Advertisment

ശശി തരൂര്‍ റെഡി ! കെ മുരളീധരനും കേരളം മതി, വിജയത്തിനായി എന്തിനും തയ്യാറായി വിഡി സതീശനും ! നാലു ജനപ്രിയ 'ബ്രാന്‍ഡുകളെ' അണിനിരത്തി കേരളം തിരിച്ചു പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കരുക്കള്‍ നീക്കി മുസ്ലിം ലീഗും ! അണികള്‍ക്ക് പ്രതീക്ഷയായി കോണ്‍ഗ്രസില്‍ പുതിയ കരു നീക്കങ്ങള്‍ തകൃതി !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം തിരുത്തി തുടര്‍ ഭരണം നേടിയ പിണറായി സര്‍ക്കാരിന് വെല്ലുവിളിയായി കോണ്‍ഗ്രസിന്‍റെ നാല് 'ജനപ്രിയ ബ്രാന്‍ഡുകള്‍' കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നു. ഏത് വിധേനയും അടുത്ത തവണ ഭരണം തിരിച്ചു പിടിക്കുകയല്ലാതെ മറ്റ് ഗത്യന്തരങ്ങള്‍ മുന്നിലില്ലാത്ത സാഹചര്യത്തില്‍ ശക്തരായ നേതൃനിരയെ അവതരിപ്പിച്ച് വിജയക്കൊടി പാറിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ലക്ഷ്യം വയ്ക്കുന്നത്.

ഇതിനായി അന്തര്‍ദേശീയ തലത്തില്‍ തന്നെ മികച്ച വ്യക്തിത്വമായി മാറിയ ഡോ. ശശി തരൂര്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ എന്നിവരെക്കൂടി അടുത്ത തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനാണ് ആലോചന. എന്നു മാത്രമല്ല, രണ്ടു നേതാക്കളും അടുത്ത തവണ ലോക്സഭയിലേയ്ക്ക് മത്സരിക്കാതെ മാറിനിന്ന് വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ സജീവമാകാനുള്ള താല്‍പര്യം ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേത‍ൃത്വത്തെ സംബന്ധിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണെന്നതിനാല്‍ ഹൈക്കമാന്‍റ് ഇവരുടെ താല്‍പര്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.

എന്തായാലും ഇരു നേതാക്കളുടെയും ലക്ഷ്യം കേരളം തന്നെ. കെ മുരളീധരന് പണ്ട് രണ്ടു മാസം തികയും മുമ്പ് കൈവിട്ടുപോയ മന്ത്രിസ്ഥാനത്തിനു പകരം കേരളത്തില്‍ മികച്ചൊരു ക്യാബിനറ്റ് പരിഗണനയാണ് ലക്ഷ്യമെങ്കില്‍ ശശി തരൂരിന്‍റെ ചുവട് ഒരുപടി കൂടി കടന്നതാണ്.

ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനമോ പാര്‍ട്ടി നേതൃത്വത്തിലെ മുഖ്യ പദവിയോ ലക്ഷ്യം വച്ചുകൊണ്ടിരുന്ന തരൂര്‍ എന്തായാലും കേരളത്തിലെ ഒരു മന്ത്രിപദവികൊണ്ട് തൃപ്തനാകാനില്ല. പകരം അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രി സ്ഥാനം തന്നെയാണ്.

തരൂരിന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ മൂന്നില്‍ രണ്ടിലുമധികം ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പുള്ള യുഡിഎഫിന് അങ്ങനൊരു നിര്‍ണായക നീക്കത്തോട് വിയോജിപ്പില്ല, പ്രത്യേകിച്ചും യുഡിഎഫ് മുന്‍പത്തേക്കാളും ദുര്‍ബലമായ സാഹചര്യത്തില്‍.

publive-image

മാത്രമല്ല, ശശി തരൂര്‍ നേതൃത്വത്തിലേയ്ക്ക് വന്നാല്‍ ഇപ്പോള്‍ ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് - എം ഉള്‍പ്പെടെയുള്ള കക്ഷികളെ തിരികെ യുഡിഎഫിലെത്തിക്കാം എന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ശശി തരൂരും ജോസ് കെ മാണിയും വ്യക്തിപരമായി ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ്.

ശശി തരൂരിനും മുരളീധരനുമൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിയാകുമ്പോള്‍ 'നാല് ജനപ്രിയ ബ്രാന്‍ഡുകളെ' അണിനിരത്തി ജനപിന്തുണ ആര്‍ജിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. കോണ്‍ഗ്രസിനേക്കാളും പുതിയ നീക്കത്തില്‍ മുസ്ലിം ലീഗിന്‍റെ കരുനീക്കങ്ങളും ശക്തമാണ്.

അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വിജയിക്കാനായില്ലെങ്കില്‍ പിന്നെ മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുമെന്ന് ലീഗിന്‍റെ പുതിയ നേതൃത്വത്തിന് ബോധ്യമുണ്ട്. അതിനാല്‍ തന്നെ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്‍റെ നേതൃനിര കരുത്തുറ്റതാകണമെന്ന നിര്‍ദേശം അവര്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുമ്പില്‍ തന്നെ വച്ചിട്ടുണ്ട്. അതംഗീകരിക്കാതിരിക്കുക ഹൈക്കമാന്‍റിനും സാധ്യമല്ല.

പ്രതിപക്ഷ നേതാവ് വിഡി സതീശന് നിലവില്‍ വ്യക്തിപരമായ നേട്ടങ്ങളേക്കാളധികം പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയമാണ് പ്രധാനം. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിനായി കടിപിടി കൂടാനില്ലെന്ന് പരസ്യമായി തന്നെ വ്യക്തമാക്കി കഴി‍ഞ്ഞു.

നിലവില്‍ കേരളത്തിലെ യുഡിഎഫ് നേതൃനിരയില്‍ ഏറ്റവും ജനപ്രിയനായ നേതാവും സതീശന്‍ തന്നെയാണ്. സര്‍ക്കാരിനെ മുള്‍മുനയിലാണ് പ്രതിപക്ഷം നിര്‍ത്തിയിരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ യുവനേതൃത്വങ്ങള്‍ സതീശനെയാണ് ഉയര്‍ത്തി കാണിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ അങ്ങനുള്ള ഒരു മുന്നേറ്റം ഉണ്ടായാലുള്ള അപകടം നന്നായി അറിയുന്നയാളാണ് വിഡി സതീശന്‍.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവിയിലാണ് ലക്ഷ്യമെങ്കിലും അതിനി അത്ര എളുപ്പമായിരിക്കില്ലെന്ന് അദ്ദേഹത്തിനു തന്നെ പതിയെ ബോധ്യമായി വരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ നിന്നും ഇടവേളയെടുത്തതോടെ ചെന്നിത്തലയും പാര്‍ട്ടിയിലും യുഡിഎഫിലും കൂടുതല്‍ ജനകീയനായി മാറുന്നുണ്ടെന്നതും വസ്തുത തന്നെ.

ഉമ്മന്‍ ചാണ്ടിയുടെ ജനകീയതയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹം ഇനി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറുമല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനി നവ നേതൃത്വമാണ് നയിക്കുക എന്നത് ഉറപ്പാണ്.

Advertisment