സതീശന്റെയും സുധാകരന്റെയും നേതൃത്വത്തില്‍ യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ! കോണ്‍ഗ്രസ് താഴെത്തട്ടില്‍ ശക്തിപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് മുന്നില്‍. സൈബര്‍ വാറില്‍ സര്‍ക്കാര്‍ സംവിധാനം പ്രതിപക്ഷത്തിന് പിന്നിലെന്ന് വിലയിരുത്തി പിണറായി വിജയന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പ്രമോഷന് അനുവദിച്ചത് 1.02 കോടി രൂപ ! സൈബര്‍ പോരാട്ടത്തിലൂടെ ഭരണത്തിലെ വീഴ്ചകള്‍ മറയ്ക്കാമെന്ന് പ്രതീക്ഷ. സതീശന്റെയും സുധാകരന്റേയും മുന്നില്‍ പിണറായിയുടെ സോഷ്യല്‍ മീഡിയ തന്ത്രം ഫലപ്രദമാകുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയോടെ തകര്‍ന്നടിഞ്ഞ യുഡിഎഫ് തിരിച്ചുവരന്റെ പാതയില്‍. കെപിസിസി നേതൃത്വത്തില്‍ കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും മികവു തെളിയിച്ചതോടയാണ് കോണ്‍ഗ്രസും യുഡിഎഫും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഇതിന്റെ പ്രതിഫലനങ്ങള്‍ സൈബറിടത്തും കണ്ടു തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇവരെ നേരിടാന്‍ മറുതന്ത്രം മെനയുകയാണ് ഇടതു ക്യാമ്പ്. ഈ കോവിഡ് കാലത്ത് അതിനു ഏറ്റവും നല്ലത് സൈബറിടമാണെന്ന ഉപദേശമാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും കിട്ടിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയാ വിഭാഗം ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.

ഇതിനായി 1.02 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ ചെലവഴിക്കാനാണ് തീരുമാനം. ആസൂത്രണ വകുപ്പാണ് പണം ആവശ്യപ്പെട്ടത്. ധനവകുപ്പ് പണം അനുവദിക്കുകയും ചെയ്തു.

പി ആര്‍ ഡിയുടെ ഔട്ട് ഡോര്‍ പബ്‌ളിസിറ്റി കാംപയിന്റെ ഭാഗമായി വച്ചിരിക്കുന്ന തുകയില്‍ നിന്ന് ധനപുനര്‍ വിനിയോഗം വഴിയാണ് 1.02 കോടി രൂപ ധനവകുപ്പ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റില്‍ വകയിരുത്തിയ തുക പോലും ധനവകുപ്പ് വെട്ടി കുറയ്ക്കുമ്പോഴാണ് ഇത്രയും തുക സോഷ്യല്‍ മീഡിയക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യു.ഡി എഫും കോണ്‍ഗ്രസും സതീശന്റെയും സുധാകരന്റെയും നേതൃത്വത്തില്‍ ശക്തമായ തിരിച്ചു വരവിലാണ്. പിണറായിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇത് ശരിവയ്ക്കുന്നതാണ്. മുമ്പ് സോഷ്യല്‍ മീഡിയയില്‍ എല്‍ ഡി എഫിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇപ്പോള്‍ യു.ഡി എഫ് നേരിയ മേല്‍ക്കൈ നേടി എന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.

യു.ഡി എഫും കോണ്‍ഗ്രസും പുതിയ നേതൃത്വത്തില്‍ കീഴില്‍ വിജയപാതയിലാണെന്ന് പ്രധാന സഖ്യ കക്ഷിയായ മുസ്ലീം ലീഗ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ആര്‍ എസ് പി യും ഇതേ അഭിപ്രായത്തിലാണ്.

ജനകീയ വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന പരിഹാരം കാണുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രകടനം എതിരാളികളുടെ പോലും അഭിനന്ദനം പിടിച്ചു പറ്റിയെന്ന് മുഖ്യമന്ത്രി അടുത്ത വൃത്തങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. അതോടൊപ്പം കെ റയിലിനെതിരെ പ്രത്യക്ഷ സമര പരിപാടിയുമായി സതീശനും കൂട്ടരും രംഗത്തിറങ്ങി കഴിഞ്ഞു. ശക്തമായ ജനപിന്തുണയാണ് സതീശനും കൂട്ടര്‍ക്കും ലഭിക്കുന്നത്.

കെ.പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പിണറായിക്കെതിരെയുള്ള ചാട്ടുളി പ്രയോഗത്തില്‍ അണികളും ആവേശത്തിലാണ്. പിണറായിയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഉരുളക്കുപ്പേരി പോലെ സുധാകരനും സതീശനും തിരിച്ചടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ശക്തിപ്പെടുത്തി പതുക്കെ കളം പിടിക്കാനാണ് പിണറായി ഉദ്ദേശിക്കുന്നത്.

അതേസമയം സതീശന്റെയും സുധാകരന്റേയും മുന്നില്‍ പിണറായിയുടെ സോഷ്യല്‍ മീഡിയ തന്ത്രം ഫലപ്രദമാകുമോ എന്ന ആശങ്ക സിപിഎം ഉന്നത കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഭരണരംഗത്തെ വീഴ്ചകള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചതന്നെ ആകുന്നുമുണ്ട്.

Advertisment