Advertisment

ജോസ് കെ മാണിയുടെ നിര്‍ദേശം അറംപറ്റുമോ ? 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി ഇടതുമുന്നേറ്റത്തിന് നീക്കം. ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ഉടന്‍ ചര്‍ച്ച. മൂന്നാം മുന്നണിയെ പിണറായി നയിക്കുമോ ?

New Update

publive-image

Advertisment

ഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തി മൂന്നാം മുന്നണി രൂപീകരിക്കണമെന്ന അഭിപ്രായം ശക്തിപ്പെടുന്നു.

സിപിഎമ്മിന്‍റെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി മുന്നോട്ടുവച്ച നിര്‍ദേശം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന അഭിപ്രായമാണ് കേരളത്തിലെ ഭൂരിപക്ഷം ഇടതുമുന്നണി നേതാക്കളും പങ്കുവയ്ക്കുന്നത്.

കോട്ടയം ജില്ലാ സമ്മേളനത്തിലെ ഇതു സംബന്ധിച്ച ജോസ് കെ മാണിയുടെ പ്രസംഗത്തിനു പിന്നാലെ മന്ത്രി വി അബ്ദുറഹ്മാനും ഈ നിര്‍ദേശം പരസ്യമായി മുന്നോട്ടു വച്ചിരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് ഈ നിര്‍ദേശത്തോട് ആഭിമുഖ്യമുണ്ട്.

ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ ഡിഎംകെ, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുമായി കൂടിയാലോചിച്ച് ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദേശീയ മുന്നേറ്റത്തിന് നീക്കം ആരംഭിച്ചത്.

കേരളത്തില്‍നിന്നുള്ള സിപിഎം പിബി അംഗങ്ങളുടെയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും ചില എംപിമാരുടെയും നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

2024 ൽ നടക്കുന്ന പൊതു തെരഞ്ഞടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന പ്രാദേശിക പാർട്ടികളുടെ കോൺഫഡറേഷൻ രാജ്യം ഭരിക്കുമെന്നാണ് ജോസ് കെ മാണി കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞത്. പ്രാദേശിക പാർട്ടികളുടെ ഐക്യനിര വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തുന്നത് ഇതിൻെറ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ സാന്നിധ്യത്തിലായിരുന്നു ജോസിൻ്റെ അപ്രതീക്ഷിത ഇടപെടൽ.

നാലര പതിറ്റാണ്ടിന് ശേഷം കേരളത്തിൽ ഇടത് പക്ഷത്തിന് തുടർ ഭരണം സാധ്യമാക്കാമെങ്കിൽ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയെ നയിക്കുക എന്നത് അതിശയോക്തിയല്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്.

ഇനി രാജ്യത്തെ നയിക്കാൻ പോകുന്നത് കേരള മോഡലാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ മറികടന്നാണ് 2021 ൽ പിണറായി വിജയൻ്റെ നേത്യത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിലെത്തിയത്. മനുഷ്യനിലൂന്നിയുള്ള വികസനമാണ് ഇടതു സർക്കാരിൻ്റെ അടിത്തറ. കോൺഗ്രസ് ദേശീയ തലത്തിൽ ദുർബലപ്പെട്ടു കഴിഞ്ഞു. ഇന്ത്യയെ നയിക്കാനുള്ള ബാല്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടുപിന്നാലെ ജോസ് കെ മാണിയുടെ വാക്കുകൾ മന്ത്രി വി അബ്ദുറഹ്മാൻ ഏറ്റെടുത്തു. 2024 ൽ ഇന്ത്യയെ പിണറായി വിജയൻ നയിക്കുമെന്ന് ഒരു പടി കൂടി കടന്ന് മന്ത്രി പറഞ്ഞു.

2024 ൽ ഇടത് പാർട്ടികളുടെ മുന്നേറ്റം സാധ്യമാകുമെന്ന തരത്തിൽ സി പി ഐ എം കേന്ദ്ര നേതൃത്വവും രംഗത്തെത്തി. എന്നാൽ പ്രധാനമന്ത്രിയെ ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ലെന്നും സീതാറാം യച്ചൂരി പറഞ്ഞു.

ഇതിന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 2024 ൽ ഇടതുഭരണം എന്നത് സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കി.

മുമ്പ് കെ.എം.മാണി സാറിൻ്റെ ചില പ്രസ്താവനകൾ ദേശീയ രാഷ്ട്രീയം സംബന്ധിച്ച്  ഇത്തരത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ പ്രസ്താവന ചർച്ചയാകുന്നത് ഇത് ആദ്യമായാണ്.

Advertisment