കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ വിയോഗത്തോടെ ഒഴിവു വന്നത് രണ്ടു പ്രധാന പോസ്റ്റുകളാണ്. തൃക്കാക്കരയിലെ എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായിരുന്നു പിടി.
അതുകൊണ്ടുതന്നെ ഈ രണ്ടു പദവികളിലേക്കും പകരക്കാരെ കണ്ടെത്തുക എന്ന ദുഷ്‌കരമായ ജോലി കൂടി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പ്രഖ്യാപിക്കാനാണ് സാധ്യത. അവിടെ ഉപതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തുടങ്ങേണ്ടി വരും. എന്നാല്‍ കോണ്‍ഗ്രസിലെ വര്‍ക്കിങ് പ്രസിഡന്റിനെ ഉടന്‍ കണ്ടെത്തേണ്ടി വരും.
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മധ്യകേരളത്തില്‍ നിന്നും തന്നെയാകും പിടിക്ക് പകരക്കാരനും വരികയെന്നാണ് സൂചന. പുതിയ വര്‍ക്കിങ് പ്രസിഡന്റായി ചെറുപ്പക്കാര്‍ തന്നെ വരണമെന്നാണ് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.
വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് റോജി എം ജോണ്‍, മാത്യു കുഴന്‍നാടന്‍ എന്നിവരിലാരെയെങ്കിലും പരിഗണിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം . സംഘടനാ പാടവമുള്ളവരാണ് ഇരു നേതാക്കളും. എംഎല്‍എമാരെന്ന നിലയിലും ഇരുവരും മികവും പുലര്‍ത്തിയിട്ടുണ്ട്.
കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള യുവ നേതാക്കളില്‍ ഒരുപടി മുകളിലാണ് റോജി. നേരത്തെ യുവ നേതാക്കളെ പരിഗണിക്കുന്ന വേളയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കും എന്‍ എസ് യു മുന്‍ ദേശീയ അദ്ധ്യക്ഷന്‍കൂടിയായ റോജിയുടെ പേര് ചര്‍ച്ചയ്ക്ക് വന്നിരുന്നു.
എന്‍എസ് യു ദേശീയ നേതൃത്വത്തിലായിരുന്നപ്പോഴേ റോജി മികച്ച സംഘാടകന്‍ കൂടിയായിരുന്നു. അന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ റോജി നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുവേണം പുതിയ വര്‍ക്കിങ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനെന്നാണ് ആവശ്യം.
ഹൈക്കമാന്‍ഡിനും റോജിയോട് എതിര്‍പ്പില്ല. സംസ്ഥാന നേതൃത്വത്തിനും റോജിയോട് അനുകൂലമായ നിലപാടാണ്. മാത്യു കുഴല്‍നാടന്റെ കാര്യത്തിലും ഇതേ സാഹചര്യം തന്നെയാണുള്ളത്.
എന്നാല്‍ പിടിയുടെ ഒഴിവില്‍ വന്ന വര്‍ക്കിങ് പ്രസിഡന്റ് പദവി ഗ്രൂപ്പുകള്‍ക്ക് വിട്ടു നല്‍കണമെന്ന ആവശ്യം എ,ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി ആരെന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ നിലപാട്.
ജോസഫ് വാഴയ്ക്കന്‍, കെസി ജോസഫ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ഗ്രൂപ്പുകള്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തില്‍ കണ്ണുവച്ചിട്ടുള്ളത്. എന്നാല്‍ ഗ്രൂപ്പു മാനേജര്‍മാരെ ആരെയും ഈ പദവിയിലേക്ക് പരിഗണിക്കരുതെന്നു തന്നെയാണ് പ്രവര്‍ത്തക വികാരം.
ഇനിയും ഇത്തരക്കാരെ പ്രധാന പദവിയില്‍ പരിഗണിച്ചാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പു പ്രവര്‍ത്തനം വീണ്ടും ശക്തമാകും എന്നു തന്നെയാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അത് പാര്‍ട്ടിയുടെ നിലവിലെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തെ പിന്നോട്ടു നയിക്കാനേ ഉപകരിക്കൂ എന്നാണ് വിമര്‍ശനം.