/sathyam/media/post_attachments/vQ8Kbpl7xowAcTEGSw0h.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ പാലായില്‍ തോല്‍വിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയില്ല. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റിക്ക് ജാഗ്രതകുറവ് ഉണ്ടായി എന്നാണ് സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. കടുത്തുരുത്തിയിലും പാര്‍ട്ടിക്ക് വീഴ്ചയില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ ജോസ് കെ മാണിയുടെ തോല്‍വി പഠിക്കാന്‍ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എംടി ജോസഫ്, ടിആര്‍ രഘുനാഥ് എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു.
തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്കെതിരെ യുഡിഎഫിന്റെ ഭാഗത്തുനിന്നും വലിയ പ്രചാരണമുണ്ടായെന്നും ഇത്തരം പ്രചാരണങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കാനായില്ലെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ആയില്ല. പ്രാദേശിക സിപിഎം നേതാക്കളും കേരളാ കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കൃത്യമായ ആശയവിനിമയമുണ്ടായില്ല.
സിപിഎം തെരഞ്ഞെടുപ്പ് കമ്മറ്റി നിര്‍ദേശം ജോസ് കെ മാണിയടക്കം ചില സമയങ്ങളില്‍ പാലിച്ചില്ലെന്നും പ്രാദേശിക നേതാക്കള്‍ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നഗരസഭയിലെ സിപിഎം പ്രതിനിധിയും കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ ആരോഗ്യ സ്റ്റാന്‍റിങ്ങ് കകമ്മറ്റി ചെയര്‍മാനും തമ്മില്‍ കൗണ്‍സിലില്‍ വച്ച് കയ്യാങ്കളി നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരിച്ചിരുന്നു.
എന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ട ഗൗരവ തരത്തിലുള്ള വീഴ്ച പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. കടുത്തുരുത്തിയിലും സിപിഎമ്മിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജില്ല സെക്രട്ടറിയേറ്റും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.