തിരുവനന്തപുരം: തുടര്‍ഭരണത്തിലും പിണറായി സര്‍ക്കാരിന് തലവേദനയുണ്ടാക്കി പോലീസ്. തൊടുന്നതെല്ലാം പിഴയ്ക്കുന്ന ആഭ്യന്തര വകുപ്പ് ഇടതു സര്‍ക്കാരിനും സിപിഎമ്മിനും വലിയ ക്ഷീണം തന്നെയാണ് ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു കയ്യാളുന്ന ആഭ്യന്തര വകുപ്പിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയ കൊലപാതകങ്ങളും പോലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് തുടര്‍ക്കഥയാകുകയാണ്.
സിപിഎം സമ്മേളന കാലയളവുകൂടിയായതിനാല്‍ കടുത്ത വിമര്‍ശനം പോലീസിനെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ ഉയരുന്നുണ്ട്. ആദ്യ പിണറായി സര്‍ക്കാരിലും ഏറെ ചീത്തകേള്‍പ്പിച്ചത് ആഭ്യന്തര വകുപ്പായിരുന്നു. അന്ന് രാഷ്ട്രീയ കൊലപാതകങ്ങളിലും ഗുണ്ടാ ഏറ്റുമുട്ടലുകളിലും പൊലീസ് സ്‌റ്റേഷന്‍ ഉരുട്ടിക്കൊലകളിലും പ്രതിക്കൂട്ടിലായത് ആഭ്യന്തരവകുപ്പായിരുന്നു.
ഭരണത്തുടര്‍ച്ചയിലും പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും തലപ്പത്ത് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സമ്മേളനങ്ങളിലെ പ്രധാന വിമര്‍ശനങ്ങള്‍. പൊലീസ് സ്‌റ്റേഷനുകള്‍ ഭരിക്കുന്നത് ആര്‍എസ്എസുകാരായ പോലീസുകാരാണെന്ന വിമര്‍ശനം പോലും സിപിഎം സമ്മേളനങ്ങളില്‍ ഉയര്‍ന്നു.
പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുന്ന വാദിയെക്കൂടി പ്രതിയാക്കി കേസെടുക്കുന്നു, പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോകാന്‍ പോലും ജനം ഭയപ്പെടുന്നു, പിങ്ക് പൊലീസ് അവമതിപ്പുണ്ടാക്കുന്നു, പൊലീസിന് മേല്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ല തുടങ്ങിയ രൂക്ഷവിമര്‍ശനങ്ങള്‍ സമ്മേളനങ്ങളിലുണ്ടായി.
ജില്ലാ സമ്മേളനങ്ങളില്‍ പിണറായി കൂടി പങ്കെടുക്കുന്നതോടെ മുഖ്യമന്ത്രിയുടെ പേര് പറയാതെയാണ് വിമര്‍ശനങ്ങളേറയും. മോന്‍സണ്‍ കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായതു മുതല്‍ ഏറ്റവും ഒടുവില്‍ ആലപ്പുഴയിലെ ഇന്റലിജെന്‍സ് വീഴ്ചയുമൊക്കെ പോലീസ് മന്ത്രിയുടെ പേര് കളഞ്ഞുകുളിച്ചിട്ടുണ്ട്. പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നാല്‍ അത് അവരുടെ മനോവീര്യത്തെ തകര്‍ക്കുമെന്ന ന്യായമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍ പോലീസ് കാണിക്കുന്നതെന്തും തലതിരിഞ്ഞു തന്നെയായി. വാദിയെ പ്രതിയാക്കിയും ഗാര്‍ഹിക പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ വിരട്ടിയും പിങ്ക് പോലീസ് എട്ടുവയസുകാരിയെ മോഷ്ടാവാക്കാന്‍ ശ്രമിട്ടതുമെല്ലാം പോലീസിനെതിരെ പൊതുജനത്തെ തിരിച്ചു. ഏറ്റവുമൊടുവില്‍ നൂറനാട്ട് പോലീസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് നടത്തിയത്.
പോലീസ് ഉത്തരവാദിത്വം മറക്കുന്നുവെന്ന വിമര്‍ശനം പൊതുവില്‍ ഉയര്‍ന്നു കഴിഞ്ഞു. തലസ്ഥാനത്ത് ഗുണ്ടാപ്പകയില്‍ ഒരാളെ വെട്ടിക്കൊന്ന് ഒരു കാല്‍ നടുറോഡില്‍ ഇട്ട പ്രതിയെ പിടിക്കാന്‍ 10 ദിവസത്തിലേറെയെടുത്തു എന്നത് വലിയ നാണക്കേടാണ് പോലീസിനുണ്ടാക്കിയത്.
രാഷ്ട്രീയകൊലകളില്‍ പക്ഷം പിടിക്കുന്നതും ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് പോലും സുരക്ഷയുറപ്പാക്കാന്‍ സാധിക്കാത്തതും പോലീസിനെതിരായ വിമര്‍ശനത്തിന് കാരണമാകുകയാണ്.
ആലപ്പുഴയില്‍ രാഷ്ട്രീയകൊലപാതകത്തിന് പ്രത്യാക്രമണമുണ്ടാകുമെന്ന് സ്വഭാവികമായും പ്രതീക്ഷിക്കുന്നതിന് പകരം അതിന് ന്യായീകരണമായി പോലീസ് പറഞ്ഞത് ഓരോ വീട്ടിലും കയറി സുരക്ഷ ഒരുക്കാനാവില്ലെന്നാണ്.
അക്രമത്തെ തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അതിനിടെയില്‍ ഗുണ്ടാ ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റതും ആലപ്പുഴയില്‍. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന ആരോപണം ശക്തമാകുകയാണ് ഈ സംഭവങ്ങളിലൂടെ.