ഡല്‍ഹി: ഒടുവില്‍ കര്‍ഷക സമരത്തിന് മുന്നില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും മുട്ടുമടക്കുമ്പോഴും അത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കരുതുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകല്‍ മുമ്പില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തിടുക്കത്തിലുള്ള നീക്കമെന്ന് വ്യക്തമാണ്. കാര്‍ഷിക നിയമങ്ങളുമായി മുമ്പോട്ടു പോയാല്‍ യുപിയിലടക്കം വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് നിയമം പിന്‍വലിച്ചതെന്ന വാദത്തിന് ഇതോടെ ശക്തിയാകുകയാണ്.
വിവാദ കാര്‍ഷിക നിയമം പാസാക്കി ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് സര്‍ക്കാരിന് വീണ്ടുവിചാരമുണ്ടാകുന്നത്. കര്‍ഷകരുടെ സമരം ശക്തിയാര്‍ജിച്ചപ്പോളൊന്നുമില്ലാത്ത ഈ വിചാരം കഴിഞ്ഞ ചില ഉപതെരഞ്ഞെടുപ്പുകളുടെ ഷോക്ക് തന്നെയാണ്. യുപിയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി ബുദ്ധിമുട്ടുമെന്ന സര്‍വേ ഫലങ്ങളും ഉത്തരാഖണ്ഡില്‍ തിരിച്ചടി കിട്ടുമെന്ന പ്രവചനവും തീരുമാനത്തിന് ആക്കം കൂട്ടി.
കര്‍ഷക സമരത്തെ ഖാലിസ്ഥാന്‍ തീവ്രവാദികളാണ്, മാവോവാദികളാണ്, അര്‍ബന്‍ നക്സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിച്ച് നേരിടാനാണ് ആദ്യം മുതല്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ആദ്യഘട്ടത്തില്‍ പോലീസിനെ ഉപയോഗിച്ച് സമരം ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഹരിയാനയില്‍ പോലീസ് അതിക്രമത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടപ്പെട്ടതു മുതല്‍ ലഖിംപുരില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയതുവരെ സമരം രക്തരൂക്ഷിതമായിരുന്നു.
സമര കേന്ദ്രങ്ങളിലും നിരവധി കര്‍ഷകരാണ് കൊല്ലപ്പെട്ടത്. സമരം നടന്ന ഘട്ടത്തിലൊന്നും ഒരു തവണ പോലും കര്‍ഷകസംഘടനാ പ്രതിനിധികളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. കൃഷിവകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും അതിലൊന്നും ഒരു അനുകൂല തീരുമാനവുമുണ്ടായില്ല.
വിഷയത്തില്‍ സുപ്രീം കോടതിയും ഇടപെട്ടു. കാര്‍ഷിക നിയമം സ്റ്റേ ചെയ്യുകയും ഒരു കമ്മീഷനെ വെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, കമ്മീഷനുമായി സഹകരിക്കെണ്ട എന്ന തീരുമാനമാണ് കര്‍ഷകസംഘടനകള്‍ എടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ വരുന്നതു മുന്നില്‍ കണ്ട് സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. എന്തായാലും കാര്‍ഷിക നിയമം പിന്‍വലിച്ചാല്‍ മാത്രം പോര കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ മനോഭാവം കൂടി മാറണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. എന്തായാലും സര്‍ക്കാരിന്റെ മനം മാറ്റത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും അഭിമാനിക്കാം.
കര്‍ഷക സമരത്തില്‍ കാര്യമായ രാഷ്ട്രീയ മുതലെടുപ്പ് നടന്നില്ലെങ്കിലും ആദ്യ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസും ഉണ്ടായിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വലിയ സമരവും നടത്തി. അന്നു കോണ്‍ഗ്രസിനൊപ്പമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്നു ബിജെപി പാളയത്തിലാണ്.
അമരീന്ദറിലൂടെ പഞ്ചാബിലൊരു ഇന്നിങ്‌സിന് ഇനി ബിജെപിക്ക് കഴിയുമോ എന്നും കണ്ടറിയണം. ഈ തീരുമാനങ്ങള്‍ അതിനു സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും പ്രധാനമന്ത്രിയും എന്നു വ്യക്തം.