Advertisment

ഭരണം കൈയില്‍ കിട്ടിയ ശിവസേന എല്ലാം തങ്ങളുടെ കൈയില്‍ ഭദ്രമെന്നു കരുതി ! കാലാവധി പൂര്‍ത്തിയാക്കാന്‍ ശിവസേനയെ ബി.ജെ.പി അനുവദിക്കില്ലെന്നും ഭരണം അട്ടിമറിക്കാന്‍ തന്ത്രങ്ങള്‍ മെനയുമെന്നും ശിവസേന ഒട്ടുമേ ചിന്തിച്ചതുമില്ല. പക്ഷെ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞു ! കരുക്കള്‍ നീക്കി. കാല്‍ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നത് ഉദ്ധവ് താക്കറെ അറിഞ്ഞതേയില്ല. ശിവസേനയെ തകര്‍ത്ത് ബി.ജെ.പിയുടെ തേരോട്ടം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഏക്‌നാഥ് ഷിന്‍ഡെ എന്ന കരുത്തന്‍ ശിവസേനാ നേതാവിനു മുന്നില്‍ അടിപതറുകയാണ് മഹാരാഷ്ട്രയിലെ ശിവസേന. സഹപ്രവര്‍ത്തകന്‍റെ കണിശമായ നീക്കങ്ങളില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കസേര ഇളകിയാടുന്നു. ശിവസേന നേതൃത്വം കൊടുക്കുന്ന മഹാമുന്നണി സര്‍ക്കാര്‍ ഏതു നിമിഷവും വീഴാവുന്ന നിലയില്‍.

വളരെ പ്രതീക്ഷയോടെ തന്നെയാണ് കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും കൂട്ടി മഹാ വികാസ് അഘാഡി എന്ന മുന്നണിയുണ്ടാക്കി ശിവസേന ബി.ജെ.പിയെ പുറത്തു നിര്‍ത്തി അധികാരത്തിലെത്തിയത് - 2019 ല്‍.

അതുവരെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പിയെ മാറ്റി നിര്‍ത്തി പുതിയ മഹാ മുന്നണി ഉണ്ടാക്കുകയായിരുന്നു ശിവസേന. ബി.ജെ.പിയുടെ കീഴില്‍ കഴിയാതെ ഭരണത്തിന്‍റെ തലപ്പത്തേയ്ക്കു നീങ്ങാനുള്ള ശ്രമം വിജയിച്ചപ്പോള്‍ ഞെട്ടി നിന്നത് ബി.ജെ.പി. കേന്ദ്ര ഭരണത്തിന്‍റെ ബലവും ശക്തിയുമൊന്നും അന്നു ശിവസേനയുടെ മുന്നില്‍ വിലപ്പോയില്ല.

ഇന്നിപ്പോള്‍ ബി.ജെ.പി ശിവസേനയോടു പകരം വീട്ടുകയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിന്‍റെ ഭരണം തിരികെ പിടിക്കാന്‍ അങ്ങേയറ്റം ഗൂഢമായ തന്ത്രങ്ങള്‍ തന്നെ പുറത്തെടുത്തുകൊണ്ട്. ആരോരുമറിയാതെ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ തകര്‍ക്കുക മാത്രമല്ല, ശിവസേനയുടെ അടിത്തറ ഇളക്കാനും ശ്രമിക്കുകയാണ്.

publive-image

ഉദ്ധവ് താക്കളെ കഴിഞ്ഞാല്‍ ശിവസേനയില്‍ ഏറ്റവും കരുത്തനാണ് ഷിന്‍ഡെ. പാര്‍ട്ടിയില്‍ പിന്തുണയും ഏറെ. ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായിരുന്നു ഷിന്‍ഡെയുടെ കൈയില്‍ - നഗരവികസന വകുപ്പും, പൊതുമരാമത്തും. മഹാമുന്നണി സര്‍ക്കാരില്‍ എന്തുകൊണ്ടും കരുത്തന്‍.

അങ്ങനെ കരുത്തരില്‍ കരുത്തനായ ഏക്‌നാഥ് ഷിന്‍ഡെയെ കൈയിലെടുക്കുകയായിരുന്നു ബി.ജി.പിയുടെ ആദ്യത്തെ തന്ത്രം. അതിനു നിയോഗിക്കപ്പെട്ടത് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. നേരത്തെ ഭരണത്തില്‍ ഒന്നിച്ചുണ്ടായിരുന്ന രണ്ടു പേരും അന്നേ അടുത്ത സൗഹൃദത്തിലായിരുന്നു.

