മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടകള്‍ക്കെതിരെ പരസ്യ പ്രതിഷേധത്തിന് കോണ്‍ഗ്രസ്. പരിപാടിയുടെ ഭാഗമായി വിവിധ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഇന്നലെ ആരംഭിച്ച ആദ്യ പ്രതിഷേധ പരിപാടി മുംബൈയിലായിരുന്നു. മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ധനവിനും വിലക്കയറ്റതിനുമെതിരെ നടത്തിയ ജന്‍ ജാഗരണ്‍ അഭിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു.
മുംബൈ നഗരത്തെ ഇളക്കി മറിച്ചായിരുന്നു പ്രതിഷേധം. യുവാക്കളും വനിതകളും അടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണി നിരന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അപ്പുറം വിവിധ ജനവിഭാഗങ്ങളെ നേതാക്കള്‍ നേരിട്ട് കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്കൊപ്പം സമരം ചെയ്യുക എന്ന പുതിയ രീതിയാണ് കോണ്‍ഗ്രസ് ഇനി മുതല്‍ പ്രാവര്‍ത്തികമാക്കുക. പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ കരന്‍ജി ബോഗേ ഗ്രാമത്തില്‍ ഗൃഹസന്ദര്‍ശന പരിപാടിക്ക് എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ നേതൃത്വം നല്‍കി.
കരന്‍ജി ബോഗേ ഗ്രാമത്തിലെത്തിയ കെസി വേണുഗോപാല്‍ രാത്രി ഗ്രാമീണരുടെ കലാപരിപാടികളില്‍ പങ്കെടുത്തു. കലാരൂപങ്ങളിലൂടെ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധവും ഗ്രാമീണര്‍ അവരിപ്പിച്ചു. പിന്നീട് ഗ്രാമത്തിലെ ഒരു കര്‍ഷകനൊപ്പം കെ സി വേണുഗോപാലും സഹപ്രവര്‍ത്തകരും ഭക്ഷണം കഴിച്ചു. ഒപ്പം അവരുടെ പ്രശ്‌നങ്ങളും അദ്ദേഹം നേരിട്ടു കേട്ടു.
രാവിലെ ഗ്രാമീണരുടെ വീടുകളില്‍ ഹ്രസ്വ സന്ദര്‍ശനം. കെസി വേണുഗോപാലിനെ പരമ്പരാഗത രീതിയിലാണ് പല വീടുകളിലും സ്വീകരിച്ചത്. അവരുടെ പ്രശ്‌നങ്ങളൊക്കെ കേട്ട് ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് നാനാ പട്ടോല, എഐസിസി ഇന്‍ചാര്‍ജ് എച്ച് കെ പാട്ടീല്‍ എന്നിവരും കെസി വേണുഗോപാല്‍ എംപിക്ക് ഒപ്പമുണ്ടായിരുന്നു.
വരും ദിവസങ്ങലില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ഒപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയും എത്തും.