Advertisment

താന്‍ പാവയായിരിക്കില്ലെന്ന് നേതാക്കള്‍ക്ക് താക്കീതു നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട് വിവാദത്തില്‍ പരസ്യമായി വിഴുപ്പലക്കിയ നേതാക്കള്‍ക്കെതിരെ അച്ചടക്കത്തിന്‍റെ ചൂരല്‍ വീശി ലീഗ് അധ്യക്ഷന്‍. പരസ്പരം പോര്‍വിളിച്ച നേതാക്കളെ പാണക്കാട് വിളിച്ചു വരുത്തി താക്കീത് നല്‍കി. അധ്യക്ഷ പദവിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് സൂചന നല്‍കി നേതാക്കളെ ഞെട്ടിച്ച് സാദിഖലിയുടെ ഇടപെടല്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: മുസ്‌ളിംലീഗ് സംസ്ഥാന ഘടകത്തിലെ ചേരിപ്പോരിലിടപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചേരിതിരിവും ഭിന്നാഭിപ്രായങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സാദിഖലി നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് പാര്‍ട്ടി നേതാക്കളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ ശാസന.

പാര്‍ട്ടിക്ക് ഒറ്റനിലപാട് മാത്രമേ പാടുളളുവെന്നും നിലപാട് പുറത്തുപറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്നുമാണ് സാദിഖലി തങ്ങള്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നേതാക്കളെ നേരിട്ട് വിളിച്ചുവരുത്തിയും സാദിഖലി നിലപാട് അറിയിച്ചിട്ടുണ്ട്.

നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അണികള്‍ ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടാകരുതെന്നും താക്കീതിന്റെ സ്വരത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന് ശേഷം സാദിഖലി തങ്ങള്‍ സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്തതോടെ ലീഗില്‍ വിവിധ പ്രശ്‌നങ്ങളില്‍ നേതാക്കളുടെ ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്. ഇതും കര്‍ശന സ്വരത്തില്‍ ഇടപെടാന്‍ സാദിഖലി തങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്.


എന്നാല്‍ പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി - മുനീര്‍ വിഭാഗങ്ങള്‍ ഇത് ചെവിക്കൊളളുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും ലീഗില്‍ ഐക്യം പുലരുമോ എന്ന് പറയാനാവുക.


കോഴിക്കോട് ചേര്‍ന്ന മുസ്‌ളിം ലീഗ് സംസ്ഥാന കൗണ്‍സിലിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പാര്‍ട്ടിയിലെ ചേരിതിരിവിനെതിരെ കര്‍ശന നിലപാടെടുത്തത്. ഇത് പിന്നീട് നേതാക്കളെ പാണക്കാട് വിളിച്ചു വരുത്തിയും കര്‍ശന ഭാഷയില്‍ ആവര്‍ത്തിച്ചു. ഹൈദരലി തങ്ങളുടെ മരണത്തിനു ശേഷം നേതൃത്വത്തെ ഭയമില്ലെന്ന തരത്തില്‍ പുറത്തുവന്ന പെരുമാറ്റ ശൈലിയാണ് സാദിഖലിയെ പ്രകോപിപ്പിച്ചത്.

ഏതെങ്കിലും വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളില്‍ പറയണമെന്നാണ് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശം. പാര്‍ട്ടിയ്ക്കകത്തെ ചര്‍ച്ചയിലൂടെ ഏകാഭിപ്രായത്തില്‍ എത്തിയശേഷമേ പരസ്യ പ്രതികരണം പാടുളളു എന്നും നിര്‍ദ്ദേശിടച്ചിട്ടുണ്ട്.


കേന്ദ്രം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ ജനറല്‍ സെക്രട്ടറി പി.എം.എ സലാമും പ്രവര്‍ത്തക സമിതി അംഗം ഡോ.എം.കെ.മുനീറും വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തിയത് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.


നിരോധനത്തെ സ്വാഗതം ചെയ്ത എം.കെ.മുനീര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശന സമീപനം സ്വീകരിച്ചു. മുനീറിനെ തിരുത്തിയ ജനറല്‍ സെക്രട്ടറി പി.എം.എ സലാം നിരോധനത്തോട് ലീഗിന് യോജിപ്പില്ലെന്നും അതാണ് പാര്‍ട്ടി നിലപാടെന്നും വ്യക്തമാക്കി.

publive-image

നിരോധനത്തെ സ്വാഗതം ചെയ്ത മുനീര്‍ നിലപാട് തിരുത്തിയിട്ടുണ്ടെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ മുനീര്‍ രാവിലെയും വൈകിട്ടും അഭിപ്രായം മാറ്റുന്നവരല്ല ലീഗുകാരെന്നും താന്‍ ഒറ്റ ബാപ്പയ്ക്ക് ജനിച്ചവനാണെന്നും തിരിച്ചടിച്ചു.

ഇതോടെ പോപ്പുലര്‍ ഫ്രണ്ടിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയാണെന്നും ചേരിതിരിവുണ്ടെന്നും വാര്‍ത്ത പരന്നു. തീവ്ര സമീപനം പുലര്‍ത്തിപ്പോന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിക്കണമെന്ന കെ.എം. ഷാജിയുടെ പ്രസ്താവന കൂടിയായപ്പോള്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത കൂടുതല്‍ ശരിവെയ്ക്കപ്പെട്ടു.

തീവ്ര സമീപനം പുലര്‍ത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ച് പാര്‍ട്ടിയ്ക്കുളളില്‍ ചേരിതിരിവുണ്ടെന്ന് വന്നത് വലിയ നാണേേക്കടായി. ഇത് ലീഗിന്റെ മതേതര പ്രതിഛായയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലുമെത്തി.


ഇതോടെയാണ് ചേരിതിരിവും ഭിന്ന നിലപാടുകളിലൂടെ പരസ്യമായി ഏറ്റുമുട്ടു്ുന്നതിനും എതിരെ അച്ചടക്കത്തിന്റെ ചൂരല്‍വീശാന്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍ബന്ധിതമായത്.


പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സി.പി.എമ്മിനോടുളള മൃദുസമീപനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചാണ് എം.കെ.മുനീറും കെ.എം.ഷാജിയും പരസ്യ പ്രതികരണങ്ങളുമായി ആദ്യം രംഗത്ത് വന്നത്.

നിര്‍ണായകമായ രാഷ്ട്രീയ- സാമുദായിക വിഷയങ്ങളില്‍ പോലും മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും അയഞ്ഞ നിലപാടെടുക്കുന്ന കുഞ്ഞാലിക്കുട്ടി , പാര്‍ട്ടിയെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കുകയാണോ എന്നാണ് എതിര്‍ വിഭാഗത്തിന്റെ സംശയം. ഇതിന്റെ ഭാഗമായാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിലും മറ്റും മുനീറും ഷാജിയും സര്‍ക്കാരിനെ കടന്നാക്രമിച്ചത്.

Advertisment