ദശകങ്ങളുടെ പഴക്കമുള്ള നമ്മുടെ ആരോഗ്യ മേഖലയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഒരുക്കിയാണ് ഡോ. വന്ദന എന്ന മാലാഖ പറന്നകന്നത്. കേരളത്തില്‍ ആരോഗ്യപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഒരുക്കാന്‍ രക്തസാക്ഷി ആവുകയായിരുന്നു ഡോ. വന്ദന. ആരോഗ്യ മേഖല പുതിയ ചരിത്രമെഴുതുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

ആശുപത്രികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിയമം. ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ആശുപത്രി സംരക്ഷണ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത് കാലോചിതമായ നടപടിയായി.

Advertisment

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് എന്ന ഹൗസ് സര്‍ജന്‍ അക്രമിയുടെ കുത്തേറ്റു മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ആശുപത്രികള്‍ക്കു പൊതുവായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടി നിയമം ഓര്‍ഡിനന്‍സായി അവതരിപ്പിച്ചത്. ആരോഗ്യവകുപ്പും നിയമവകുപ്പും ചേര്‍ന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങളും നിയമവശങ്ങളും വിശദമായി പഠിച്ച് ഓര്‍ഡിനന്‍സ് ഒരുക്കുകയായിരുന്നു.


ഡോക്ടര്‍മാരെയോ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഹൗസ് സര്‍ജന്‍മാരെയോ ആശുപത്രി ജീവനക്കാരെയോ ആശുപത്രിയിലോ മറ്റെവിടെയെങ്കിലുമോ ഔദ്യോഗിക ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ആരെങ്കിലും കൈയേറ്റം ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


ഇതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ ആറു മാസം തടവായിരിക്കും. അസഭ്യം പറയുക, അധിക്ഷേപിക്കുക തുടങ്ങിയ ചെറിയ കുറ്റങ്ങള്‍ക്ക് ജാമ്യം കിട്ടാവുന്ന വകുപ്പുകളും ചേര്‍ത്തിരിക്കുന്നു. ദീര്‍ഘകാലമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും സംഘടനകളും ആവശ്യപ്പെട്ടുപോന്നിരുന്ന കാര്യമാണിത്.

23കാരിയായ ഡോ. വന്ദനാ ദാസ് ആശുപത്രി ഡ്യൂട്ടിക്കിടെ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ആശുപത്രി സംരക്ഷണ നിയമം ഉടന്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. രാത്രി ആരോ കൊല്ലാന്‍ വരുന്നുവെന്നു പോലീസില്‍ വിളിച്ചറിയിച്ച സന്ദീപ് എന്ന സ്കൂള്‍ അധ്യാപകന്‍റെ മുറിവുകള്‍ പരിചരിക്കുകയായിരുന്ന ഡോ. വന്ദന ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരും പോലീസുകാരും അന്ന് ആക്രമിക്കപ്പെട്ടു. ലഹരിക്ക് അടിമയായിരുന്ന സന്ദീപ് ആക്രമണകാരിയാകുകയും മുന്നിലെത്തിയവരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അക്രമിയുടെ മുന്നില്‍ ഒറ്റപ്പെട്ടുപോയ ഡോ. വന്ദന കൊല്ലപ്പെടുകയും ചെയ്തു.

കുറെ കാലമായി കേരളത്തിലെവിടെയും ഡോക്ടര്‍മാരുടെ നേരെ വിവിധ തരത്തിലുള്ള ആക്രമണം പതിവായിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ രോഗിക്ക് മരണം സംഭവിക്കുന്നതാകും പലപ്പോഴും അക്രമത്തിനു കാരണം. കുറ്റകൃത്യങ്ങളിലോ ഗുണ്ടാ ആക്രമണങ്ങളിലോ പരിക്കേറ്റ് അസമയത്തും മറ്റും സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരും അവരോടൊപ്പമുള്ളവരും നിസാര കാര്യങ്ങള്‍ക്കുപോലും അക്രമത്തിനു മുതിരാറുണ്ട്. എന്തായാലും അക്രമത്തിനിരയാകുക ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ജീവനക്കാരുമാണ്.

publive-image


കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു വളരെ മുമ്പുതന്നെ, തിരുവിതാംകൂറില്‍ രാജഭരണം ആധുനിക ആശുപത്രികള്‍ സ്ഥാപിച്ചിരുന്നു. തിരുവനന്തപുരത്ത് രാജഭരണകാലത്തുതന്നെ ജനറല്‍ ആശുപത്രിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചത് 1951 -ലാണെന്നോര്‍ക്കണം. ഐക്യ കേരളവും ആദ്യത്തെ ജനകീയ സര്‍ക്കാരും വരുന്നതിന് എത്രയോ വര്‍ഷം മുമ്പ്.


തൈക്കാട് സ്വാതിതിരുനാള്‍ സംഗീത കോളജില്‍ മൂക്കിനു വെട്ടേറ്റ സര്‍ സിപി രാമസ്വാമി അയ്യര്‍ക്ക് ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം സര്‍ക്കാര്‍ ജനറല്‍ ആശുത്രിയിലായിരുന്നു. അന്ന് അനസ്തീഷ്യ വിഭാഗം വളര്‍ച്ചയെത്തിയിട്ടില്ലാതിരുന്നതിനാല്‍ വളരെ വേദനയുള്ളതായിരുന്നു ശസ്ത്രക്രിയ. ധീരനായ സര്‍ സിപി വേദന കടിച്ചുപിടിച്ച് സഹിച്ചുവെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്.

1957 -ലെ ഇഎംഎസ് സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം, ഭൂപരിഷ്കരണം എന്നീ മേഖലകള്‍ക്കു മുന്തിയ പ്രാധാന്യം കൊടുത്തു. പിന്നീടു വന്ന സര്‍ക്കാരുകളൊക്കെയും ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യമാണു നല്‍കിയത്. പെട്ടെന്നു തന്നെ അത് ലക്ഷ്യവും കണ്ടു. കേരളത്തിന്‍റെ പൊതു ആരോഗ്യസ്ഥിതി ദേശീയ ശരാശരിയേക്കാള്‍ മുമ്പിലായി. ആയുര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക് തുടങ്ങിയ പൊതുജനാരോഗ്യ സൂചികകളിലെല്ലാം കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി.

ആളോഹരി വരുമാനം കുറവാണെങ്കിലും ആരോഗ്യ സൂചികകളുടെ കാര്യത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളോടൊപ്പമെത്തിയ കേരളത്തിന്‍റെ വികസന മാതൃക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. അമര്‍ത്യസെന്‍ ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ധനതത്വ ശാസ്ത്രജ്ഞന്മാരൊക്കെയും കേരളത്തിന്‍റെ വികസന മാതൃകയെ ഇന്നും പുകഴ്ത്തുന്നു.

കേരളത്തിന്‍റെ ആരോഗ്യ പരിപാലനത്തില്‍ നമ്മുടെ സ്വകാര്യ - സര്‍ക്കാര്‍ ആശുപത്രികള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമെല്ലാം സുരക്ഷിതമായ ഇടമായിരിക്കണം. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം ഈ വഴിക്കുള്ള ഒരു വലിയ മുന്നേറ്റമായിരിക്കും.

Advertisment