ഭരതന്നൂരിന്റെ ഹൃദയം കീഴടക്കി ജന ജാഗരണ്‍ അഭിയാന്‍ യാത്ര ! കെസി വേണുഗോപാലിനൊപ്പം പദയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍. ഊരിലേക്കൊരു വഴിയില്ലാത്തതും ജീവിക്കാന്‍ തൊഴിലില്ലാത്തതും കേട്ട് പരിഹാരമുണ്ടാക്കാന്‍ പ്രയത്‌നിക്കുമെന്ന് ഉറപ്പ് നല്‍കി ! ഭക്ഷണം കഴിച്ചും ഊരില്‍ താമസിച്ചും കലാപരിപാടികള്‍ കണ്ടും ആദിവാസി-ദളിത് വിഭാഗത്തിലേക്ക് ഇറങ്ങിചെന്ന് കോണ്‍ഗ്രസ്. നഗരങ്ങളിലല്ല, ഗ്രാമങ്ങളിലേക്കിറങ്ങി ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയാനുള്ള ജന്‍ ജാഗരണ്‍ അഭിയാനുമായി കെസി വേണുഗോപാല്‍ ! നേതാക്കളല്ല, എന്നും പാര്‍ട്ടി തന്നെ മുഖ്യമെന്ന സന്ദേശവുമായി ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര ശ്രദ്ധ നേടുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: തലസ്ഥാനത്തെ ഗ്രാമങ്ങളെ ഇളക്കി മറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര. പാങ്ങോട് കല്ലറ മുതല്‍ ഭരതന്നൂര്‍ വരെ നടന്ന പദയാത്രയില്‍ 5000ത്തിലേറെ പേരാണ് കെസി വേണുഗോപാലിനൊപ്പം അണി നിരന്നത്.

ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം മൂലം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിഭാവനം ചെയ്തതാണ് ഈ യാത്ര.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്രയുടെ ഭാഗമായി ഇത് രണ്ടാമത്തെ പരിപാടിയിലാണ് കെ സി വേണുഗോപാല്‍ എംപി നേതൃത്വം നല്‍കുന്നത്. ആദ്യ പരിപാടി മുംബൈയിലെ വാര്‍ധ ഗ്രാമത്തിലായിരുന്നു. അന്നും നൂറുകണക്കിന് ആദിവാസികളാണ് കെസിയെ അവിടെ വരവേറ്റത്.

തിരുവനന്തപുരത്ത് പാങ്ങോട് കല്ലറയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പുഷ്പാര്‍ച്ചനയോടെയാണ് പദയാത്ര തുടങ്ങിയത്. ഏഴു കിലോമീറ്റര്‍ അപ്പുറമുള്ള ഭരതന്നൂരിലേക്കുള്ള യാത്രയില്‍ രണ്ടു കിലോ മീറ്റര്‍ നീളത്തില്‍ പ്രവര്‍ത്തകരും യാത്രയില്‍ അണി നിരന്നു. രാത്രി വൈകി ഭരതന്നൂരിലെത്തിയ പദയാത്രയ്ക്ക് ശേഷം അന്നു അവിടെ മലയോര മേഖലയിലെ പ്രദേശവാസികള്‍ക്കൊപ്പം ഭക്ഷണവും താമസവും.

ഭരതന്നൂരില്‍ കെസി വേണുഗോപാലിനെ കാത്തിരുന്നത് നൂറുകണക്കിന് ആദിവാസികളും ദളിതരുമായിരുന്നു. പിറ്റേദിവസം രാവിലെ പ്രഭാതഭേരിയെന്ന പേരില്‍ പ്രദേശവാസികളുമായി സംവാദം. അവരുടെ പ്രശ്‌നങ്ങള്‍ അറിയുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളിലൂടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് പ്രഭാതഭേരിയുടെ ലക്ഷ്യം.

publive-image

പ്രഭാത ഭേരിക്ക് മുന്നോടിയായി പാങ്ങോട് പഞ്ചായത്തിലെ കരിങ്ങോട് അംബേദ്കര്‍ കോളനിയിലേക്ക് വേണുഗോപാല്‍ എത്തി. വീടുകളിലെത്തിയ അദ്ദേഹത്തോട് സങ്കടങ്ങളുടെ കടല്‍ തന്നെയാണ് അവര്‍ പങ്കുവച്ചത്. ഊരുകളിലേക്ക് നല്ല വഴിയില്ലാത്തും തൊഴിലില്ലാത്തതുമൊക്കെ വേണുഗോപാലിനോട് അവര്‍ തുറന്നു പറഞ്ഞു.

എല്ലാം കേട്ട് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പും നല്‍കി ആദിവാസി ദളിത് സംഗമ വേദിയിലേക്ക്. അവിടെ അഞ്ഞൂറിലേറെ പേരാണ് നേതാവിനെ കാത്തിരുന്നത്. നേരെ വേദിയിലേക്ക് കയറാതെ അവിടെ കൂടി നിന്നവരുടെ പരാതിയും പരിഭവവും നിന്നു തന്നെ അദ്ദേഹം കേട്ടു.

നേതാക്കള്‍ മാത്രമല്ല വേദിയില്‍ ഇരിക്കേണ്ടത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി വേണമെന്ന് വേണുഗോപാലിന്റെ നിര്‍ദേശം. കൊച്ചുഅടുപ്പുപാറ ഊരുമൂപ്പന്‍ പ്രഭാകരന്‍ കാണി ഉള്‍പ്പെടെ പലരെയും മുന്‍നിരയില്‍ തന്നെ ഇരുത്തി. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അവരുടെ കൂട്ടത്തില്‍ നിന്നുള്ളവരെത്തി സംസാരിച്ചു. ചിലരാകട്ടെ എഴുതിതയ്യാറാക്കിയ പരാതികള്‍ വേണുഗോപാലിന് സമര്‍പ്പിച്ചു. എല്ലാവരുടെയും പ്രശ്‌നങ്ങള്‍കേട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ അവരെ ബോധ്യപ്പെടുത്തി.

നഗര കേന്ദ്രങ്ങളിലെ പാര്‍ട്ടി സമരങ്ങളില്‍ നേതാക്കള്‍ മാത്രം പങ്കെടുക്കുമ്പോള്‍ സാധാരണക്കാരുടെ പങ്കാളിത്തം കുറയുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് രാജ്യത്തെ പൊതു സ്ഥിതി അവരെ ബോധ്യപ്പെടുത്താന്‍ ജന്‍ ജാഗരണ്‍ അഭിയാന്‍ യാത്ര നേതൃത്വം തീരുമാനിച്ചത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിലൂടെ അവരുടെ ഹൃദയം കവരാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതേസമയം തന്നെ നേതാക്കളല്ല, എല്ലാത്തിനും മുകളില്‍ പാര്‍ട്ടി തന്നെയെന്ന സന്ദേശവും നല്‍കാനും ഇത്തരം പരിപാടികളിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.

Advertisment