/sathyam/media/post_attachments/ifv6oIVjUhDNJnWuXFOg.jpg)
കൊച്ചി: പി.ടി തോമസ് എംഎല്‍എയുടെ വേര്‍പാടോടെ തൃക്കാക്കര മണ്ഡലം അനാഥമായി. ഏതാണ്ട് എട്ടുമാസം മാത്രമാണ് ഈ ടേമില്‍ പി.ടിക്ക് തൃക്കാക്കരയുടെ പ്രതിനിധിയാകാന്‍ കഴിഞ്ഞത്. പി.ടിയുടെ വിയോഗത്തോടെ തൃക്കാക്കരയില്‍ ഇനിയാര് എന്നതാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന പ്രധാന ചോദ്യം.
2016 മുതല്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് പി.ടി തോമസ് തൃക്കാക്കരയില്‍ നിന്നും വിജയിക്കുന്നത്. 2016 ല്‍ സിപിഎം സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോളിനെ 11,966 വോട്ടുകള്‍ക്കാണ് പിടി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടി ഭൂരിപക്ഷം കൂട്ടി.
സിപിഎം വീണ്ടും സ്വതന്ത്ര വേഷത്തില്‍ ഡോ. ജെ ജേക്കബിനെ ഇറക്കിയെങ്കിലും 13,813 വോട്ടുകള്‍ക്കാണ് പി.ടി തോമസ് വിജയിച്ചു കയറിയത്. അപ്രതീക്ഷിതമായുണ്ടായ പി.ടിയുടെ വിയോഗത്തോടെ പുതിയ ആളെ നിയോഗിക്കേണ്ട സ്ഥിതിയാണ് കോണ്‍ഗ്രസിന്. പി.ടിയുടെ കുടുംബത്തില്‍ നിന്നും ഒരാളെ പരീക്ഷിക്കാനുള്ള സാധ്യത കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പിടി തോമസിന്റെ ഭാര്യ ഉമ മുമ്പ് പഠന കാലത്ത് സജീവ കെഎസ് യു പ്രവര്‍ത്തകയായിരുന്നു. യൂണിയന്‍ ഭാരവാഹിയുമായിരുന്നിട്ടുണ്ട്. എന്നാല്‍ അവര്‍ മത്സരിക്കാനുള്ള സാധ്യത തീരെയില്ല. മക്കളും സജീവമായ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല.
തൃക്കാക്കരയുടെ സാമുദായിക പ്രാധാന്യം ആയുധമാക്കി ചില സ്ഥിരം 'പരാജിതര്‍' ഉള്‍പ്പെടെ മധ്യകേരളത്തില്‍ നിന്നും സീറ്റിനായി ലക്ഷ്യമിടുന്നുണ്ട്. യുഡിഎഫിന്‍റെ കുത്തക മണ്ഡലങ്ങള്‍ തേടിപ്പിടിച്ചു സീറ്റ് പിടിച്ചുവാങ്ങി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന ഇത്തരക്കാരെ ഇവിടേക്ക് പരിഗണിക്കരുതെന്ന വികാരം പാര്‍ട്ടിയില്‍ ഉയരും.
പിടിക്ക് പകരക്കാരന്‍ കൊച്ചിയില്‍ തന്നെയുള്ള നേതാക്കളാരെങ്കിലും ആകട്ടെയെന്നു തന്നെയായിരിക്കും പാര്‍ട്ടി പ്രാഥമികമായി പരിഗണിക്കുക. കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍, ഡിസിസി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടേക്കാം. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പു പരിഗണനയുണ്ടാകില്ലെന്നുറപ്പാണ്. മാത്രമല്ല ഗ്രൂപ്പ് രഹിതനായ പി.ടി തോമസ് മത്സരിച്ച സീറ്റില്‍ ഗ്രൂപ്പുകള്‍ക്ക് അവകാശവാദം ഉന്നയിക്കാനും കഴിയില്ല.
അതേസമയം, മരണശേഷം പി.ടി തോമസിന് ജന മനസുകളില്‍ ഉണ്ടായിരുന്ന സ്ഥാനവും അംഗീകാരവും കേരളത്തിലിരുന്നു നേരില്‍ കണ്ടറിഞ്ഞുപോയിരിക്കുന്ന രാഹുല്‍ ഗാന്ധി മനസില്‍ കാണുന്നത് എന്തായിരിക്കുമെന്നും കണ്ടറിയണം.