തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാര്‍ പദവിയില്‍ മൂന്നു മാസം പിന്നിട്ടതോടെ പ്രവര്‍ത്തനം വിലയിരുത്തി കെപിസിസി. പല ഡിസിസി അധ്യക്ഷന്‍മാരും ശരാശരിയില്‍ താഴെയാണ് പ്രവര്‍ത്തനമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഉടന്‍ ഡിസിസി അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനം.
എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനാണ് പ്രവര്‍ത്തനത്തില്‍ എ ഗ്രേഡ് ഉള്ളത്. ഷിയാസ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടികളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ സമരം സിനിമാ നടന്‍ ജോജുവുമായുള്ള പ്രശ്‌നത്തില്‍ കലാശിച്ചെങ്കിലുംസമരം വിജയമായിരുന്നു.
പിന്നീട് ആലുവായിലെ മുഫിയയുടെ മരണത്തില്‍ സിഐയ്‌ക്കെതിരെ നടത്തിയ സമരത്തിന്റെ നേതൃത്വം ഡിസിസി ഏറ്റെടുത്തതും വിജയമായി. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കൊച്ചിയില്‍ ഡിസിസിക്ക് കഴിഞ്ഞു എന്നു തന്നെയാണ് വിലയിരുത്തല്‍. എറണാകുളത്തിന് പിന്നാലെ ഇടുക്കിയാണ് പ്രവര്‍ത്തനത്തില്‍ മുമ്പില്‍.
ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചടുലമായ പ്രതികരണം ഡിസിസി നടത്തി. ഇതു ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ നിലപാട് ശ്രദ്ധിക്കാന്‍ ഇടയാക്കിയെന്നുതന്നെയാണ് വിലയിരുത്തല്‍. സിയുസികളുടെ രൂപീകരണവും ജില്ലയില്‍ വേഗത്തിലാണ്.
കോഴിക്കോട് ഡിസിസിയും സമരത്തിലും പ്രവര്‍ത്തനത്തിലും ജനശ്രദ്ധ നേടിയിട്ടുണ്ട്. പരിപാടികളില്‍ പ്രവര്‍ത്തക പങ്കാളിത്തം മുമ്പത്തെക്കാള്‍ വര്‍ധിച്ചത് ഡിസിസി പ്രസിഡന്റിന്റെ മികവു തന്നെയാണ്. കെ പ്രവീണ്‍ കുമാറിനും മൂന്നു മാസത്തെ പ്രവര്‍ത്തനത്തില്‍ എ ഗ്രേഡിനോട് അടുത്ത് കിട്ടും.
പാലക്കാട് എ തങ്കപ്പന്റെ പ്രവര്‍ത്തനവും തൃപ്തികരമാണ്. പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഡിസിസി അധ്യക്ഷന്‍ മുന്‍കൈയെടുക്കുന്നുണ്ട്. നേതാക്കളും പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്.
കോട്ടയം ഡിസിസി അധ്യക്ഷന്‍ ശരാശരിക്ക് താഴെയാണ് പ്രവര്‍ത്തനം. ഒരു പഞ്ചായത്തുതലത്തിലെ പ്രവര്‍ത്തന നേതൃത്വത്തിനപ്പുറത്തേക്ക് ഡിസിസി പ്രസിഡന്റിന് ഉയരാനിയിട്ടില്ല എന്നു തന്നെയാണ് വിലയിരുത്തല്‍. ഗ്രൂപ്പിനതീതമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും ഡിസിസി പ്രസിഡന്റിന് കഴിയുന്നില്ല.
പാര്‍ട്ടിയെ ജില്ലയില്‍ ചലിപ്പിക്കുന്നതില്‍ കാര്യമായൊന്നും ചെയ്യാനായില്ല. കോട്ടയം നഗരസഭാ ഭരണം നിലനിര്‍ത്തായത് മാത്രമാണ് ഡിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനനേട്ടമെന്ന് അദ്ദേഹം പോലും പറയുന്നുള്ളൂ. പക്ഷേ അതിന് നേതൃത്വം നല്‍കിയതില്‍ കാര്യമായ ഒരു റോളും അദ്ദേഹത്തിനില്ലായിരുന്നുവെന്നു പ്രാദേശിക നേതാക്കള്‍ തന്നെ പറയുന്നുണ്ട്.
തിരുവനന്തപുരത്ത് പാലോട് രവി നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായകമായ ഇടപെടല്‍ നടത്താനാവുമായിരുന്നെങ്കിലും അതിലൊന്നും പാര്‍ട്ടി ഇടപെട്ടില്ല. കൊല്ലത്തും കാര്യമായ പ്രവര്‍ത്തനമില്ലെന്നാണ് വിലയിരുത്തല്‍.
ആലപ്പുഴയിലും പാര്‍ട്ടി സജീവമല്ല. പത്തനംതിട്ടയില്‍ തമ്മിലടി വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. തൃശൂരിലും അവസരങ്ങളുണ്ടായിട്ടും കാര്യമായ പ്രവര്‍ത്തനമില്ല.
മലപ്പുറത്ത് വി എസ് ജോയി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. പാര്‍ട്ടിയിലേക്ക് പുതുതായി ആളുകളെ എത്തിക്കാനും സജീവമായി പ്രവര്‍ത്തിക്കാനും കഴിയുന്നുണ്ട്. വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
കണ്ണൂരില്‍ ശരാശരി പ്രവര്‍ത്തനം നടക്കുന്നുണ്ട്. വയനാട്, കാസര്‍കോട് ജില്ലകളിലും പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നു തന്നെയാണ് നേതൃത്വം വിലയിരുത്തുന്നത്. അടുത്തയാഴ്ച കെപിസിസി നിര്‍വാഹക സമിതി ചേരുമ്പോള്‍ ഡിസിസി അധ്യക്ഷന്‍മാരെ വിലയിരുത്തലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ധരിപ്പിക്കും.