിഴ്‌നാടിന് നല്‍കിയത് അറിഞ്ഞിട്ടും മന്ത്രിമാര്‍ കള്ളം പറഞ്ഞതെന്തിന്

New Update

publive-image

Advertisment

കൊച്ചി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് തമിഴ്‌നാടിന് മരം മുറിക്കുന്നതിനുള്ള അനുമതി സെപ്റ്റംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തമിഴ്‌നാടിന് മരം മുറിക്കാന്‍ അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങുന്നതിനും മുമ്പ് ഒക്‌ടോബര്‍ 27ന് സുപ്രീംകോടതി കോണ്‍സല്‍ മുഖേന നല്‍കിയ നോട്ടിലാണ് കേരളം മരംമുറിക്കാന്‍ അനുവാദം നല്‍കിയ വിവരം കോടതിയെ അറിയിച്ചത്. ഇതോടെ അണക്കെട്ടിനോളം ഉയരത്തില്‍ കേരള സര്‍ക്കാര്‍ പറഞ്ഞ നുണകളാണ് പൊളിയുന്നത്.

മുല്ലപ്പെരിയാറിലെ സ്ഥിതി ഗതികള്‍ കോടതിയെ അറിയിച്ചും ബേബി ഡാം ബലപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഒക്ടോബര്‍ 26ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഒക്ടോബര്‍ 27 ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പില്‍ ബേബി ഡാമിലെ മരം മുറിക്ക് അംഗീകാരം സെപ്റ്റംബറില്‍ തന്നെ നല്‍കിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങള്‍ മുറിക്കാനും, നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നല്‍കാനും സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനമായിരുന്നതായാണ് കേരളം സുപ്രീം കോടതിയില്‍ നല്‍കിയ കുറിപ്പിലുള്ളത്. മരം മുറിക്കുന്നതിന് അനുമതി നല്‍കാന്‍ കൃത്യമായ ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കാന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് ഇതുവരെയും കൃത്യമായ ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയിട്ടില്ലെന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഉറച്ചു നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്.

മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്.

നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന യോഗത്തില്‍ തന്നെ തമിഴ്‌നാടിന് മരം മുറിക്കാനുള്ള അനുമതി നല്‍കിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഇതോടെ കാര്യങ്ങളൊന്നുമറിഞ്ഞില്ലെന്ന വനം-ജലവിഭവ വകുപ്പ് മന്ത്രിമാരുടെ വാദങ്ങളും പൊളിഞ്ഞത്.

current politics
Advertisment