തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന തുറമുഖ സമരം നൂറു ദിവസം പിന്നിട്ടിരിക്കുന്നു. സമരം ഒത്തുതീര്‍പ്പാകുന്ന ലക്ഷണമൊന്നും കാണുന്നില്ല. സമര മാര്‍ഗങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ് സമരക്കാര്‍.
ലത്തീന്‍ കത്തോലിക്കാ സമുദായത്തിലെ തിരുവനന്തപുരം അതിരൂപതയാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഷപ്പുമാരും പുരോഹിതരുമെല്ലാം സമരരംഗത്തുണ്ട്. സമരം നൂറു ദിവസം പിന്നിട്ടിട്ടും പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആവേശത്തില്‍ തെല്ലും കുറവില്ല. സമരത്തിന്‍റെ ശക്തിയും വീര്യവും കൂടിയിട്ടേയുള്ളു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു വേണ്ടി സ്വന്തം സ്ഥലം വിട്ടുകൊടുത്ത ധാരാളം മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പ്രദേശത്തുണ്ട്. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ അനേകരാണ്. ഇവരുടെ കാര്യത്തില്‍ ഉദാരമായ സമീപനം കൈക്കൊള്ളുന്നതു സംബന്ധിച്ച് തുറമുഖകരാര്‍ രൂപീകരണ സമയത്തു തന്നെ രൂപതാ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടന്നതാണ്. തീരുമാനങ്ങളും എടുത്തിരുന്നു.
ഇതൊക്കെ നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ്. അന്ന് രൂപതയുടെ അധിപനായിരുന്ന ആര്‍ച്ച് ബിഷപ്പ് സൂസെ പാക്യം ഇടപെട്ടുതന്നെയായിരുന്നു ചര്‍ച്ച. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളൊക്കെയും പരിഹരിച്ച ശേഷമാണ് തുറമുഖ കരാര്‍ ഒപ്പുവെച്ചത്.
എങ്കിലും സ്ഥലവും വീടും നഷ്ടപ്പെട്ടവരില്‍ പകരം പാര്‍പ്പിടം കിട്ടാത്തവര്‍ അനേകരുണ്ട്. അവരൊക്കെയും ഗോഡൗണുകളിലും മറ്റും ദയനീയമായ ചുറ്റുപാടുകളിലാണു കഴിയുന്നത്. പാര്‍പ്പിടം കിട്ടുന്നതുവരെ വാടകയ്ക്കു വീടെടുത്തു താമസിക്കാന്‍ സര്‍ക്കാര്‍ ധനസഹായം വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയത്. ഇതില്‍ ഒന്നൊഴികെ എല്ലാ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. പക്ഷെ തുറമുഖത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെച്ച് തീരശോഷണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന ആവശ്യംകൂടി അംഗീകരിക്കാതെ സമരം നിര്‍ത്തില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.
തീരശോഷണം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷെ അതു ശാസ്ത്രിയമായി പഠിക്കാന്‍ തുറമുഖ നിര്‍മ്മാണം തന്നെ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെടുന്നത് അങ്ങനെയങ്ങ് അംഗീകരിക്കാനാവാത്തതും.
വിഴഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് അങ്ങ് അഞ്ചുതെങ്ങു വരെയുള്ള തീരത്ത് കര കടലെടുക്കുന്നതെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്. തുറമുഖ നിര്‍മ്മാണത്തിനു വളരെ മുമ്പുതന്നേ ഇതു സംബന്ധിച്ച് വിശദമായ ശാസ്ത്രീയ പഠനം നടന്നിരുന്നു. ഇത്രവലിയൊരു പദ്ധതി നടപ്പിലാക്കുമ്പോള്‍ നടത്തേണ്ട പാരിസ്ഥിതിക പഠനവവും മറ്റും കൃത്യമായി നടത്തിയിരുന്നു. അതിന്‍റെയൊക്കെ റിപ്പോര്‍ട്ടുകള്‍ വേണ്ടവണ്ണം പഠിച്ച ശേഷമാണ് തുറമുഖ നിര്‍മ്മാണത്തിന് അന്തിമാനുമതി ലഭിച്ചതെന്ന കാര്യവും പ്രധാനം തന്നെ.
