നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുമ്പോഴും ഗ്രൂപ്പുകളിക്ക് ഒരു കുറവുമില്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് ! ഉന്നത നേതാക്കളെ ഗ്രൂപ്പുകളിക്ക് പ്രേരിപ്പിക്കുന്നത് പാര്‍ട്ടിയില്‍ റോളില്ലാത്ത ഇരു വിഭാഗത്തിലെയും ചില നേതാക്കള്‍. രണ്ടു നേതാക്കള്‍ക്ക് ഇന്ദിരാഭവനില്‍ കസേര കിട്ടുന്നതിനുള്ള വിപ്ലവം ഗൗനിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വം ! നേതാക്കളും പ്രവര്‍ത്തകരും ഗ്രൂപ്പു വിടുമ്പോഴും ശക്തി ചോരുന്നതറിയാതെ ഉന്നത നേതാക്കള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ചുമരില്ലാതെ ചിത്രമെഴുതാനാകില്ലെന്നത് സത്യമാണ്. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് അറിയില്ലെന്നു വ്യക്തമാണ്. പാര്‍ട്ടി നാള്‍ക്കുനാള്‍ ക്ഷീണിച്ച് വരവെ വീണ്ടും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി ഗ്രൂപ്പുകളി സജീവമാകുകയാണ്.

2016ലെ തോല്‍വിയേക്കാള്‍ നാണംകെട്ട തോല്‍വിയാണ് 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത്. അതില്‍ കോണ്‍ഗ്രസിനുള്ള പങ്ക് ഒട്ടും വിസ്മരിക്കാനാവില്ല. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് വലിയ വീഴ്ചയും തിരിച്ചടിയുമാണ് ഉണ്ടായത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയും തമ്മിലടിയും തന്നെയാണ് കനത്ത പരാജയത്തിലേക്ക് നയിച്ചത്. ഘടകകക്ഷികളും തങ്ങളുടെതായ പങ്ക് വഹിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്രയൊക്കെ തിരിച്ചടിയുണ്ടായിട്ടും പാഠം പഠിക്കുന്നില്ലെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ നാശത്തിന് കാരണം.

ഗ്രൂപ്പിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മുഖം തിരിച്ചിട്ടും പുതിയ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് എ,ഐ ഗ്രൂപ്പുകള്‍. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി ഇത്രയധികം ദുര്‍ബലപ്പെട്ടു നില്‍ക്കുമ്പോഴും ഇതിനു തുനിയുന്നതെന്നതെന്നതാണ് പ്രവര്‍ത്തകരെ പോലും എതിരാക്കുന്നത്.

എ, ഐ ഗ്രൂപ്പുകളിലെ ചില മാനേജര്‍മാര്‍ക്ക് പാര്‍ട്ടിയില്‍ കാര്യമായ റോളില്ലാത്തതിനാല്‍ ഇവരാണ് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഗ്രൂപ്പുകളിക്ക് പ്രേരിപ്പിക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. ചില നേതാക്കള്‍ക്ക് മുമ്പ് ഗ്രൂപ്പു പ്രാതിനിധ്യത്തിന്റെ പേരില്‍ ഇന്ദിരാഭവനില്‍ കസേര കിട്ടിയിരുന്നു. ഇരു ഗ്രൂപ്പിലെയും രണ്ടു പ്രമുഖ നേതാക്കള്‍ക്ക് ഇപ്പോള്‍ കാര്യമായ പദവിയില്ല.

ഇതിലൊരാളാണ് കഴിഞ്ഞ ദിവസം ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് താരിഖ് അന്‍വറിനെ കണ്ടത്. സ്വന്തം കസേര ഉറപ്പിക്കാന്‍ ഈ നേതാക്കള്‍ ഉന്നത നേതൃത്വത്തെകൊണ്ട് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. പുതിയ നേതൃത്വവുമായി ഒരു തരത്തിലും സഹകരിപ്പിക്കാതിരിക്കുക എന്നതും ഈ നേതാക്കളുടെ ലക്ഷ്യമാണ്.

അതിനിടെ ഗ്രൂപ്പുകള്‍ ദുര്‍ബലപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയ്ക്ക് പുറമെ രണ്ടു നേതാക്കളെയുള്ളുവെന്ന് മറുപക്ഷം പറയുന്നു. അണികളുടെ പിന്തുണയും തീരെയില്ല.

ഇത്തിരി പ്രവര്‍ത്തകരുടെ പിന്തുണയുള്ളത് എ ഗ്രൂപ്പിനാണ്. പക്ഷേ അവിടെയുള്ള ചില നേതാക്കള്‍ പരസ്പരം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഏതാണ്ട് ചിതറിയ മട്ടാണ്. ഈ യാഥാര്‍ത്ഥ്യം മുതിര്‍ന്ന നേതാക്കള്‍ ഇനിയും മനസിലാക്കിയിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന നിരവധി വിഷയങ്ങള്‍ വന്നിട്ടും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കാര്യമായതൊന്നും ചെയ്യാനാവാത്തത് പാളയത്തിലെ ഈ പട കാരണമാണെന്നാണ് വിലയിരുത്തല്‍. അതേസമയം കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ ഈ കലഹം ഗൗനിക്കേണ്ടതില്ലെന്നു തന്നെയാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

Advertisment