തിരുവനന്തപുരം: കോണ്‍ഗ്രസിനെ ചൊല്ലി ഇടതുപക്ഷത്തും തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനാകില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയുടെ പ്രസ്താവനയെ പിന്തുണച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നതോടെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടല്ല സിപിഐക്ക് എന്നു വ്യക്തം.
കഴിഞ്ഞ ദിവസം പിടി തോമസ് അനുസ്മരണ സമ്മേളനത്തിലായിരുന്നു ബിനോയി വിശ്വം സിപിഐ നിലപാട് പറഞ്ഞത്. കോണ്‍ഗ്രസ് തകരരുതെന്നാണ് തങ്ങളുടെ നിലപാടെന്നും കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു തന്നെ കേരളത്തിലെ തര്‍ക്കങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് താന്‍ ഇതു പറയുന്നതെന്നും ബിനോയി വിശ്വം എംപി വ്യക്തമാക്കി. നേരത്തെ സിപിഎം കേന്ദ്ര കമ്മറ്റി കോണ്‍ഗ്രസ് ബന്ധത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസില്ലാതെ ബദല്‍ ഉണ്ടാകില്ലെന്നു സിപിഐ നേതാക്കള്‍ പറയുന്നത് ദേശീയ തലത്തില്‍ ഇടതുപക്ഷത്തില്‍ കടുത്ത ഭിന്നതയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിക്കുന്നുവെന്ന യാഥാര്‍ത്ഥം സിപിഐ തിരിച്ചറിഞ്ഞു എന്നതു തന്നെയാണ് സത്യം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യ ഒരു ഏകകക്ഷി ഭരണരാജ്യമായി മാറുമോയെന്ന ഭയം പല രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുണ്ട്.
ഇടതുപക്ഷത്തിന് മാത്രല്ല, പല പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയും ഉണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥാനത്തേക്ക് എല്ലായിടത്തും സംഘപരിവാര്‍ വളരാനിടയുണ്ടെന്ന വിലയിരുത്തല്‍ പല പാര്‍ട്ടികള്‍ക്കുമുണ്ട്. പക്ഷേ നിലനില്‍പ്പിന്റെ പേരില്‍ ഈ സത്യം പലരും പറയാന്‍ മടിക്കുമ്പോഴാണ് സിപിഐ കേന്ദ്രകമ്മറ്റിയംഗം കൂടിയായ ബിനോയി വിശ്വം ഇതു ഇടതുപക്ഷത്തെ കൂടി ഓര്‍മ്മിപ്പിക്കുന്നത്.
ഈ വിഷയത്തില്‍ സിപിഐയെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തി. സിപിഎമ്മും സിപിഐയും തമ്മിലുള്ള വ്യത്യാസമാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടേത് മതേതര നിലപാടാണെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ബിനോയി വിശ്വത്തിന്റെ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കേരള ഘടകത്തിലെ നേതാക്കളാണ് കടുത്ത പ്രതിഷേധമുയര്‍ത്തുന്നത്. സിപിഎമ്മിന് കൂടുതല്‍ സ്വാധീനമുള്ള കേരളത്തില്‍ ഈ പ്രസ്താവന ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. ഡാങ്കേയുടെ പ്രേതം കൂടിയവരെന്നാണ് സിപിഐ നേതാക്കളെ സിപിഎം പരിഹസിക്കുന്നത്.