സംസ്ഥാന രാഷ്ട്രീയത്തിലും വാണവരും വീണവരും നിരവധി ! ഭരണതുടര്‍ച്ചയിലൂടെ പിണറായി വിജയന് 2021 നേട്ടം സമ്മാനിച്ചപ്പോള്‍ നേതാക്കളെന്ന വെറും പദവിയിലൊതുങ്ങി ആര്‍സിയും ഒസിയും ! പ്രസക്തി നഷ്ടപ്പെട്ട കോണ്‍ഗ്രസിലെ അരഡസന്‍ നേതാക്കള്‍. ചവറയില്‍ പോലും സ്വാധീനമില്ലാതെ നിസഹായരായ ആര്‍എസ്പി ! കേരള രാഷ്ട്രീയം 2021 വിലയിരുത്തുമ്പോള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: രാഷ്ട്രീയരംഗത്തും 2021 ചിലര്‍ക്ക് നഷ്ടവും മറ്റു ചിലര്‍ക്ക് വലിയ നേട്ടവുമായാണ് കടന്നു പോകുന്നത്. സിപിഎം അടക്കമുള്ള ഇടതുപക്ഷ മുന്നണിയിലെ കക്ഷികള്‍ക്ക് ഈ വര്‍ഷം നേട്ടമായപ്പോള്‍ യുഡിഎഫിലെ പല ഘടകകക്ഷികള്‍ക്കും പ്രസക്തി തന്നെ നഷ്ടമായതും 2021ല്‍ തന്നെയാണ്.

മിന്നല്‍ പിണറായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ രണ്ടാം തവണയും വിജയത്തേരേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈവര്‍ഷവും ഏറെ നേട്ടമുണ്ടാക്കിയത്. മറ്റു മന്ത്രിമാരെ അപ്രസക്തനാക്കുന്ന തരത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ 2021ലെ നേട്ടം. പാര്‍ട്ടിയിലും കരുത്തനായി അദ്ദേഹം തിളങ്ങി നില്‍ക്കുന്നു.

വര്‍ഷാവസാനത്തില്‍ കൊടിയേറി കോടിയേരി

publive-image

2021ന്റെ തുടക്കം അത്ര നല്ലതല്ലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ വര്‍ഷം അവസാനത്തിലേക്ക് കടന്നതോടെ കോടിയേരിക്ക് ഗുണകരമായി. മകന്‍ ജയില്‍ മോചിതനായി.

എകെജി സെന്ററിലെ പാര്‍ട്ടി സെക്രട്ടറിയുടെ കസേരയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയത്തി.

പാലായില്‍ തോറ്റെങ്കിലും ജോസിന്റെ സമയം തെളിഞ്ഞു

publive-image

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് വ്യക്തിപരമായി അത്ര നല്ലതല്ലെങ്കിലും പാര്‍ട്ടിക്ക് 2021 നേട്ടം തന്നെയാണ് സമ്മാനിച്ചത്. ഇടതുമുന്നണിക്ക് ഭരണ തുടര്‍ച്ച നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയുമടക്കം പാര്‍ട്ടിക്ക് കിട്ടുകയും ചെയ്തു. രാജ്യസഭയിലേക്ക് തന്റെ തന്നെ ടേമില്‍ ജോസ് കെ മാണി പ്രതിനിധിയാകുകയും ചെയ്തു.

മന്ത്രിസഭയിലെ പുതുമുഖങ്ങള്‍ക്കും ഇത് നേട്ടങ്ങളുടെ വര്‍ഷം

വീണാ ജോര്‍ജും മുഹമ്മദ് റിയാസും ആന്റണി രാജുവും അടക്കമുള്ള മന്ത്രിമാര്‍ക്കും ഇത് നേട്ടത്തിന്റെ വര്‍ഷമായിരുന്നു. പുതുമുഖങ്ങള്‍ക്ക് കൂടുതലായി അവസരം നല്‍കാനുള്ള സിപിഎം തീനുമാനത്തിലൂടെ ആദ്യമായി വിജയിച്ച റിയാസും മന്ത്രി പദവിയിലേക്കെത്തി.

കാലിടറി കോണ്‍ഗ്രസ് ! പ്രതീക്ഷയോടെ സ-സു സഖ്യം

തുടര്‍ച്ചയായ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണത്തില്‍ നിന്നു മാറി നില്‍ക്കുന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 90ലേറെ സീറ്റില്‍ മത്സരിച്ചിട്ടും 22ല്‍ മാത്രമെ വിജയിക്കാനായുള്ളൂ.

