കിഫ്ബിയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് ! മസാല ബോണ്ടിലെ ആഭ്യന്തര ലീഗല്‍ കോണ്‍സലായ അദാനിയുമായി ബന്ധമുള്ള സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് ഏജന്‍സിക്ക് കരാര്‍ തുകയേക്കാള്‍ കൂടുതല്‍ നല്‍കി കിഫ്ബി ! കൂടുതല്‍ നല്‍കിയത് 7,64,408 രൂപ. കിഫ്ബിയുടെ തട്ടിപ്പു പുറത്തായത് സിഎജി ഓഡിറ്റില്‍ ! കിഫ്ബിയിലെ അഴിമതിയെപ്പറ്റി പറയുന്നവര്‍ സാഡിസ്റ്റുകളെന്ന് മുഖ്യമന്ത്രി പറഞ്ഞത് തട്ടിപ്പുകള്‍ പുറത്തു പറയാതിരിക്കാനോ ? സിഎജി ഓഡിറ്റില്‍ കണ്ടെത്തിയത് 30 ക്രമക്കേടുകള്‍. 50 ലക്ഷത്തിനു മുകളിലുള്ള ക്രമക്കേടുകള്‍ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം:മസാല ബോണ്ടിലെ കിഫ്ബിയുടെ ആഭ്യന്തര ലീഗല്‍ കോണ്‍സല്‍ ആയിരുന്ന അദാനിയുമായി ബന്ധമുള്ള സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് എന്ന ഏജന്‍സിക്ക് ക്വട്ടേഷന്‍ നിരക്കിനേക്കാള്‍ കൂടുതല്‍ തുക കിഫ്ബി നല്‍കിയതായി സിഎജി നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി. 13.75 ലക്ഷം രൂപയ്ക്ക് ക്വട്ടേഷനിലൂടെയാണ് ഈ ഏജന്‍സി കിഫ് ബിയുടെ നീയമ ഉപദേശകരായത്. എന്നാല്‍ ഇവര്‍ക്ക് 21,39,408 രൂപ കിഫ് ബി നല്‍കിയെന്നാണ് സിഎജി യുടെ കണ്ടെത്തല്‍.

7,64,408 രൂപയാണ് കൂടുതലായി കിഫ്ബി ഈ കമ്പനിക്ക് നല്‍കിയത്. ക്വട്ടേഷന്‍ തുകയേക്കാള്‍ കൂടുതല്‍ തുക ഈ കമ്പനിക്ക് നല്‍കിയത് നീയമ വിരുദ്ധമാണെന്നാണ് സി.എ ജി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കമ്പനി അധികമായി ചെയ്ത ജോലിക്കാണ് കൂടുതല്‍ തുക നല്‍കിയതെന്ന കിഫ് ബിയുടെ വാദം സിഎജി അംഗീകരിച്ചില്ല.

ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യ പരിധി അദാനി സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിയിലെ പങ്കാളിയാണ്. കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ സേവനം തേടിയത്.

ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിനെ മസാല ബോണ്ട് വിറ്റഴിക്കല്‍ പ്രക്രിയയുടെ ഡൊമെസ്റ്റിക് ലീഗല്‍ കോണ്‍സലായി കിഫ്ബി തെരഞ്ഞെടുത്തത്. ടെന്‍ഡര്‍ വിളിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മര്‍ച്ചന്റ് ബാങ്കര്‍മാരെ തീരുമാനിക്കുകയായിരുന്നു ആദ്യപടി. ആക്‌സിസ് ബാങ്കും സ്റ്റാന്റേര്‍ഡ് ചാര്‍ടേഡും ആയിരുന്നു കിഫ്ബി യുടെ മര്‍ച്ചന്റ് ബാങ്കര്‍മാര്‍.

publive-image

publive-image

ഇതില്‍ ആക്സിസ് ബാങ്ക് ഡൊമസ്റ്റിക് ലീഗല്‍ കോണ്‍സലിനായി കിഫ്ബിക്കു വേണ്ടി ലേലം ക്ഷണിക്കുകയും തുടര്‍ന്ന് ഇന്ത്യയിലെ നാല് പ്രമുഖ നിയമ സേവന സ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. സിറില്‍ അമര്‍ ചന്ദ് മംഗല്‍ ദാസിന് പുറമേ ട്രൈ ലീഗല്‍ (മുംബൈ), എഇസഡ് ബി ആന്‍ഡ് സോളിസിറ്റേഴ്‌സ് (മുംബൈ), ജെഎസ്എ അഡ്വേകകേറ്റസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് (മുംബൈ) എന്നിവയായിരുന്നു ഈ സ്ഥാപനങ്ങള്‍.

