ഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 10 മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമായി. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ജനുവരിയില്‍ തന്നെ പറഞ്ഞിരുന്നു.
കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജനുവരി 14ന് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ആഘോഷത്തിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ : ''കര്‍ഷകരുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു, അവരെ പിന്തുണയ്ക്കുന്നത് തുടരും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഇനിയും തുടരും. മാത്രമല്ല, എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കേന്ദ്രം ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും''.
കാര്‍ഷിക സമരത്തിന് ആദ്യം പിന്തുണയുമായി പഞ്ചാബില്‍ നിന്നും അന്നത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനുമൊപ്പം രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഹരിയാന അതിര്‍ത്തിയില്‍ റാലി തടയുകയും വലിയ സംഘര്‍ഷമുണ്ടാകുകയുമൊക്കെ ചെയ്തിരുന്നു.
ഏറ്റവും ഒടുവില്‍ ലഖീംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനമോടിച്ചു കയറ്റിയതില്‍ മരണമടഞ്ഞ കര്‍ഷകരുടെ വീട്ടില്‍ രാഹുലും പ്രിയങ്കയും എത്തിയിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകാര്യതയാണ് അന്നു ലഭിച്ചത്. എന്തായാലും കാര്‍ഷിക നിയമം പിന്‍വലിച്ച പ്രഖ്യാപനം വന്നതിനു പിന്നാലെ തന്റെ പഴയ പ്രസ്താവന രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.