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് കനത്ത പരാജയമായതോടെ നേതൃമാറ്റം എന്ന നിലയിലേക്ക് ഹൈക്കമാന്‍ഡും എത്തി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും എത്തി. ഇരുവര്‍ക്കും ഇത് നേട്ടമായി.

വലിയ പ്രതീക്ഷയോടെയാണ് ഇവരെ പ്രവര്‍ത്തകര്‍ കാണുന്നത്.

നേതാക്കന്‍മാരെങ്കിലും അണികളിലില്ലാതെ ഒസിയും ആര്‍സിയും

publive-image

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം കോണ്‍ഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിലെ ഉന്നതരെ തളര്‍ത്തി. ഉന്നത നേതാക്കളെന്ന് വിളിക്കുന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയ പ്രസക്തി അപ്രസക്തമായ വര്‍ഷം കൂടിയാണിത്.

ഹൈക്കമാന്‍ഡും ഇരു നേതാക്കളെയും തഴഞ്ഞ മട്ടാണ്. അണികളാകട്ടെ ഇവരെ വിട്ട് പുതിയ അധികാര കേന്ദ്രങ്ങളിലേക്ക് മാറി.

കേരളാ കോണ്‍ഗ്രസിന്റെ കഷ്ടകാലം

publive-image

പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വീണ്ടും നിയമസഭാ അംഗബലത്തില്‍ രണ്ടിലേക്ക് ചുരുങ്ങിയതും ഈ വര്‍ഷം തന്നെ. ജോസഫിലും മോന്‍സിലും മാത്രമായി ഈ സാന്നിധ്യം ഒതുങ്ങി. അധികാരമില്ലെങ്കിലും അധികാര തര്‍ക്കവും പ്രതിസന്ധിയും കേരളാ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ്.

മുഖം നഷ്ടമായ ലീഗ് ! ഒപ്പം പ്രതിസന്ധിയും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടായതോടെ മുസ്ലീംലീഗും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാര്‍ട്ടിയുടെ ഉറച്ച കോട്ടയില്‍ പോലും തോല്‍വി ഏറ്റുവാങ്ങിയതോടെ കാലുവാരന്‍ പരാതിയും ഉയര്‍ന്നു.

അതിനിടെയാണ് വിവിധ വിഷയങ്ങളില്‍ ലീഗില്‍ വിഷയങ്ങളും തുടങ്ങിയത്. ചന്ദ്രിക കള്ളപ്പണകേസിലെ ആരോപണം തങ്ങള്‍ കുടുംബത്തെ പോലും കുഞ്ഞിക്കുട്ടിക്ക് എതിരെയാക്കി.

പ്രസക്തി നഷ്ടപ്പെട്ട ചവറയിലെ ആര്‍എസ്പി

യുഡിഎഫില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് പ്രതീക്ഷ ആര്‍എസ്പിക്ക് നഷ്ടമായി. ഷിബു ബേബിജോണും എഎ അസീസുമൊക്കെ നിരാശരാണ്. അവിടെ എന്തെങ്കിലുമൊക്കെ പ്രതീക്ഷയുള്ളത് എന്‍കെ പ്രേമചന്ദ്രന് മാത്രമാണ്.

അതുകൊണ്ടുതന്നെ ആര്‍എസ്പിക്ക് പൊതുവില്‍ നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2021.

പ്രസക്തി നഷ്ടപ്പെട്ട മുല്ലപ്പള്ളിയും ഹസനും സുധീരനുമടക്കമുള്ള നേതാക്കള്‍

publive-image

നേതാക്കളാല്‍ സമ്പന്നമായ കോണ്‍ഗ്രസില്‍ ഒരുഡസന്‍ നേതാക്കളെങ്കിലും ഇപ്പോള്‍ അപ്രസക്തരാകുകയാണ്. യുഡിഎഫ് കണ്‍വീനെറന്ന പേരുണ്ടെങ്കിലും എംഎം ഹസന്റെ പദവി കാര്യമായ ചലനമുണ്ടാക്കുന്നില്ല. മുല്ലപ്പള്ളിയുടെയും വിഎം സുധീരന്റെയും സ്ഥിതിയും ഇതുതന്നെ.

തെരഞ്ഞെടുപ്പില്‍ തോറ്റതോടെ കോണ്‍ഗ്രസിലെ പല പ്രമുഖരും രാഷ്ട്രീയം തന്നെ അവസാനിപ്പിച്ച മട്ടാണ്. ഇവര്‍ക്കൊക്കെയും ഈ വര്‍ഷം അത്ര നല്ലതായിരുന്നില്ല. പക്ഷേ രാഷ്ട്രീയമാണ്.

എല്ലാ പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ 2022നെ പ്രതീക്ഷയോടെ എല്ലാവരും കാണുന്നത്.

Advertisment