/sathyam/media/post_attachments/B6IOqW3PPjVUDPhe44Ib.jpg)
തിരുവനന്തപുരം: ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വിടുമോ ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചയാണ് ഈയൊരു കാര്യം. തരൂരിന്റെ സിപിഎം അനുകൂല നിലപാടില്‍ പല കോണ്‍ഗ്രസ് നേതാക്കളും ചില അണികളുമൊക്കെ ഇത്തരം ചോദ്യം ചോദിക്കുന്നവരില്‍ പ്രധാനികളാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ജി23 ഗ്രൂപ്പിനൊപ്പമാണ് തരൂര്‍. ഹൈക്കമാന്‍ഡിന്റെ കടുത്ത വിമര്‍ശകനും. ഇടയ്ക്ക് പ്രധാമന്ത്രിക്ക് അനുകൂലമായ ചില പ്രതികരണങ്ങളും അദ്ദേഹം നടത്തിയിരുന്നു.
എന്നാല്‍ ഇതൊന്നും തരൂരിന്റെ രാഷ്ട്രീയ നിലപാടല്ല എന്നു അദ്ദേഹത്തിന്റെ കഴിഞ്ഞ കാലങ്ങളെ വിലയിരുത്തിയാല്‍ മനസിലാകും. ഒരു വികസനത്തെയും കണ്ണടച്ച് എതിര്‍ക്കുന്ന ശീലം അദ്ദേഹത്തിനില്ല. സില്‍വര്‍ റെയില്‍ വിഷയത്തിലും അദ്ദേഹത്തിന്റെ നിലപാട് അതുതന്നെയായിരുന്നു.
പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് തരൂര്‍ ഒരിക്കല്‍പോലും വകവയ്ക്കാറില്ലെന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടില്‍ നിന്നും വ്യക്തമായിരുന്നു. അതുതന്നെയാണ് സില്‍വര്‍ ലൈന്‍ വിഷയത്തിലും അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്ന് പറയുമ്പോഴും തരൂര്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്ക പാര്‍ട്ടിക്കുണ്ട്. വിശദമായി പഠിക്കാതെ സില്‍വര്‍ലൈനിനെ എതിര്‍ക്കാനാകില്ലെന്നാണ് തരൂര്‍ പറഞ്ഞത്. പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ തരൂരിനെ ഒറ്റയടിക്ക് തള്ളാനും അതേപോലെ തന്നെ ഉള്‍ക്കൊള്ളാനും ബുദ്ധിമുട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും പദ്ധതിയെ അനുകൂലിക്കുന്ന ഒരു ശബ്ദം ഉയര്‍ന്നതില്‍ സിപിഎം കേന്ദ്രങ്ങള്‍ സന്തോഷത്തിലാണ്.
അതുകൊണ്ടുതന്നെ തരൂരിനെ പരമാവധി പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനം. പക്ഷേ തരൂരിനെ പൂര്‍ണമായും തുണയ്ക്കുന്നത് പിന്നീട് തിരിച്ചടിക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്. അതേസമയം തന്റെ മണ്ഡലത്തിന്റെ രാഷ്ട്രീയം തന്നെയാണ് തരൂരിന്റെ നിലപാട്. തിരുവനന്തപുരത്തിന്റെ സ്വഭാവത്തിനൊപ്പം തന്നെ അദ്ദേഹം തുടരുമെന്ന് വ്യക്തം.