സ്വപ്‌ന സുരേഷിന്റെ നിയമന വിവാദത്തില്‍ പി.ടി തോമസിന് ധനമന്ത്രി കൊടുത്ത മറുപടിയില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ ! സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന്റെ കൈവശമെന്ന് മറുപടി. റിപ്പോര്‍ട്ട് ഐടി വകുപ്പ് പരിശോധിക്കുകയാണെന്ന് മന്ത്രി ബാലഗോപാല്‍ ! പത്തുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ വകുപ്പ് പഠിക്കാത്ത റിപ്പോര്‍ട്ടിന്റെ തുടര്‍ ചോദ്യം പി.ടി അടുത്ത സമ്മേളനത്തില്‍ ചോദിക്കുമെന്ന് ഉറപ്പായിരുന്നു ! പി.ടി  തോമസിന്റെ അപ്രതീക്ഷിത വിടവാങ്ങലോടെ സ്വപ്നയുടെ ശമ്പളം നിയമനം നടത്തിയ ശിവശങ്കറില്‍ നിന്നു പിടിക്കണമെന്ന ധനകാര്യ പരിശോധന റിപ്പോര്‍ട്ട് നിത്യനിദ്രതയില്‍ ആകുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: ഏതു വിഷയത്തിലും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള പി.ടി തോമസിന്റെ മിടുക്ക് എടുത്തു പറയേണ്ടതാണ്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിലും ധനാഭ്യര്‍ത്ഥന ചര്‍ച്ചകളിലുമൊക്കെ ആ മിടുക്ക് എല്ലാവര്‍ക്കുമറിയാം. നിയമസഭയിലെ ചോദ്യങ്ങളിലും പി.ടിയുടെ ചോദ്യം സിപിഎമ്മിനെ പ്തിസന്ധിയിലാക്കുന്നതും പതിവാണ്.

സ്വര്‍ണക്കടത്തു കേസിലെ പല ചോദ്യങ്ങളിലും സര്‍ക്കാരിനെ ഇത്തരത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ പി.ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനോട് പി.ടി തോമസ് ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ ധനമന്ത്രി കൊടുത്ത മറുപടി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയാണ്.

publive-image

സ്വപ്ന സുരേഷിന്റെ നീയമനവുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നടത്തിയ റിപ്പോര്‍ട്ടില്‍ എടുത്ത നടപടിയെന്തെന്നായിരുന്നു പി.ടി തോമസ് എം.എല്‍എ ധനകാര്യ മന്ത്രി ബാലഗോപാലിനോട് ചോദിച്ചത്. പരിശോധന നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഭരണ വകുപ്പായ ഐടി വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ പരിശോധിക്കുകയാണെന്നുമായിരുന്നു ബാലഗോപാലിന്റെ മറുപടി.

ധനവകുപ്പ് റിപ്പോര്‍ട്ട് കൊടുത്തത് പത്ത് മാസം മുന്‍പാണ്. റിപ്പോര്‍ട്ടിന്‍ മേല്‍ യാതൊരു നടപടിയും മുഖ്യമന്ത്രിയുടെ വകുപ്പായ ഐടി വകുപ്പ് എടുത്തിട്ടില്ല. ഇതിന്റെ പ്രധാന കാരണം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണെന്ന് ഇതില്‍ നിന്നും വ്യക്തം.

publive-image

റിപ്പോര്‍ട്ടില്‍ പ്രതിഭാഗത്തുള്ളത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കരനാണന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.

ധനകാര്യ പരിശോധന റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ: 'ഐടി സെക്രട്ടറിയും കെഎസ്ഐറ്റിഎല്‍ ചെയര്‍മാനും ആയിരുന്ന ശിവ ശങ്കര്‍ ഐഎഎസ്, മാനേജിംഗ് ഡയറക്ടര്‍ ഡോ.സി. ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ ആസുത്രിതവും ബോധപൂര്‍വ്വവുമായ പ്രവൃത്തികള്‍ മൂലമാണ് ആവശ്യമായ യോഗ്യതകള്‍ പോലുമില്ലാത്ത സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി വഴി നീയമിക്കുന്നതിനുള്ള സാഹചര്യമൊരുക്കി, ശമ്പളമിനത്തില്‍ 19, 06, 730 രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് അനുവദിച്ച് നല്‍കുന്നതിന് കാരണമായത്.

വേണ്ടത്ര അക്കാദമിക്ക് യോഗ്യതയോ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ കണ്‍സള്‍ട്ടന്റായി ജോലി നോക്കിയ അനുഭവ പരിചയമോ ഇല്ലാത്ത സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് ശമ്പളമിനത്തില്‍ ജി എസ് ടി ഒഴിവാക്കി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് അനുവദിച്ച് കൊടുത്ത തുകയായ 16, 15, 873 രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറില്‍ നിന്ന് ഈടാക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഐറ്റിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അടിയന്തിരമായി കൈകൊള്ളേണ്ടതാണ്.

ഏതെങ്കിലും കാരണവശാല്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറില്‍ നിന്ന് ഈടാക്കാന്‍ കഴിയാതെ വന്നാല്‍ ആയത് പ്രസ്തുത നീയമനത്തിന് കാരണക്കാരായ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐറ്റിഎല്‍ ചെയര്‍മാനും ആയിരുന്ന എം ശിവശങ്കര്‍, മാനേജിംഗ് ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ്, സ്‌പെഷ്യല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്നും തുല്യമായി ഈടാക്കേണ്ടതാണ്'.

ചെറിയ തുകകള്‍ പോലും ഈടാക്കാന്‍ ജപ്തി നടപടികള്‍ തുടരുന്ന സംസ്ഥാനത്ത് തട്ടിപ്പിലൂടെ ജോലി നേടി ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയ സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ചു പിടിക്കണമെന്ന റിപ്പോര്‍ട്ട് യാതൊരു നടപടിയും എടുക്കാതെ മുഖ്യമന്ത്രിയുടെ ഐടി വകുപ്പില്‍ ഉറങ്ങുകയാണ്. വരാന്‍ പോകുന്ന നിയമസഭ സമ്മേളനത്തില്‍ വിഷയങ്ങള്‍ പിന്‍തുടര്‍ന്ന് പഠിക്കുന്നതില്‍ വിദഗ്ദ്ധനായ പി.ടി തോമസില്‍ നിന്നും ഇതിന്റെ തുടര്‍ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

പി.ടി തോമസിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ സ്വപ്ന സുരേഷിനെ സംബന്ധിച്ച ധനകാര്യ പരിശോധന റിപ്പോര്‍ട്ട് നിത്യ നിദ്രതയിലാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. അതേസമയം വിഷയം കോണ്‍ഗ്രസിന്റെ മറ്റുള്ള എംഎല്‍എമാര്‍ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന.

Advertisment