Advertisment

ഉടയാത്ത ഖദറുമായി ഫോട്ടോഷൂട്ട് ലക്ഷ്യമിട്ട് ഭാരത് ജോഡോ യാത്രയ്ക്കെത്തുന്ന ഷോമാന്‍മാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത വിലക്ക് ! നേതാക്കള്‍ക്കും രാഹുലിന്‍റെ താക്കീത് ! സമൂഹത്തിന്‍റെ യഥാര്‍ഥ പ്രതിഫലനമാണ് യാത്രയില്‍ പ്രതിഫലിക്കേണ്ടതെന്ന് രാഹുലിന്‍റെ നിര്‍ദ്ദേശം. ആരൊക്കെ പ്രസംഗിക്കണം, സ്റ്റേജില്‍ കയറണം, ഒപ്പം നടക്കണമെന്നതില്‍ യാത്ര പകുതി പിന്നിട്ടിട്ടും ധാരണയില്ല. സംഘാടകത്വത്തില്‍ വന്‍ പിഴവെന്നും ആക്ഷേപം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇവന്‍റുകള്‍ ആഘോഷമാക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കിലും പാര്‍ട്ടി പരിപാടികള്‍ ഒന്നുപോലും മിസാക്കരുതെന്ന് നിര്‍ബന്ധമുണ്ടവര്‍ക്ക്. ഭാരത് ജോഡോ യാത്രയുടെ വിജയത്തിലും ഒരു പരിധിവരെ അതുതന്നെ.

പക്ഷേ രാഹുല്‍ ഗാന്ധിയുടെ കര്‍ശന ഇടപെടല്‍ ഷോമാന്‍മാരായ കോണ്‍ഗ്രസുകാരെ വെട്ടിലാക്കിയിരിക്കുകയാണ്. ഉടയാത്ത ഖദറുമായി നേതാക്കളെ മുഖം കാണിക്കാനും ഫോട്ടോ ഷൂട്ടിനുമായി എത്തുന്ന നേതാക്കളെ ഏഴയല്‍പക്കത്തേക്ക് വിട്ടേക്കരുതെന്നാണ് രാഹുല്‍ കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനും നല്‍കിയിരിക്കുന്ന നിര്‍ദേശമത്രെ.


യാത്രയില്‍ രാഹുലിനൊപ്പം നടക്കാനും ഫോട്ടോ ഒപ്പിക്കാനുമായി ആദ്യ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു. തുടക്കത്തില്‍ നേതാക്കളോട് അക്ഷമ

കാണിക്കാതിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളോട് കയര്‍ത്തത്രെ.


തനിക്കു വേണ്ടത് ഉടയാത്ത ഖദറുമായി ഷോകാണിക്കാന്‍ വരുന്നവരെയല്ലെന്ന് രാഹുല്‍ നേതൃത്വത്തോട് തിര്‍ത്തു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

publive-image

സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങള്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍സ്... ഇങ്ങനെയുള്ളവരെയാണ് ഒപ്പം നടക്കാനും യാത്രയില്‍ അണിചേരാനും കൂടെ വേണ്ടതെന്നാണ് രാഹുലിന്‍റെ നിര്‍ദേശം.


കഴിഞ്ഞ ദിവസം ഭാരത് ജോഡോ ആലപ്പുഴയിലെത്തിയപ്പോഴാണ് രാഹുല്‍ നിലപാട് കര്‍ശനമാക്കിയത്. അതോടെ യാത്രയുടെ മുന്‍നിരതന്നെ മാറി തുടങ്ങിയിട്ടുണ്ട്.


ആലപ്പുഴയില്‍ വച്ചുതന്നെ ഇടുക്കിയിലെ ആദിവാസി രാജാവും സമുദായാംഗങ്ങളും നേരിട്ടെത്തി യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു മടങ്ങിയിരുന്നു. ഇവരുമായി രാഹുല്‍ കൂടിക്കാഴ്ചയും നടത്തി. ഇന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രയിലുണ്ടായിരുന്നു.

publive-image

ഭാരത് ജോഡോ യാത്രയുടെ കോ-ഓര്‍ഡിനേഷന്‍ സംബന്ധിച്ച് നേരത്തേ പരാതികളുണ്ടായിരുന്നു. യാത്ര ഓരോ പ്രദേശത്തും എത്തുമ്പോള്‍ ആ പ്രദേശത്തെ നേതാക്കളെയും ജനപ്രതിനിധികളെയും യാത്രയുടെ മുന്‍നിരയില്‍ അണിനിരത്തുകയെന്ന സ്വാഭാവിക നടപടി പോലും സംഘാടകരില്‍ നിന്നുണ്ടായില്ല.


കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്കാണ് കേരളത്തില്‍ ഭാരത് ജോഡോ യാത്രയുടെ ചുമതല. അതിനാല്‍ തന്നെ മറ്റുള്ള നേതാക്കള്‍ക്ക് അതിലിടപെടാന്‍ 'പരിമിതികളുണ്ട്'.


അദ്ദേഹം ആണെങ്കില്‍ വേണ്ട രീതിയില്‍ ക്രമീകരണങ്ങളിലേക്ക് എത്തുന്നുമില്ല. കൊടിക്കുന്നിലിനെ രാഹുല്‍ ജാഥയുടെ ചുമതല ഏല്‍പ്പിച്ചതുതന്നെ പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ പങ്കാളിത്തം യാത്രയ്ക്ക് ഉറപ്പിക്കുന്നതിനായിട്ടായിരുന്നു. പക്ഷേ കൊടിക്കുന്നിലും ആ വിഭാഗങ്ങളുമായുള്ള 'ആത്മബന്ധം' രാഹുലിനിതുവരെ മനസിലായിട്ടുമില്ല.


അതോടെ യാത്ര മുഴുവന്‍ എണ്ണപ്പെട്ട നേതാക്കളുടെ തള്ളിക്കയറ്റമായിരുന്നു. ചാണ്ടി ഉമ്മന്‍ വരെ മുന്‍നിരയിലെത്തി രാഹുലിനൊപ്പം നടക്കുന്ന സ്ഥിതിയായി, അതും തുരുവനന്തപുരത്ത്.


ആദ്യ ദിവസങ്ങളില്‍ എതിര്‍ നേതാവ് പറയുന്നതുപോലെ ആര്‍ക്കും എന്തു 'പിപ്പിടിയും' കാണിക്കാവുന്ന സ്ഥിതിയിലായിരുന്നു ഭാരത് ജോഡോ യാത്ര. കെ മുരളീധരനുപോലും സ്റ്റേജില്‍ സീറ്റില്ലാതെ നടുറോഡില്‍ കുത്തിയിരിക്കേണ്ടി വന്നു.

publive-image

ആരൊക്കെ പ്രസംഗിക്കണം, ഒപ്പം നടക്കണം, സ്റ്റേജില്‍ കയറണം എന്നതിലൊക്കെ ഇപ്പോഴും വ്യക്തതയില്ല. അതേസമയം യാത്ര കാണാനും അതിലണിചേരാനും പ്രവര്‍ത്തകരുടെയും നാട്ടുകാരുടെ പോലും വലിയ ആവേശത്തോടെയുള്ള സാന്നിധ്യം ഉണ്ടെന്നതില്‍ തര്‍ക്കമില്ല. അതാരും പറയാതെയും വാഹനം വിട്ടുനല്‍കാതെയും സംഘടിപ്പിക്കാതെയും സ്വാഭാവികമായി വന്നു ചേരുന്ന അണികളുമാണ്. യഥാര്‍ഥത്തില്‍ അങ്ങനെ വന്നുചേരുന്ന ജനമാണ് യാത്ര വിജയിപ്പിച്ചത്.


യാത്രയുടെ മുന്‍നിരയിലെ ഫോട്ടോ കണ്ടാല്‍ അത് ഏത് ജില്ലയിലൂടെയുള്ള യാത്രയാണെന്ന് പറയാന്‍ കഴിയണം. അങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെയൊക്കെ യാത്രകളുടെ ക്രമീകരണം.


പക്ഷേ ഭാരത് ജോഡോ യാത്രയുടെ ചിത്രം ഏതാണ്ടെല്ലാം ഒരേപോലെയാണ്. പക്ഷേ വൈകിയാണെങ്കിലും കാര്യങ്ങള്‍ മാറിതുടങ്ങിയിട്ടുണ്ട്. യാത്രയ്ക്ക് ജനപിന്തുണ ഏറുന്നുമുണ്ട്.

Advertisment