വിഴിഞ്ഞം മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശത്ത് തീര ശോഷണം പതിവുതന്നെയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ആഭ്യന്തര ടെര്‍മിനലിലേക്കുള്ള പാതയുടെ ശംഖുമുഖം ഭാഗത്ത് തിര അടിച്ചു കയറി വലിയ ഗര്‍ത്തമുണ്ടായതും അടുത്ത കാലത്താണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പും ഇതുപോലെ പലപ്പോഴും കടലാക്രമണം ഉണ്ടായിട്ടുണ്ട്. തീരം ഇടിഞ്ഞു തകര്‍ന്നിട്ടുമുണ്ട്.
തിരുവനന്തപുരം എം.പി ഡോ. ശശി തരൂര്‍ അടുത്ത കാലത്ത് ഇതു സംബന്ധിച്ച് വിശദമായൊരു കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയിരുന്നു. തീരം എന്നത് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമാണെന്നും കാശ്മീരിലും മറ്റുമുള്ള അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതുപോലെ ഈ തീരവും സംരക്ഷിക്കണമെന്നും അതിന് കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു തരൂര്‍ ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ത്തന്നെയായിരുന്നു ശശി തരൂര്‍ ഇതുപോലെയൊരു കത്ത് കേന്ദ്ര സര്‍ക്കാരിനു നല്‍കിയത്.
തീരശോഷണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു. അതനുസരിച്ച് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും ചെയ്തു. അപ്പോഴും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന നിലപാടില്‍ സമരസമിതി ഉറച്ചു നിന്നു.
കേരളത്തിന്‍റെ ചരിത്രത്തില്‍ ഒട്ടുവളരെ സമരങ്ങള്‍ നടന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ത്ഥി-യുവജന സംഘടനകളും സമുദായ സംഘടനകളും സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നടത്തിയിട്ടുണ്ട്. വിമോചന സമരം മുതല്‍ വലുതും ചെറുതുമായ എത്രയെത്ര സമരങ്ങള്‍ ഐക്യ കേരളം കണ്ടിരിക്കുന്നു.
സമരം തുടങ്ങുന്നതിനു മുമ്പുതന്നെ അത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നും എങ്ങനെ അവസാനിപ്പിക്കണമെന്നും സംഘാടകര്‍ ഒരു ധാരണ നേരത്തേ തന്നെ ഉണ്ടാക്കിയിരിക്കണം.
വിഴിഞ്ഞം സമര സമിതി സമരത്തിനു പ്രധാന കാരണമായി ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് തുറമുഖ നിര്‍മ്മാണം തന്നെയാണ്. തുറമുഖ നിര്‍മ്മാണം മൂലം കുറെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കി.
എന്നാല്‍ സമരസമിതി ആവശ്യപ്പെടുന്നത് തുറമുഖ നിര്‍മ്മാണം തന്നെ നിര്‍ത്തവെയ്ക്കണമെന്നാണ്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമരക്കാര്‍ തടയുകയോ പ്രധാന ഗേറ്റില്‍ മാര്‍ഗ തടസം ഉണ്ടാക്കുകയോ ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
കേരളത്തിന്‍റെ സമഗ്രമായ പുരോഗതിക്കും വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം വളരെ ആവശ്യമാണ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഇത്ര വലിയൊരു തുറമുഖം നിര്‍മ്മിക്കുന്നത്. മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കുന്ന വലിയ തുറമുഖം. ലോകത്തെ വന്‍ തുറമുഖങ്ങളോടൊപ്പം ഇന്ത്യയ്ക്ക് ഉയര്‍ത്തികാട്ടാനാകുന്ന ഒരു വന്‍ തുറമുഖം. ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് തികച്ചും മൗഢ്യം തന്നെയാണ്