കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നന്‍; ആ ഗുണങ്ങള്‍ എനിക്കുണ്ടാകരുതേയെന്നാണ് പ്രാര്‍ഥന: രാത്രിയാകുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നവര്‍ പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരേണ്ട ! ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

New Update

publive-image

Advertisment

ആലപ്പുഴ: ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

നിയമവിരുദ്ധമായ കണ്ണൂര്‍ വിസി നിയമനത്തിന് ഗവര്‍ണര്‍ ആദ്യം കൂട്ടുനിന്നു. പിന്നീട് നിയമനം തെറ്റാണെന്നു പറഞ്ഞു. തെറ്റാണെന്നു പറഞ്ഞ സ്ഥിതിക്ക് വിസിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമായിരുന്നുവെന്നാണ് പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണം. ഇതു രണ്ടും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നു ഗവര്‍ണര്‍ പറഞ്ഞത് നിയമവിരുദ്ധമാണെന്നു പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാരിനെ സഹിയിക്കാനാണെന്നു പറയാന്‍ തലതിരിഞ്ഞ ബിജെപി നേതാക്കള്‍ക്ക് മാത്രമെ സാധിക്കുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി മുരളീധരനും കെ സുരേന്ദ്രനും. ഇവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാന്‍ വരുന്നത്.

പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബിജെപി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ആളാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ട.

നിര്‍ഗുണനായ പ്രതിപക്ഷ നേതാവെന്നാണ് കെ സുരേന്ദ്രന്‍ തന്നെപ്പറ്റി പറഞ്ഞത്. സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

വായപോയ കോടാലി പോലെ വാലും തലയുമില്ലാതെ ഓരോന്ന് പറയുന്നത് ഏറ്റുപിടിക്കാന്‍ ബിജെപിയുടെ മെഗാഫോണല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും. പിണറായി ഉള്‍പ്പെടെ ഒരാളോടും വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സര്‍ഗാത്മകവുമാണ്.

കേരളത്തില്‍ നഷ്ടപ്പെട്ട ഇടം നേടിയെടുക്കാനാണ് വര്‍ഗീയതയും കൊലപാതകവുമായി സംഘപരിവാര്‍ ശക്തികള്‍ വരുന്നത്. ഇവര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മുമായി ധാരണയുണ്ടാക്കി അവര്‍ക്ക് വേട്ടു ചെയ്ത ആളുകളാണ്.

സിപിഎമ്മാകാട്ടെ എസ്‌ഡിപിഐയുമായും ബിജെപിയുമായും കൂട്ടുകൂടും. എന്നാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Advertisment