തുടര്‍ന്ന് എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് ഇതില്‍ നിന്നും സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിനെ ഡൊമസ്റ്റിക് ലീഗല്‍ കോണ്‍സല്‍ ആയി തെരഞ്ഞെടുത്തതെന്നാണ് കിഫ്ബിയുടെ ഇത് സംബന്ധിച്ചുള്ള വിശദീകരണം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി ലഭിച്ചതും സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് കമ്പനിക്കായിരുന്നു.

കിഫ്ബിയിലെ തട്ടിപ്പിനേയും വെട്ടിപ്പിനേയും കുറിച്ചുള്ള സിഎജി യുടെ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ അങ്ങനെ ഒരു റിപ്പോര്‍ട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കിഫ്ബിയിലെ അഴിമതികളെ കുറിച്ച് പറയുന്നവര്‍ സാഡിസ്റ്റുകളാണന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ കിഫ് ബിയെ കുറിച്ച് അങ്ങനൊരു റിപ്പോര്‍ട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിച്ചു കൊണ്ട് തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

വിവരവകാശ നിയമപ്രകാരം കഴിഞ്ഞ ഓഗസ്ത് 16ന് റിപ്പോര്‍ട്ട് പുറത്ത് കൊടുത്തത് സിഎജി ആയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രില്‍ 16ന് കിഫ്ബിക്ക് കൈമാറിയതാണെന്നും ഇതോടെ വ്യക്തമായി. ഈ റിപ്പോര്‍ട്ട് ഇല്ലെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞത്.

റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ചട്ടലംഘനമില്ലെന്ന് സിഎജി ഓഫിസ് വൃത്തങ്ങളും വ്യക്തമാക്കി.
സിഎജിക്ക് പ്രത്യേക താല്‍പര്യമുള്ള വിഷയങ്ങളില്‍ സ്‌പെഷല്‍ ഓഡിറ്റിന്റെ ഭാഗമായി വിശദമായ പരിശോധനകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ രേഖകള്‍ പരിശോധിക്കുന്നതിന് സിഎജി അനുമതി തേടിയെങ്കിലും ആദ്യം സര്‍ക്കാര്‍ വഴങ്ങിയില്ല.

ഇത് വിവാദമായതോടെ ഓഡിറ്റിന് അനുമതി നല്‍കി. അക്കൗണ്ടന്റ് ജനറല്‍ എസ്.സുനില്‍രാജിന്റെ നിര്‍ദേശ പ്രകാരമാണ് 2016 ജനുവരി 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള കിഫ്ബിയുടെ കണക്കുകള്‍ ഓഡിറ്റ് സംഘം പരിശോധിച്ചത്. ആദ്യ പരിശോധനയില്‍ കണ്ടെത്തിയ എണ്‍പതോളം ക്രമക്കേടുകള്‍ രേഖപ്പെടുത്തി കിഫ്ബിക്കു സിഎജി റിപ്പോര്‍ട്ട് നല്‍കി. ഇവയ്ക്കു കിഫ്ബി നല്‍കിയ വിശദീകരണം കണക്കിലെടുത്ത് ക്രമക്കേടുകളുടെ എണ്ണം മുപ്പതോളമാക്കി ചുരുക്കി.

പുറത്തുവിട്ട പരിശോധനാ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ നിന്ന് 50 ലക്ഷത്തിനു മേലുള്ള ക്രമക്കേടുകള്‍ തെരഞ്ഞെടുത്ത് വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഒരു അധ്യായത്തില്‍ സിഎജി ഉള്‍പ്പെടുത്തും. ആ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ സമര്‍പ്പിക്കുക. കിഫ്ബിയില്‍ നിന്നു വിശദീകരണം വാങ്ങിയ ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ആയതിനാല്‍ ഇത് പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ആണെന്നും വിവരാവകാശ നിയമപ്രകാരം നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസ് അധികൃതരുടെ നിലപാട്.

Advertisment