രണ്ടു ചേരിയിലായിട്ടും ഇരുവരും സൗഹൃദം തുടരുകയും ചെയ്തു. കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായുള്ള ബന്ധത്തിലേയ്ക്കു മടങ്ങുക എന്ന ആവശ്യമാണ് ഷിന്‍ഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

publive-image

ഇവിടെ തെറ്റുപറ്റിയത് ശിവസേനാ നേതൃത്വത്തിനാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തന രീതിയില്‍ തീരെ തൃപ്തനായിരുന്നില്ല ഷിന്‍ഡെ. പ്രധാന കാര്യങ്ങളിലൊന്നും തന്നെ അടുപ്പിച്ചിരുന്നില്ലെന്ന പരിഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതൊക്കെ ഫഡ്‌നവിസ് അറിഞ്ഞുകൊണ്ടേയിരുന്നു. തക്കസമയം വന്നപ്പോള്‍ എല്ലാം ഫഡ്‌നവിസ് വിദഗ്ദ്ധമായി ഉപയോഗിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദം മഹാരാഷ്ട്രാ സര്‍ക്കാരിനു മേല്‍ എപ്പോഴുമുണ്ടായിരുന്നു. പല മന്ത്രിമാര്‍ക്കെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നീണ്ടു. എന്നാല്‍ ഒരേജന്‍സിയും ഷിന്‍ഡേയ്ക്കു നേരേ തിരിഞ്ഞതുമില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവം വലിയ ഒറ്റക്കക്ഷി എന്ന നിലയിലെത്തിയിട്ടും ബി.ജെ.പിക്കു ഭരണം കിട്ടിയില്ല. കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും കൂട്ടി ശിവസേന ബി.ജെ.പിയുടെ നീക്കങ്ങളെയൊക്കെയും അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തു.

ഭരണം കൈയില്‍ കിട്ടിയ ശിവസേന എല്ലാം തങ്ങളുടെ കൈയില്‍ ഭദ്രമെന്നു കരുതി ഭരണം ആഘോഷത്തോടെ നടത്തി. കാലാവധി പൂര്‍ത്തിയാക്കാന്‍ ശിവസേനയെ ബി.ജെ.പി അനുവദിക്കില്ലെന്നും ഭരണം അട്ടിമറിക്കാന്‍ തന്ത്രങ്ങള്‍ മെനയുമെന്നും ശിവസേന ഒട്ടുമേ ചിന്തിച്ചതുമില്ല. പക്ഷെ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞു. കരുക്കള്‍ നീക്കി. അടിപതറുന്നതും കാല്‍ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നതും ഉദ്ധവ് താക്കറെ അറിഞ്ഞതേയില്ല.

publive-image

ഷിന്‍ഡേ മാത്രമല്ല പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചത്. നല്ലൊരു പങ്ക് എം.എല്‍.എമാരും ഭരണത്തില്‍ അതൃപ്തരായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ കഴിയുന്നില്ലെന്ന് എം.എല്‍.എമാര്‍ തന്നെ പരാതി ഉയര്‍ത്തി. തീരുമാനമെടുക്കുന്നതില്‍ ആര്‍ക്കും പങ്കാളിത്തമില്ലെന്നായി. ശക്തരായ ശിവസേനയുടെ പാളയത്തില്‍ പടയൊരുക്കം നടത്താന്‍ ഷിന്‍ഡേ നടത്തിയ നീക്കങ്ങള്‍ എളുപ്പമായി.

മറാത്തികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ 1966 -ല്‍ രൂപം കൊണ്ട വലതുപക്ഷ സംഘടനയായ ശിവസേന പല രൂപമാറ്റങ്ങള്‍ക്കു ശേഷമാണ് ഭരണകക്ഷിയായത്. പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് രൂപാന്തരം പ്രാപിക്കാന്‍ ശിവസേനയ്ക്കായില്ല. ഹിന്ദു ദേശീയതയും പ്രാദേശിക വാദവുമൊക്കെ മുദ്രാവാക്യമാക്കി ബാല്‍ താക്കറെ വളര്‍ത്തിയെടുത്ത ശിവസേന ഇന്ന് കടുത്ത പ്രതിസന്ധിയില്‍. പിളര്‍പ്പിന്‍റെ വക്കില്‍.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രണ്ട് പ്രതിസന്ധികളാണ് ഇപ്പോള്‍ നേരിടുന്നത്. ഒന്ന് സര്‍ക്കാര്‍ തകര്‍ന്നു വീഴാന്‍ ഇനി ഏതാനും മണുക്കൂറുകള്‍ മതി. രണ്ടാമത് പാര്‍ട്ടിയും വല്ലാത്തൊരു തകര്‍ച്ചയുടെ വക്കില്‍.

ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇങ്ങനെയൊക്കെയാകാമോ എന്ന് ബി.ജെ.പിയോടു ചോദിക്കാനെളുപ്പം. പക്ഷെ ബി.ജെ.പി ഭരണം വ്യാപിപ്പിക്കാന്‍ എന്തു മാര്‍ഗവും നോക്കുമെന്ന കാര്യം ശിവസേനയ്ക്കും കോണ്‍ഗ്രസിനും എന്‍.സി.പിക്കും അറിയാമായിരുന്നില്ലേ എന്ന മറുചോദ്യം ബാക്കി.

-ചീഫ് എഡിറ്റര്‍

Advertisment