അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നു ! തിങ്കളാഴ്ച യുപിയിലെ അവസാന ഘട്ടം പിന്നിട്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. ഇന്ധനവില ലിറ്ററിന് പത്തുരൂപ വരെ വര്‍ധിക്കും ! ക്രൂഡോയില്‍ വില കൂടുന്നത് തുടരുന്നതോടെ ഇന്ധന വില പ്രവചനാതീതം. ആനുപാതികമായി മറ്റു ചിലവുകളും കൂടും ! നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടം തിങ്കളാഴ്ച അവസാനിക്കുന്നതോടെ അടുത്തയാഴ്ച മുതല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ധനയ്ക്ക് എണ്ണ കമ്പനികള്‍ തയാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറിനു ശേഷം ഇന്ധന വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എണ്ണ വില വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിര്‍ണയ അവകാശം കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇത്രയും വലിയ കാലയളവില്‍ വില സ്ഥിരത തുടര്‍ന്നിട്ടില്ല. എന്നാല്‍ ഇക്കാലത്ത് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രൂഡോയില്‍ വില ബാരലിന് 75 ഡോളറിന് അടുത്തായിരുന്നതാണ് ഇപ്പോള്‍ 110 ഡോളറിലെത്തിയത്.

publive-image

രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് ഇന്ത്യയിലും ഇന്ധന വില ഉയര്‍ത്താന്‍ കമ്പനികള്‍ തയാറായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയുടെ സാധ്യതകളെ ബാധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വില വര്‍ധന മരവിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ രാജ്യാന്തര ക്രൂഡ് വില കണക്കിലെടുത്താല്‍ പെട്രോളിന് ലിറ്ററിന് എട്ടു രൂപയും ഡീസലിന് ലിറ്ററിന് ഏഴുരൂപയിലധികവും നഷ്ടം കമ്പനികള്‍ നേരിടുന്നുണ്ട്.

കമ്പനികളുടെ മാര്‍ജിന്‍ കൂടി കണക്കാക്കിയാല്‍ പെട്രോള്‍ വില ലിറ്ററിന് പത്ത് രൂപയും ഡീസലിന് ഒന്‍പത് രൂപയും വര്‍ധന വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും വലിയ വില വര്‍ധന നടപ്പിലാക്കാന്‍ കമ്പനികള്‍ തയാറാകില്ലെന്നാണ് സൂചന. പ്രതിദിനം അന്‍പത് പൈസ വീതം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് കൂട്ടാനാണ് ആലോചന.

അതിനിടെ റഷ്യ- ഉക്രെയിന്‍ യുദ്ധം എട്ടു ദിവസം പിന്നിട്ടതോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 113 ഡോളര്‍ കവിഞ്ഞു. 2014 ന് ശേഷം ഇതാദ്യമായാണ് ക്രൂഡ് വില ഇത്രയും ഉയരുന്നത്.

കഴിഞ്ഞ ദിവസം അമെരിക്ക കരുതല്‍ ശേഖരത്തില്‍ നിന്നും 60 ദശലക്ഷം ബാരല്‍ എണ്ണ പൊതു വിപണിയില്‍ എത്തിച്ചുവെങ്കിലും വില നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ മേല്‍ ചുമത്തിയ ഉപരോധം മൂലം ആഗോള തലത്തില്‍ എണ്ണ കൈമാറ്റത്തില്‍ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ക്രൂഡ് ഓയില്‍ വില 149 ഡോളര്‍ കടന്നപ്പോളും പണ്ട് ഇന്ത്യയില്‍ ഇന്ധനവില 80 രൂപ കടന്നിരുന്നില്ല.അന്നത്തെ സര്‍ക്കാരോ, ആ ധനസ്ഥിതിയോ അല്ല ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ സ്വഭാവികമായും സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കുന്നതാകും ഇന്ധനവില വര്‍ധനവെന്ന് ഉറപ്പാണ്.

ഇന്ധന വിലയ്ക്ക് ഒപ്പം ആനുപാതികമായി മറ്റു സാധനങ്ങളുടെ വിലയും കൂടുമെന്ന് ഉറപ്പാണ്. നിത്യോപയോഗ സാധനങ്ങളുടെ വില പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് ഉയരും.

Advertisment